തവളയുടേതാണോ വായ എന്ന് തമാശയ്ക്കായിപ്പോലും ചോദിക്കാറില്ലേ... അപ്പോൾ തവളയുടെ വായയുള്ള ഒരു പക്ഷിയുണ്ടെന്ന് കേട്ടാലോ... നൈറ്റ് ജാർസുമായി ബന്ധമുള്ള നിശാപ്പക്ഷിയെയാണ് തവളവായ പക്ഷി എന്ന് വിളിയ്ക്കുന്നത്. തവളയുടേതുപോലുള്ള വിസ്താരമേറിയ വായും ഇരപിടിക്കാൻ പോന്ന പേപ്പർ പോലുള്ള നീണ്ട നാവും ഉള്ളതുകൊണ്ടാണ് 'തവളവായ"എന്ന വിചിത്രമായ പേര് ഇവയ്ക്ക് കിട്ടിയത്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്.
തീർന്നില്ല, തവളവായപ്പക്ഷിയുടെ പ്രത്യേകതകൾ. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന തവളവായപക്ഷിയ്ക്ക് രാത്രിയിൽ ഉറക്കെ പാടാനുള്ള കഴിവുണ്ട്. പ്രത്യേക രീതിയിൽ അലറി ചിരിക്കുവാനും കഴിയും! ആകൃതിയിൽ മൂങ്ങയുമായി രൂപസാദൃശ്യം പുലർത്തുന്ന ഈ പക്ഷികൾക്ക് ഏതാണ്ട് ഒമ്പത് ഇഞ്ച് മുതൽ 21ഇഞ്ച് വരെ നീളമുണ്ടായിരിക്കും. പകൽ നേരങ്ങളിൽ മരക്കൊമ്പുകളാണ് ഇവയുടെ വിശ്രമകേന്ദ്രം.
പ്രായപൂർത്തിയാകുന്നതോടെ ഇണചേരുന്ന ഇവർ കൂടുണ്ടാക്കുന്നതിൽ മടിയന്മാരാണ്. മരക്കൊമ്പിന്റെ ഇടുക്കിൽ മുട്ടയിടുന്ന പതിവാണ് ഉള്ളത്. പൊതുവെ മടിയന്മാരാണെങ്കിലും കുഞ്ഞിന്റെ സംരക്ഷണകാര്യത്തിൽ ഇവർ ലിംഗസമത്വം പാലിക്കാറുണ്ട്. രാത്രികാലങ്ങളിൽ പെൺകിളി അടയിരിക്കുന്നുവെങ്കിൽ പകൽ ആൺകിളിയാണ് അടയിരിക്കുന്നത്.