india

വിശാഖപട്ടണം: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി- 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും.രാത്രി 7 മുതലാണ് മത്സരം.ചരിത്രത്തിലെ തന്നെ ഏറ്രവും വിജയകരമായ ആസ്ട്രേലിയൻ പര്യടനത്തിന് ശേഷമാണ് ഇന്ത്യൻ ടീം കംഗാരുപ്പടയെ സ്വന്തം നാട്ടിൽ നേരിടുന്നത്. കഴിഞ്ഞ നവംബറിൽ ആസ്ട്രേലിയയിൽ നടന്ന ട്വന്റി-20 പരമ്പര സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് നടന്ന ടെസ്റ്റ്, ഏകദിന പരമ്പര സ്വന്തമാക്കി നെഞ്ചും വിരിച്ചാണ് ഇന്ത്യ ആസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. എന്നാൽ തുടർന്ന് നടന്ന ന്യൂസിലൻഡ് പര്യടനത്തിൽ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.അതിൽ നിന്നൊരു തിരിച്ചുവരവുകൂടിയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. മറുവശത്ത് ആഭ്യന്തര ലീഗായ ബീഗ് ബാഷിന് ശേഷമാണ് ഓസീസ് താരങ്ങൾ ഇന്ത്യയിൽ കളിക്കാനിറങ്ങുന്നത്. സ്വന്തം നാട്ടിലേറ്റ തിരിച്ചടികൾക്ക് പകരം വീട്ടുകയെന്ന ലക്ഷ്യവും ഓസീസ് താരങ്ങൾക്കുണ്ട്.ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇരുടീമുകൾക്കും മികച്ച മുന്നൊരുക്കമാണ് ഈ ട്വന്റി-20 ഏകദിന പരമ്പരകൾ.

കച്ചകെട്ടി ഇന്ത്യ

വിശ്രമത്തിലായിരുന്ന നായകൻ വിരാട് കൊഹ്‌ലിയും പേസർ ജസ്പ്രീത് ബുംരയും തിരിച്ചെത്തിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ആസ്ട്രേലിയൻ പര്യടനത്തിൽ തിളങ്ങിയ യൂസ്‌വേന്ദ്ര ചഹൽ ടീമിൽ ഇടം നേടിയേക്കും. മദ്ധ്യനിരയിൽ ദിനേഷ് കാർത്തിക്കും ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി ടീമിൽ തിരിച്ചെത്തിയ കെ.എൽ. രാഹുലും തമ്മിലാണ് അവസാന ഇലവനിൽ ഇടം നേടാനുള്ള പ്രധാനമത്സരം. പരിക്കേറ്റതിനാൽ ഹാർദ്ദിക് പാണ്ഡ്യയുടെ സേവനം ഇന്ത്യയ്ക്ക് കിട്ടില്ല. ആദ്യ മത്സരമായതിനാൽ പരിചയ സമ്പന്നരായ ബൗളർമാർക്ക് അവസരം നൽകാൻ തീരുമാനിച്ചാൽ സിദ്ധാർത്ഥ് കൗളും മായങ്ക് മാർക്കണ്ഡേയും പുറത്തിരിക്കേണ്ടി വന്നേക്കാം.

സാധ്യതാ ടീം: ധവാൻ, രോഹിത്, വിരാട്, കാർത്തിക് | രാഹുൽ,​ ധോണി,​ പന്ത്,​ ശങ്കർ,​ ക്രുനാൽ,​ ഉമേഷ്,​ ചഹൽ,​ ബംറ.

തിരിച്ചടിക്കാൻ ഓസീസ്

മുറിവേറ്ര സിംഹം ആയ ഓസീസ് അതിനാൽതന്നെ ഏറെ അപകടകാരികളും ആയേക്കാം. ബിഗ്ബാഷ് ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഡി ആർക്കി ഷോർട്ടുൾപ്പെടെ മികച്ച ടീമാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ പടയൊരുക്കം നടത്തുന്നത്. പരിക്കേറ്ര പേസർ മിച്ചൽ സ്റ്രാർക്കിന് പകരം ബിഗ് ബാഷ് ലീഗിൽ ഏറ്രവും കൂടുതൽ വിക്കറ്ര് വീഴ്ത്തിയ കേൻ റിച്ചാർഡ്സണിനായിരിക്കും ബോളിംഗ് ആക്രമണത്തിന് നേതൃത്വം നൽകുക. ഇന്ന് പാറ്ര് കുമ്മിൻസിന് അവസരം ലഭിച്ചാൽ രണ്ട് വർഷത്തിന് ശേഷം ആസ്ട്രേലിയൻ ജേഴ്സിയിൽ അദ്ദേഹം കളിക്കുന്ന ആദ്യ മത്സരം ആകും ഇത്.

സാധ്യതാ ടീം: ഫിഞ്ച്,​ ഷോട്ട്,​ ഹാൻഡ്സ്കോമ്പ്,​ സ്റ്റോയിനിസ്,​ മാക്സ്‌വെൽ,​ ടർണർ,​ കാരെ,​ കോൾട്ടർനിൽ,​ കുമ്മിൻസ്,​ സാംപ,​ റിച്ചാർഡ്സൺ.