ഐക്യകേരളത്തെക്കാൾ പ്രായമുണ്ട് നമ്മുടെ റവന്യു ഭരണ സംവിധാനത്തിന്. തിരു - കൊച്ചി, മദ്രാസ് പ്രസിഡന്റ്സിയുടെ ഭാഗമായിരുന്ന മലബാർ, സൗത്ത് കാനറയുടെ ഭാഗമായിരുന്ന ഇന്നത്തെ കാസർകോട് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരു- കൊച്ചി പ്രദേശത്തെ തിരുവനന്തപുരം ജില്ലയിൽ അഞ്ചുതെങ്ങ്, കൊല്ലം തങ്കശ്ശേരി, എറണാകുളം ഫോർട്ട്കൊച്ചി എന്നീ പ്രദേശങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ കീഴിലുളളവയായിരുന്നു. ഇവിടെയെല്ലാം വ്യത്യസ്തങ്ങളായ ഭൂസംബന്ധിയായ ഭരണക്രമവും ചട്ടങ്ങളുമായിരുന്നു നിലനിന്നിരുന്നത്. 1886 ഫെബ്രുവരി 24-ന് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ ട്രാവൻകൂർ സെറ്റിൽമെന്റ് വിളംബരം പുറപ്പെടുവിച്ചു. ഈ വിളംബരത്തിന്റെ സ്മരണാർത്ഥമാണ് എല്ലാവർഷവും ഫെബ്രുവരി 24-ന് സംസ്ഥാനത്ത് റവന്യൂ ദിനം ആചരിക്കുന്നത്.
സർക്കാരിന്റെ 1000 ദിനങ്ങൾ പൂർത്തിയാകുന്ന വേളയിൽ റവന്യൂഓഫീസുകളെ ജനോപകാരപ്രദവും ജനസൗഹാർദ്ദപരമാക്കി എന്ന് പറയാനാകും. വിവിധ ഇനങ്ങളിലായി ഇതുവരെ 1,03,361 പട്ടയങ്ങൾ വിതരണം ചെയ്തു. ഫെബ്രുവരി അവസാനത്തോടെ 3000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. കൈവശക്കാർക്ക് വിതരണം ചെയ്യാൻ കേന്ദ്ര ഗവൺമെന്റിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയിൽ അവശേഷിക്കുന്നവർക്ക് ഉടൻ പട്ടയം നൽകാൻ സത്വര നടപടി സ്വീകരിച്ചു. 1.1.1977-നു മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്ന പട്ടികവർഗക്കാർക്ക്
ആർ.ഒ.ആർ നൽകുന്ന നടപടി അവസാനിപ്പിച്ച് അപ്രകാരം ഭൂമി കൈവശം വച്ചിരിക്കുന്ന പട്ടികവർഗക്കാർക്കും പട്ടയം തന്നെ നൽകാൻ ഉത്തരവായി. കേരള ഭൂപരിഷ്കരണ ആക്റ്റിലെ വകുപ്പ് 7 ഇ പ്രകാരം നാല് ഏക്കർ വരെ ഭൂമി പതിച്ചു കിട്ടാൻ അപേക്ഷ സമർപ്പിക്കാനുളള കാലാവധി രണ്ടുവർഷം കൂടി ദീർഘിപ്പിച്ചു. ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ ലഭിക്കാൻ അപേക്ഷ നൽകാനുള്ള കാലാവധി 26.01.2018 വരെ നീട്ടിനൽകി സർവീസ് ഇനാം ഭൂമിയുടെ കൈവശക്കാർക്ക് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നൽകാനുളള കാലാവധി നീട്ടി. ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യത്തിന് അംഗീകാരം നൽകി.
കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചുകിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചുകിട്ടിയാലും അത് എല്ലാതരം ബാങ്കുകളിലും ഈടുവച്ച് ലോൺ എടുക്കുന്നതിനും മറ്റും ഉതകുന്നതരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 1964-ലെ ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയ ഭൂമിയിൽ കൃഷിക്കാർ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുളള മരങ്ങളുടെ അവകാശം കൃഷിക്കാർക്കു തന്നെ ലഭിക്കുന്നതരത്തിൽ ചട്ടങ്ങൾ ഭേദഗതി വരുത്തി. തിരുവനന്തപുരത്ത് തുമ്പയിൽ വി.എസ്.എസ്.സിക്കുവേണ്ടി ഭൂമി നൽകിയവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക ഉത്തരവ് പ്രകാരം ഭൂമി നൽകി, കാലങ്ങൾ കൊണ്ട് നിലനിന്നിരുന്ന ആവശ്യത്തിനു പരിഹാരമായി.
മൂന്നാറിന് പ്രത്യേക പരിഗണന നൽകി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിറുത്താൻ ക്രിയാത്മക ഇടപെടൽ നടത്തി. അനധികൃത നിർമ്മാണങ്ങൾക്ക് കടിഞ്ഞാണിട്ടു. നീലക്കുറിഞ്ഞിമലകളുടെ സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ചു. വിവിധ ജില്ലകളിലായി 1700.69 ഹെക്ടർ ഭൂമി എസ്ചീറ്റ് ഭൂമിയായി സർക്കാർ ഏറ്റെടുത്തു. ലാന്റ് റവന്യൂ മാന്വൽന്റെ ആറാം വാല്യമായ വില്ലേജ് ഓഫീസ് മാന്വൽ പരിഷ്കരിച്ച് പ്രാബല്യത്തിലാക്കി. 31 വർഷമായി നിലനിന്നിരുന്ന മാന്വൽ പരിഷ്കരണത്തിലൂടെ നിർണായക ചുവടുവയ്പാണ് നടത്തിയത്. ലാൻഡ് റവന്യൂ മാന്വൽ പരിഷ്കരണം അന്തിമഘട്ടത്തിലാണ്.
605 കേസുകളിലായി 203 ഹെക്ടർ സർക്കാർ ഭൂമി കൈയ്യേറ്റക്കാരിൽ നിന്നു ഒഴിപ്പിച്ചെടുത്തു. റവന്യൂ വിജിലൻസ് വിംഗിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. റീസർവെ സംബന്ധിച്ച പരാതി തീർപ്പാക്കാൻ ചട്ടഭേദഗതി വരുത്തി. ഉദ്യോഗസ്ഥതലത്തിൽ തട്ടുകളുടെ എണ്ണത്തിൽ കുറവു വരുത്തി. 24 മുതൽ 32 വരെ ഉണ്ടായിരുന്ന തട്ടുകൾ നാലാക്കി കുറച്ചു. ഒറ്റത്തവണ കെട്ടിടനികുതി പരിഷ്കരണം. ആഢംബര നികുതി സ്ലാബ് അടിസ്ഥാനത്തിൽ പുതുക്കി നിർണയിക്കാൻ നിയമ ഭേദഗതി തയ്യാറാക്കി . അപ്പാർട്ട്മെന്റ് /ഫ്ളാറ്റുകളുടെ കെട്ടിടനികുതി നിർണയത്തിന് മാനദണ്ഡം നിശ്ചയിച്ചു.
ആധുനികവത്കരണം ; വേഗത കൂടി
വകുപ്പിനെ വിവരസാങ്കേതിക - വിനിമയ വിദ്യയുടെ സഹായത്തോടെ ആധുനികവത്കരിച്ചു. ആറു മാസത്തിനുളളിൽ പൂർണതയിലെത്തും. ഇ-ഗവേണൻസ് വ്യാപകമാക്കി. ഇ-ഓഫീസ് സംവിധാനം ശക്തിപ്പെടുത്തി. റവന്യൂവകുപ്പ് പൊതുജനങ്ങൾക്ക് നൽകിവരുന്ന സർട്ടിഫിക്കറ്റുകൾ നിലവിൽ ഇ - ഡിസ്ട്രിക്ട് പദ്ധതി മുഖേന ഓൺലൈനായി നൽകിവരുന്നുണ്ട്. 1664 വില്ലേജുകളിലും സാമ്പത്തിക ബാധ്യത ഇല്ലാതെതന്നെ ഇപോസ് മെഷീനുകൾ സ്ഥാപിച്ച് കാർഡ് മുഖേനെ നികുതി സ്വീകരിക്കുന്ന രീതി ഉടൻ പ്രാബല്യത്തിൽ വരുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ആയത് നടപ്പിലാക്കുന്നതിനോടൊപ്പം പണമായും നികുതി സ്വീകരിക്കുന്ന രീതി നിലനിറുത്തും. റിക്കാർഡ് ഡിജിറ്റലൈസേഷൻ അവസാനഘട്ടത്തിലാണ്. റവന്യൂ ചരിത്രത്തിൽ നാഴികക്കല്ലാണിത്.
ഡിജിറ്റൽ സർവെ
മുഴുവൻ ഭൂവിവരങ്ങൾ ഭൂമിയുടെ യഥാർത്ഥ അവസ്ഥ ജിയോ സ്പേഷ്യൽ കോർഡിനേറ്റ്സ് ഉപയോഗിച്ച് സർവെ ചെയ്ത് റവന്യൂ , സർവെ , രജിസ്ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഭൂസംബന്ധമായ രേഖകൾ വെബ് അധിഷ്ഠിതമായി ഏകോപിപ്പിക്കും.14 കളക്ടറേറ്റുകളേയും ഇ-ഓഫീസ് ശൃംഖലയിലേക്ക് ബന്ധിപ്പിക്കാൻ നടപടി തുടങ്ങി.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൂടുതൽ ശക്തമാക്കുന്നതിന് ഭേദഗതി ആക്ട് കൊണ്ടുവന്നു. അവശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ ക്രിയാത്മക നടപടികൾക്ക് വ്യവസ്ഥചെയ്തു. നെൽവയൽ - തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഡേറ്റാ ബാങ്ക് സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിക്കാൻ ചട്ടങ്ങളിൽ ഭേദഗതിവരുത്തി. അപേക്ഷ സമർപ്പിക്കാൻ ആറുമാസത്തെ സമയം അനുവദിച്ചു.
പരിഗണനയിലുള്ള നിയമ നിർമ്മാണങ്ങൾ
ലാൻഡ് ഗ്രാബിംഗ് പ്രൊഹിബിഷൻ ബിൽ
കേരള മെറ്റൽസ് ആൻഡ് മിനറൽസ് വെസ്റ്റിംഗ് ബിൽ
കേരള അഗ്രിക്കൾച്ചറൽ ലാൻഡ് ലീസിംഗ് ബിൽ
ബിൽഡിംഗ് ടാക്സ് ഭേദഗതി ബിൽ
കെട്ടിടങ്ങളുടെ ആഡംബര നികുതി സ്ലാബ് സമ്പ്രദായത്തിൽ ആക്കുന്നതിനുളള വ്യവസ്ഥകൾ ഉൾക്കൊളളിച്ചുകൊണ്ടുളള ബിൽ
കേരള ഭൂപരിഷ്കരണ (ഭേദഗതി) ബിൽ
കേരള റെന്റ് കൺട്രോൾ ബിൽ
യൂണിക് തണ്ടപ്പേർ
ഓരോപൗരനും സംസ്ഥാനം മുഴുവൻ ബാധകമാകുന്ന രീതിയിൽ ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ എന്ന ആശയം നടപ്പിലാക്കാൻ നടപടികൾ നടന്നുവരുന്നു. ഈ സംവിധാനം നടപ്പിൽ വരുന്നതോടെ ഓരോ പൗരന്റെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട വസ്തുക്കൾ ഒരേ തണ്ടപ്പേരിൽ ഉൾക്കൊളളിക്കാനും പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയും. ഈ സംവിധാനം നടപ്പിൽ വരുന്നതോടുകൂടി ലാന്റ് റവന്യൂ വകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദിയാകും. കേരള ലാൻഡ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് ആക്ട്. വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി ഒരു സമഗ്രനയം രൂപീകരിക്കാനുള്ള കേരള ലാൻഡ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് ആക്ട് നടപ്പിലാക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ആർ.എം.ഒ കേരള ദുരന്ത നിവാരണം
'ഓഖി" ദുരന്ത കാലത്ത് അഭൂതപൂർവമായ രക്ഷാപ്രവർത്തനങ്ങളും സമാശ്വാസ നടപടികളുമാണ് ദുരന്ത നിവാരണ രംഗത്ത് നടപ്പാക്കിയത്. വരൾച്ച കാലത്ത് വൻതോതിലുളള കുടിവെളള വിതരണവും, മനുഷ്യരുടെയും കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനായുളള നടപടികളും സ്വീകരിക്കുകയുണ്ടായി.
റവന്യൂവകുപ്പിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവും ജനസൗഹൃദപരവും ആക്കാൻ ഈ നടപടികൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട് എന്നാണ് ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നത്. ഈ ജനകീയ അംഗീകാരമാണ് മുന്നോട്ടുപോകാനുളള ഏറ്റവും വലിയ പ്രചോദനം.