car
car

ചെന്നൈ : വില്ലുപുരത്തു നിന്നുള്ള എ.ഐ.എ.ഡി.എം.കെ എം.പി എസ്. രാജേന്ദ്രൻ (62) കാറപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറിന് ഡിണ്ടിവനം -മൈലം സംസ്ഥാന പാതയിലാണ് അപകടം. റോഡിലെ പണി പൂർത്തിയാകാത്ത മീഡിയനിലേക്ക് നിയന്ത്രണം വിട്ട എസ്.യു.വി കാർ ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ എം.പിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധു സെൽവനും കാർ ഡ്രൈവർ അൻപുശെൽവത്തിനും സാരമായ പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പട്ടാളി മക്കൾ കക്ഷി നേതാവ് എസ്. രാമദോസിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡിന്നർ പാർട്ടിയിൽ പങ്കെടുക്കാനാണ് രാജേന്ദ്രൻ ഡിണ്ടിവനത്തിലെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമിയും ഉപമുഖ്യമന്ത്രി പനീർശെൽവവും ഉൾപ്പെടെ നിരവധി നേതാക്കൾ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിക്ക് ശേഷം ഡിണ്ടിവനത്തിലെ ഗസ്റ്റ് ഹൗസിൽ രാജേന്ദ്രനും സെൽവവും തങ്ങി. തുടർന്ന് രാവിലെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. രാജേന്ദ്രന്റെ മരണം വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസാമി പറഞ്ഞു. പാർലമെന്റിലെ രാസവളം സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയിലും വ്യോമയാന മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലും രാജേന്ദ്രൻ അംഗമായിരുന്നു. 2001 മുതൽ 2006 വരെ വില്ലുപുരം ജില്ലാ പഞ്ചായത്ത് ഭരണസമിതി ചെയർമാനായിരുന്ന രാജേന്ദ്രൻ മദ്രാസ് സർവകലാശാലയിൽ നിന്ന് തമിഴ്സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.