air-india-

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം, മുംബയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിലാണു ഭീഷണി ഫോൺസന്ദേശം ലഭിച്ചത്. ഇന്ന് വിമാനം റാഞ്ചുമെന്നാണു സന്ദേശം. ഇതേത്തുടർന്ന് എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിർദേശം നൽകി.

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതർ ഗൗരവമായാണ് കാണുന്നത്. മുംബയ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പരിശോധനാ സംവിധാനവും കർശനമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പാർക്കിംഗ് ഏരിയയിൽ എത്തുന്ന വാഹനങ്ങൾ കർശന പരിശോധനയ്ക്ക് ശേഷം കടത്തിവിട്ടാൽ മതിയെന്നാണ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ദ്രുത കർമ്മസേനയെ സജ്ജമാക്കി നിർത്താനും നിർദ്ദേശമുണ്ട്.