പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രമെഴുതി ശ്രീലങ്കൻ വിജയഭേരി. രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റിന്റെ ജയം നേടി ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന സുവർണ നേട്ടം ശ്രീലങ്ക സ്വന്തമാക്കി. പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 197 റൺസിന്റെ വിജയ ലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നാണ് ശ്രീലങ്ക അവിശ്വസനീയ നേട്ടം സ്വന്തമാക്കിയത്. നേരത്തേ ആദ്യ ടെസ്റ്റിൽ കുശാൽ മെൻഡിസിന്റെ ക്ലാസിക്ക് സെഞ്ച്വറിയുടെ പിൻബലത്തിൽ ഒരു റൺസിന്റെ നാടകീയ ജയം നേടിയ ശ്രീലങ്ക ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 2-0ത്തിന് സ്വന്തമാക്കി. ഒക്ടോബറിന് ശേഷം ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ജയം നേടാനാകാത്ത ശ്രീലങ്കയുടെ ഉയിർത്തെഴുന്നേൽപ്പായാണ് ഈ ജയത്തെ വിദഗദ്ധർ വിലയിരുത്തുന്നത്.
രണ്ടാം ടെസ്റ്രിന്റെ മൂന്നാം ദിനമായ ഇന്നലെ 60 -2 എന്ന നിലയിൽ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഒഷാഡ ഫെർണോണ്ടോയും (പുറത്താകതെ 79) കുശാൽ മെൻഡിസും ( പുറത്താകാതെ 84) വിക്കറ്റ് നഷ്ടമില്ലാതെ ലങ്കയെ വിജയതീരത്തെത്തിക്കുകയായിരുന്നു. തകർക്കപ്പെടാത്തത നാലാം വിക്കറ്റിൽ ഇരുവരും 163 റൺസ് കൂട്ടിച്ചേർത്തു. സ്കോർ: ദക്ഷിണാഫ്രിക്ക 222 /10,128/10. ശ്രീലങ്ക 154 /10,197/2. ലങ്കയുടെ കുശാൽ മെൻഡിസാണ് കളിയിലെയും പരമ്പരയിലെയും താരം.