trump

വാഷിംഗ്ടൺ : പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടാവസ്ഥയിലാണെന്നും ശക്തമായ തിരിച്ചടി ഇന്ത്യ ലക്ഷ്യമിടുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പുൽവാമ ആക്രമണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാശ്‌മീരിൽ സ്ഥിതി വളരെ അപകടകരമാണെന്ന് പറഞ്ഞ ട്രംപ്, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായി പ്രതികരിക്കാനുള്ള സാദ്ധ്യത പരാമർശിച്ചു. വളരെ ശക്തമായ ചില കാര്യങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. ഇപ്പോൾ ഒരാക്രമണത്തിൽ അൻപതോളം പേരെ ഇന്ത്യയ്ക്കു നഷ്ടമായി. തനിക്ക് അത് മനസിലാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. നിരവധി പേർ അവിടെ കൊല്ലപ്പെട്ടു, ഇരുരാജ്യങ്ങളുമായും

അമേരിക്ക ചർച്ച നടത്തുന്നുണ്ട്. ഞങ്ങൾ മാത്രമല്ല മറ്റു പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ അവിടെ ഇപ്പോൾ സന്തുലനം ഏത് നിമിഷവും ഇല്ലാതാകുന്ന തരത്തിൽ വളരെ ലോലമാണ് സ്ഥിതി. ഇപ്പോഴത്തെ സംഭവം ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിൽ നിരവധി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വളരെ ഭയാനകമായ അവസ്ഥയാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളത്. വളരെ മോശമാണ് കാര്യങ്ങൾ. വളരെ അപകടകരവുമാണത്. അത് അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

പാകിസ്ഥാന് അമേരിക്ക നൽകിവന്ന 130കോടി ഡോളറിന്റെ ധനസഹായം ഞാൻ നിറുത്തിവച്ചു. മുൻ പ്രസിഡന്റ്മാരുടെ കാലത്ത് പാകിസ്ഥാൻ അമേരിക്കയെ വല്ലാതെ മുതലെടുക്കുകയായിരുന്നു. എന്നിട്ടും പാകിസ്ഥാൻ വേണ്ട പോലെ അമേരിക്കയെ സഹായിച്ചില്ല. അതുകൊണ്ടാണ് ഞാൻ ധനസഹായം നിറുത്തിയത്. എങ്കിലും പാകിസ്ഥാനുമായി അമേരിക്കയ്‌ക്ക് നല്ല ബന്ധമുണ്ട്. പാകിസ്ഥാനുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.

അതിനിടെ, അമേരിക്കയിലെ ഇന്ത്യക്കാർ ന്യൂയോർക്കിലെ പാകിസ്ഥാൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.