-virat-kohli

വിശാഖപട്ടണം: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്ര് ബന്ധവും അവസാനിപ്പിക്കണമെന്ന അഭിപ്രായം നാല് ദിക്കിൽ നിന്നും ഉയരുന്നതിനിടെ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്‌ടൻ വിരാട് കൊഹ്‌ലി. പാകിസ്ഥാനുമായി കളിക്കുന്നകാര്യത്തിൽ കേന്ദ്ര സർക്കാരും ബി.സി.സി.ഐയും എന്ത് തീരുമാനം എടുക്കുന്നൊ അതിനൊപ്പം നിൽക്കുമെന്നാണ് കൊഹ്‌ലി ഇന്നലെ ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വന്റി-20ക്ക് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.

'പുൽവാമയിൽ ജീവൻ വെടിഞ്ഞ സി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബങ്ങളോടുള്ള ടീം ഇന്ത്യയുടെ അനുശോചനം അറിയിക്കുന്നു. നമ്മുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബി.സി.സി.ഐ തീരുമാനിക്കുന്നത് ഞങ്ങൾ അതിനൊപ്പം നിൽക്കും. സർക്കാരും ക്രിക്കറ്റ് ബോർഡും എന്ത് തീരുമാനിക്കുന്നോ അത് തന്നെയാണ് ടീമിന്റെയും തീരുമാനം. ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. - കൊഹ്‌ലി പറഞ്ഞു.