കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ തമസ്കരിക്കാനാവാത്ത സ്മാരകങ്ങൾ സമ്മാനിച്ച കർമയോഗിയാണ് മന്നത്ത് പത്മനാഭൻ. സമുദായപരിഷ്കർത്താവും സാമൂഹികവിപ്ലവത്തിന്റെ ചാലകശക്തിയുമായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയപ്രസ്ഥാനം ഉയർത്തിപ്പിടിച്ച 'ക്ഷേമരാജ്യം" എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ ആദ്യന്തം യത്നിച്ച നവോത്ഥാനനായകരിൽ പ്രമുഖനാണ് മന്നത്തുപത്മനാഭൻ. ആധുനിക കേരളസമൂഹത്തിന്റെ സൃഷ്ടിയിൽ നിർണായക പങ്കുവഹിക്കുകയും ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് കാരണഭൂതനായിത്തീരുകയും ചെയ്ത അദ്ദേഹം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം ഗതിമാറ്റിവിടുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. സ്വന്തം സമുദായത്തിന്റെ നവീകരണത്തിനും പുരോഗതിക്കുമൊപ്പം ഇതരസമുദായങ്ങളുടെ താത്പര്യസംരക്ഷണത്തിനും രാജ്യശ്രേയസിനും വേണ്ടി നിതാന്ത ജാഗ്രതപുലർത്തിയ മന്നം രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി സമുദായതാത്പര്യങ്ങളെ ബലികൊടുക്കാനോ സമുദായസംഘടനയെ ചൂഷണം ചെയ്യാനോ മുതിർന്നില്ല. സർവസമുദായങ്ങളും സൗഹാർദ്ദത്തോടെ സഹകരിച്ചും സഹായിച്ചും സ്നേഹിച്ചും കഴിയുന്ന കേരളമാണ് മന്നം സ്വപ്നം കണ്ടത്.
ഗോപാലകൃഷ്ണഗോഖലെ 1905-ൽ രൂപം നൽകിയ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ നായർ സമുദായ ഭൃത്യജനസംഘം എന്ന പേരിലാണ് മന്നം നായർ സർവീസ് സൊസൈറ്റിക്ക് രൂപം നൽകിയത്. 1914 ഒക്ടോബർ 31-ന് മന്നത്തു ഭവനത്തിന്റെ പൂമുഖത്ത് മന്നത്ത് പാർവതിയമ്മ കൊളുത്തിവച്ച നിലവിളക്കിനു മുന്നിൽ മന്നവും കേളപ്പജിയു മുൾപ്പെടെയുള്ള പതിനാല് യുവാക്കൾ സമുദായക്ഷേമത്തിനുവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് സംഘം പ്രവർത്തനമാരംഭിച്ചത്. സത്യവാചകത്തിലെ അടുത്ത വാക്യം ഇതാണ് അങ്ങനെയുള്ള പരിശ്രമങ്ങളിൽ ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല.
ആധുനിക കേരള ചരിത്രവും നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രവും പരസ്പരപൂരകമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്ന കാലഘട്ടത്തിൽ നിന്ന് നായർ സമുദായത്തെ മോചിപ്പിക്കാനും പുതിയ സമൂഹസൃഷ്ടിക്ക് തുടക്കംകുറിക്കാനും കഴിഞ്ഞതാണ് മന്നത്തു പത്മനാഭനെ സമുദായാചാര്യനാക്കിയത്. സാമൂഹിക നവോത്ഥാനത്തിനും സമുദായപുരോഗതിക്കും രാജ്യശ്രേയസിനും അദ്ദേഹം തുല്യപ്രാധാന്യം നൽകി. അത് കേരള സമൂഹത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് ആക്കം കൂട്ടി.
തീണ്ടലും തൊടീലുംകൊണ്ട് ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിൽ മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ നടത്തിയ അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉൽപ്പതിഷ്ണുവായിരുന്നു മന്നത്തു പത്മനാഭൻ. തന്റെ പേരിനൊപ്പമുള്ള വാലുമുറിച്ചാണ് അദ്ദേഹം പ്രതിബദ്ധത വ്യക്തമാക്കിയത്. സമുദായത്തിനുള്ളിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വവും അവകാശവും അതതു സമുദായങ്ങൾക്കാണെന്ന് വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ലളിതജീവിതം ജീവിതവ്രതമാക്കിയ അദ്ദേഹം നായർ സമുദായത്തിൽ അക്കാലത്ത് നിലനിന്നിരുന്ന ദായക്രമങ്ങൾ, മരുമക്കത്തായം, അമിതവ്യയ ഹേതുക്കളായ ആഘോഷങ്ങൾ, ആർഭാടം, അനാചാരങ്ങൾ, സംബന്ധം, ഉൾപ്പെടെയുള്ള ചൂഷണങ്ങൾ എന്നിവയ്ക്കെതിരെ സമുദായാംഗങ്ങളുടെ ശ്രദ്ധയുണർത്തുകയും അവ നിർമാർജനം ചെയ്യാൻ നേതൃത്വം നൽകുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി 1924-ൽ തിരുവനന്തപുരത്തേക്ക് അദ്ദേഹം നയിച്ച സവർണ കാൽനടജാഥ പാർശ്വവത്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം പിന്നാക്ക സമുദായങ്ങളുടെ ന്യായമായ അവകാശവും വിശ്വാസവും സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. അവർണർക്ക് വഴിനടക്കാനുള്ള അവകാശം നല്കണമെന്നാവശ്യപ്പെട്ട് 28,000 പേർ ഒപ്പിട്ട ഭീമഹർജി അദ്ദേഹം റാണി ലക്ഷ്മീഭായിക്ക് നൽകി.
1959 മേയ് ഒന്നിന് ചങ്ങനാശേരിയിൽ മന്നത്തുപത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന സർവമത സമുദായ സമ്മേളനം സാമൂഹിക നവോത്ഥാനപ്രവർത്തനങ്ങളിൽ നിർണായക വഴിത്തിരിവായി മാറി. ഗുരുവായൂർ സത്യാഗ്രഹകമ്മിറ്റിയുടെ കൺവീനറായിരുന്നു അദ്ദേഹം. അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി പടനയിക്കുക മാത്രമല്ല, അവർണർക്ക് പ്രവേശനം അനുവദിക്കാത്ത ക്ഷേത്രങ്ങളിൽ താൻ കയറുകയില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കുകയും ചെയ്തു. എല്ലാ ജാതിമതസ്ഥരേയും തന്റെ വീട്ടിൽ അദ്ദേഹം ഒപ്പമിരുത്തി ഭക്ഷണം കഴിക്കുകയും തുല്യതയോടെ പെരുമാറുകയും ചെയ്തിരുന്നുവെന്ന് ജീവചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാഗ്മി, സംഘാടകൻ, അഭിഭാഷകൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തി. അവയ്ക്ക് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെയും നിസ്വാർത്ഥതയുടേയും ചരിത്രമുണ്ട്. പിന്നാക്ക സമുദായങ്ങളിൽപെട്ട കോടിക്കണക്കിനാളുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനല്കിയ എൻ.എസ്.എസ്.വിദ്യാഭ്യാസ ശൃംഖല കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് നല്കിവരുന്ന സംഭാവന അഗണ്യമാണ്.
നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമായ കറുകച്ചാൽ എൻ.എസ്.എസ്.സ്കൂളിന്റെ നിർമ്മാണത്തിനായി അനുഭവിച്ച ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ 'ജീവിതസ്മരണകൾ" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഒരു രൂപ പോലും കൈവശമില്ലാതെ ആരംഭിച്ച സ്കൂളിന്റെ നിർമ്മാണം ഓരോ വ്യക്തികളിൽ നിന്നും സംഭാവന പിരിച്ചാണ് നടത്തിയിരുന്നത്. മുപ്പത്തിനാലുവർഷം എൻ.എസ്.എസിന്റെ നേതൃരംഗത്ത് പ്രവർത്തിച്ച അദ്ദേഹം സംഘടനയുമായുള്ള ഔദ്യോഗികബന്ധം വേർപെടുത്തിയ ശേഷമാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചതും സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ ഉത്തരവാദപ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായി മാറിയതും. സി.പിയുടെ ഏകാധിപത്യത്തിനെതിരെ പടപൊരുതാനായി രംഗത്തിറങ്ങിയ മന്നത്തിനെ മുതുകുളത്തുചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. സ്വാതന്ത്ര്യാനന്തരവും ഭരണത്തിൽ ഏകാധിപത്യ പ്രവണതകൾ തലപൊക്കിയപ്പോഴൊക്കെ മന്നം പോരാട്ടത്തിനിറങ്ങി.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടന്ന വിമോചനസമരത്തിൽ മുൻനിരനായകനായിരുന്നു അദ്ദേഹം. 1959-ജൂലായിൽ അങ്കമാലിയിൽ നിന്നാരംഭിച്ച ജാഥയെ രാജ്ഭവനിലേക്കു നയിച്ച അദ്ദേഹം 'സെൽഭരണ"ത്തിനെതിരെ നടത്തിയ സിംഹഗർജനം കേരളചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച മന്നം നിയമസഭാസാമാജികനെന്ന നിലയിലും കഴിവുകൾ തെളിയിച്ചു. 1949-ൽ രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രഥമ പ്രസിഡന്റായ അദ്ദേഹം കേരളത്തിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 'പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവും" എന്നാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മന്നത്തെ വശേഷിപ്പിച്ചത്. 1960-ൽ പ്രസിദ്ധീകരിച്ച ശതാഭിഷേകോപഹാരത്തിൽ കെ.പി. കേശവമേനോൻ മന്നത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: തന്റെ ഉത്സാഹം സഹപ്രവർത്തകർക്ക് പകർന്നുകൊടുത്ത് അവരെ ഉത്സാഹഭരിതരും കർമനിരതരുമാക്കാനുള്ള മന്നത്തിന്റെ സഹജമായ കഴിവാണ് അദ്ദേഹത്തിന്റെ ഉന്നതിക്കുള്ള പ്രധാന കാരണം. മന്നത്തു പത്മനാഭന്റെ കർമ്മനിരതമായ പാതയിലൂടെ മുന്നോട്ടു നീങ്ങിയ നായർ സർവീസ് സൊസൈറ്റി ഇന്ന് കെട്ടുറപ്പുള്ള സംഘടനയായി അവഗണിക്കാനാവാത്ത ശക്തിയായി പടർന്നു പന്തലിച്ചിരിക്കുന്നു. അന്യാദൃശമായ ഇച്ഛാശക്തിയുടെയും കർമ്മകുശലതയുടെയും പ്രതീകമായി തൊണ്ണൂറ്റിമൂന്ന് വർഷത്തെ ജീവിതം സാർത്ഥകമാക്കിയ മന്നത്തുപത്മനാഭൻ ഏഴ് പതിറ്റാണ്ടുകാലം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും സ്വജീവിതത്തിലൂടെ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ആ കർമയോഗിയുടെ കാൽപ്പാടുകൾ വരും തലമുറകൾക്ക് വഴികാട്ടിയാവും.
(മുൻ ഡെപ്യൂട്ടി സ്പീക്കറാണ് ലേഖകൻ )