men

കൊട്ടാരക്കര: എക്സൈസ് കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി താലൂക്കാശുപത്രിയിൽ മരിച്ചു. കടമ്പനാട് കല്ലുകുഴി കുഴിയാല കാപ്പിൽഭാഗം സുധി നിവാസിൽ സുധാകരൻ (52) ആണ് മരിച്ചത്. അസുഖബാധയെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കഴിഞ്ഞ 14ന് പറക്കോട് എക്സൈസാണ് കല്ലുകുഴിക്ക് സമീപമുള്ള വയലിൽ നിന്ന് സുധാകരനെ അറസ്റ്രു ചെയ്തത്.

ലോറി ഡ്രൈവറായ സുധാകരൻ സ്വന്തം വയലിൽ ജോലിക്കാർക്കൊപ്പം മദ്യപിച്ചിരിക്കുമ്പോൾ എക്സൈസ് വാഹനം വരുന്നതു കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എക്സൈസ് സംഘം സുധാകരനെ ഓടിച്ചിട്ടു പിടികൂടി. മദ്യവില്പന നടത്തിയെന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ശ്വാസംമുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശ്രീലേഖ, മക്കൾ: സുധി, രേശ്മ.

എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സുധാകരന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ജയിലിലെ മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് ഇവർ പറയുന്നത്.

തഹസിൽദാർ ബി. അനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ ബി. ഗോപകുമാർ തുടങ്ങിയവർ താലൂക്കാശുപത്രിയിലെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.