pv-sindhu

ബംഗളൂരു: ബംഗളൂരുവിൽ നടക്കുന്ന എയ്റോ ഷോയിൽ വിമാനം പറത്താനായി ബാറ്റ്‌മിന്റൻ പിടിച്ച ആ കൈകളെത്തി. ഇന്ത്യയുടെ അഭിമാന കായികതാരം പി.വി സിന്ധുവാണ് ബംഗളൂരുവിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റ‌ഡിന്റെ തേജസ് എന്ന യുദ്ധ വിമാനം പറത്തിയത്.

ലോക വനിതാ ദിനത്തിന്റെ ഭാഗമായി എയ്റോ ഷോ നടത്തിയ പരിപാടിയിലായിരുന്നു പി.വി സിന്ധു വിമാനം പറത്തിയത്. തേജസ് എന്ന യുദ്ധവിമാനത്തിന്റെ കോ​-പൈലറ്റായിട്ടായിരുന്നു സിന്ധു എത്തിയത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി എയ്റോ ഷോയിൽ സ്ത്രീകളുടെ മുന്നേറ്റത്തെയും നേട്ടങ്ങളെയും പ്രതിനിധീകരിച്ച് വ്യോമസേനാ മേഖലയിലെ നിരവധി വനിതകളും വിമാനങ്ങൾ പറത്തിയിരുന്നു.

'ഈ വിമാനം പറത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു. ക്യാപ്‌റ്റ‌നാണ് വിമാനത്തിന്റെ എല്ലാ പ്രവർത്തനങ്ങൾ കാണിച്ചു തരികയും മറ്റ് കാര്യങ്ങൾ ചെയ്തതും. ഏകദേശം അഞ്ച് മിനിറ്റോളമാണ് പറക്കാൻ സാധിച്ചത്. ഇത് യാഥാർത്ഥ്യമാക്കി തന്നതിൽ ഡി.ആർ.ഡി.ഒയോട് നന്ദിയുണ്ട്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഇത്തരത്തിലൊരു അവസരം തന്നത് ഒരിക്കലും മറക്കില്ല' - സിന്ധു കൂട്ടിച്ചേർത്തു.

വനിതാദിനാഘോഷത്തിന്റെ ഭാഗമായി വ്യോമസേനാ മേഖലയിലെ സ്ത്രീകളുടെ മുന്നേറ്റങ്ങൾ കാണിച്ചുകൊണ്ട് വീഡിയോയും പുസ്തകവും പ്രകാശനം ചെയ്യുന്നുണ്ട്. ഫെബ്രുവരി 24വരെയാണ് ബംഗളൂരുവിൽ എയ്റോ ഷോ നടക്കുന്നത്.