ബെയ്‌ജിംഗ്: വൻതരംഗമായ റെഡ്‌മി നോട്ട് 5 പ്രൊ, നോട്ട് 6 പ്രൊ എന്നിവയ്ക്ക് ശേഷം ഷവോമി ഒരുക്കിയ പുത്തൻ സ്‌മാർട്‌ഫോണായ റെഡ്‌മി നോട്ട് 7 പ്രൊ അടുത്തവാരം വിപണിയിലെത്തും. സോണിയുടെ 48 മെഗാപിക്‌സൽ ഐ.എം.എക്‌സ് 586 പ്രൈമറി കാമറയാണ് നോട്ട് 7 പ്രൊയുടെ മുഖ്യാകർഷണം. ക്വാൽകോം സ്‌നാപ് ഡ്രാഗൺ 675 എസ്.ഒ.സി പ്രൊസസറാണ് മറ്റൊരു പ്രത്യേകത.
ചൈനീസ് വിപണിയിലെ ലോഞ്ചിംഗിന് ശേഷം ഫെബ്രുവരി 28ന് നോട്ട് 7 പ്രൊ ഇന്ത്യയിലെത്തും. റെഡ്‌മിയുടെ മറ്റൊരു മികവുറ്ര മോഡലായ നോട്ട് 7നും അന്ന് വിപണിയിലെത്തും. നോട്ട് 7ന് 15,900 രൂപയും നോട്ട് 7 പ്രൊയ്ക്ക് 21,200 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില. ആറ് ജിബി റാമും 128 ജിബി സ്‌റ്രോറേജും കൂടിയ വേർഷനാണ് ഇന്ത്യയിൽ നോട്ട് 7 പ്രൊയ്ക്കുണ്ടാവുക. ഇൻ-ഡിസ്‌പ്ളേ ഫിംഗർ പ്രിന്റ് സെൻസറും പ്രതീക്ഷിക്കുന്നു.