കോട്ടയം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) പേരും ചിഹ്നവും ഉപയോഗിക്കുന്നത് വിലക്കിയെന്നത് അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൾ നാസർ എന്നിവർ പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് 2011ൽ ബി. ഗിരിരാജൻ പുറത്താക്കിയവരാണ്, ഇപ്പോൾ സംഘടന തങ്ങളുടേതാണെന്ന വാദവുമായി വന്നിരിക്കുന്നത്.
പർച്ചേസ് ടാക്‌സ്, പൊലീസ് റിക്കവറി, ജി.എസ്.ടി., കുടിശിക തുടങ്ങിയ വിഷയം സംബന്ധിച്ച സമരങ്ങളിലൊന്നും ഇവരെയാരും കണ്ടിട്ടില്ല. 2011 മുതൽ ആലപ്പുഴയിലും എറണാകുളത്തും വിവിധ കേസുകൾ നിലനിൽക്കുന്നുണ്ട്. മുൻസിഫ് കോടതിയുടെ വിധിക്ക് ജില്ലാ കോടതിയുടെ സ്‌റ്റേയുണ്ട്. ബി. ഗിരിരാജൻ പ്രസിഡന്റായ എ.കെ.ജി.എസ്.എം.എയ്ക്കെതിരെ ഇവർ നൽകിയ കേസ് 5,000 രൂപ ചെലവുസഹിതം കോടതി തള്ളിയിരുന്നു. 1945ൽ ഭീമ ഭട്ടർ പടുത്തുയർത്തിയ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. ഭീമ ഗോവിന്ദനാണ്. 14 ജില്ലാക്കമ്മിറ്രികളും 205 യൂണിറ്റ് കമ്മിറ്റികളുമായി ശക്തമായ പ്രവർത്തനവും സംഘടന നടത്തുന്നു. 10,000ഓളം അംഗങ്ങളുമുണ്ട്.
എ.കെ.ജി.എസ്.എം.എയെ ദേശീയതലത്തിൽ അംഗീകരിച്ചതിന്റെ തെളിവാണ് ജെം ആൻഡ് ജുവലറി ഡൊമസ്‌റ്രിക് കൗൺസിൽ ഡയറക്‌ടറായുള്ള എസ്. അബ്‌ദുൾ നാസറിന്റെ നിയമനം. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കമ്മിറ്രികളിലും മറ്റും ഡോ. ഗോവിന്ദൻ പ്രസിഡന്റായ സംഘടനയുടെ ഭാരവാഹികളാണ് അംഗങ്ങൾ. സ്വർണത്തിന്റെ പ്രതിദിന വില നിർണയിക്കുന്നതും തങ്ങളാണ്. സംഘടനയിൽ നിന്ന് പുറത്തുപോയവർക്ക് എ.കെ.ജി.എസ്.എം.എയുമായി യാതൊരുബന്ധവുമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഡോ. ബി. ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
എ.കെ.ജി.എസ്.എം.എയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ഡോ.ബി. ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. ബി.എം. നാഗരാജനാണ് രക്ഷാധികാരി. രത്‌നകലാ രത്‌നാകരൻ (വർക്കിംഗ് പ്രസിഡന്റ്), ഗോപാലകൃഷ്‌ണൻ, ജയകുമാർ, കണ്ണൻ ആറ്റിങ്ങൽ, ശിവകുമാർ കിളിമാനൂർ (വൈസ് പ്രസിഡന്റുമാർ), ഗണേഷ് ആറ്റിങ്ങൽ (ജനറൽ സെക്രട്ടറി), വിജയ് ഗോപാൽ (വർക്കിംഗ് സെക്രട്ടറി), രാജേന്ദ്രൻ നായർ, ശ്രീരംഗം മോഹൻ, കൃഷ്‌ണൻ വെഞ്ഞാറമ്മൂട്, സായ്‌കുമാർ (സെക്രട്ടറിമാർ), എ. കണ്ണൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.