kodiyeri-balakrishnan-

ആലപ്പുഴ: കാസർകോട് ഇരട്ടക്കൊല കേസിൽ മുഖം രക്ഷിക്കാൻ സി.പി.എം ശ്രമം തുടരുന്നതിനിടെ,​ ​ അക്രമരാഷ്‌ട്രീയം ഇല്ലാതാക്കാൻ സാദ്ധ്യമായതെല്ലാം സി.പി.എം ചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സി.പി.എം അക്രമത്തിന് എതിരാണെന്നും,​ പാർട്ടി വളർത്തേണ്ടത് അക്രമം വഴിയല്ലെന്നും കേരള സംരക്ഷണ യാത്രയുടെ ഭാഗമായി ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അക്രമത്തിലൂടെ ഒരു പാർട്ടിയേയും ഇല്ലാതാക്കാനാവില്ല. അങ്ങനെയെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഇല്ലാതാകുമായിരുന്നു. പുന്നപ്ര- വയലാർ സമരത്തിൽ 400 കമ്മ്യൂണിസ്റ്റുകാരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തുടനീളം 700 സി.പി.എമ്മുകാർ കൊല്ലപ്പെട്ടു. കൊന്നത് കോൺഗ്രസും ബി.ജെ.പിക്കാരുമാണെന്നും കോടിയേരി തുടർന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2004-ലെ 18 സീറ്റ് എന്ന നിലയിലേക്ക് എൽ.‌ഡി.എഫ് എത്തുമെന്നാണ് പ്രതീക്ഷ. സ്ഥാനാർത്ഥികൾ ആയതിനു ശേഷമേ എത്ര സീറ്റെന്ന് വ്യക്തമായി പറയാനാവൂ. ബി.ജെ.പി അധികാരത്തിൽ വന്നാൽ കേരളത്തെ ഒന്നാന്തരം സംസ്ഥാനമാക്കി മാറ്റുമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നുവച്ചാൽ ബി.ജെ.പി ഇനി വരില്ലെന്നാണ് അർത്ഥമെന്ന് കോടിയേരി പരിഹസിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിയുമെന്നാണ് എ.എെ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത്. വിശ്വഹിന്ദു പരിഷത്തിനെ കൂടെ നിറുത്താനുള്ള തന്ത്രമാണോ ഇതെന്ന് രാഹുൽ ഗാന്ധി പറയണമെന്നും,​ ഇക്കാര്യത്തിലെ യു.ഡി.എഫ് നിലപാട് കെ,​പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്‌മകുമാറിനെ കാലാവധി തീരുംവരെ മാറ്റില്ലെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.