ആക്രമണകാരികളായ ജീവികളിൽ ഏറെ പേരുകേട്ട ജീവി വർഗമാണ് മുതലകൾ. പക്ഷേ, മുതലകളുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്നവരുണ്ട്. ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ ബസൂലയെന്ന ഗ്രാമത്തിലുള്ളവരാണ് മുതലപ്രേമത്തിന് പേരുകേട്ടത്.
നൂറിലധികം മുതലകളുള്ള തടാകത്തിന് സമീപമാണ് ബസൂല ഗ്രാമം സ്ഥിതി ചെയ്യുന്നത്. മുതലകളുള്ള കുളത്തിൽ നിന്ന് വെള്ളമെടുക്കുന്നതിനോ നീന്തുന്നതിനോ ഇവിടത്തെ കുട്ടികൾ ഉൾപ്പടെയുള്ളവർക്കും പേടിയില്ല. ഈ ഗ്രാമത്തിലെ ആരെയും ഇന്നുവരെയും മുതല ആക്രമിച്ചിട്ടില്ലത്രെ! മാത്രമല്ല, മുതലകളുടെ സംരക്ഷണത്തിനായി എല്ലാം ചെയ്തുകൊടുക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നുണ്ട് ഇവർ. മുതലകളുടെ ഈ സൗഹാർദ്ദമനോഭാവം കാരണം ഇവിടത്തെ തടാകം സന്ദർശിക്കുന്നതിന് നിരവധിപേർ ഇവിടെയെത്താറുണ്ട്.
പൊതുവെ നനവുള്ള സ്ഥലങ്ങളിലാണ് മുതലകളെ കാണാറുള്ളതെങ്കിലും വരണ്ട പ്രദേശമായ ബസൂലയിൽ കാണപ്പെടുന്നതിനാൽ ഇവയെ മരുഭൂമി മുതലകൾ എന്നും വിളിക്കാറുണ്ട്. പതിനായിരം വർഷങ്ങൾക്കുമുമ്പ് തന്നെ ഇവയുടെ പൂർവികർ ഇവിടത്തെ വരണ്ട കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ഇവിടെ താമസമാക്കിയതായാണ് പറയപ്പെടുന്നത്. ബസൂലയെ കൂടാതെ ബുർക്കിനോ ഫാസോയിലെ തന്നെ പൂഗയെന്ന ഗ്രാമത്തിലെ ജനങ്ങളും മുതലകളെ ആരാധിക്കാറുണ്ട്.