brahmapuram-

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക നിയന്ത്രിക്കാൻ ഒരുദിവസം കൂടിയെടുക്കും. വെളിച്ചക്കുറവുകാരണം എട്ടരയോടെ പുക നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിറുത്തി വയ്ക്കും. നാളെ പുനരാരംഭിക്കും. പുകയുള്ള പ്രദേശങ്ങളിലെ വീടുകളിൽ എ.സി ഉപയോഗിക്കരുതെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. പുക കയറിയിട്ടുള്ള വീടുകളുടെയും മറ്റും ജനലുകൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണം.

തീപിടിത്തവും കടുത്ത പുകയും നിയന്ത്രിക്കാൻ തീവ്രശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി കൊച്ചി മേയർ സൗമിനി ജെയിനും മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാകമ്മിറ്റിയും രംഗത്തെത്തി.

ഇന്നലെ വൈകിട്ടുണ്ടായ തീ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ഇന്ന് പുലർച്ചയോടെ വീണ്ടും പ്ളാസ്റ്റിക് മാലിന്യം ആളിക്കത്തുകയായിരുന്നു. അഗ്നിശമനസേനയുടെ മൂന്ന് വാഹനങ്ങൾ എത്തിയെങ്കിലും തീ പൂർണമായി കെടുത്താനായില്ല. ഇതിനിടെ കടുത്ത പുക കൊച്ചി നഗരമാകെ വ്യാപിച്ചു. വൈകിട്ടോടെ തീയണയ്ക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു കലക്ടറുടെ പ്രതികരണമെങ്കിലും കടുത്ത പുക ഇപ്പോഴും ഉയരുന്നുണ്ട്.