li

ന്യൂഡൽഹി: അസാം വിഷമദ്യ ദുരന്തത്തിൽ മരിച്ച തോട്ടം തൊഴിലാളികളുടെ എണ്ണം 114 ആയി.

300 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസാം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകള്‍ പ്രകാരം മരണ സംഖ്യ 30 മാത്രമായിരുന്നു.

പലരുടെയും നില ഗുരുതരമാണ്. സാൽമാരാ തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ച നിരവധി പേർ കുഴഞ്ഞുവീഴുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാജ മദ്യ ഫാക്ടറിയുടെ ഉടമസ്ഥരെയടക്കം പന്ത്രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വില്പന നടത്തിയ ഒരു അമ്മയും മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.

സർക്കാർ, അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഗോലാഘട്ട് ഡെപ്യൂട്ടി കമ്മിഷണർ ധിരൻ ഹസാരിക പറഞ്ഞു. രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ഉത്തരവിട്ടു. ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അസം അപ്പർ ഡിവിഷൻ കമ്മിഷണർ ജൂലി സോനാവാളിനെ ചുമതലപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെന്റിനെ കുറ്റപ്പെടുത്തിയ മദ്യ നിരോധന കമ്മിറ്റി തലവനായ പ്രബിൻ ദാസിനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റും വ്യാജ മദ്യം നി‌ർമ്മിക്കുന്നവരും തമ്മിലുള്ള ബന്ധം മൂലമാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് പ്രബിൻ പറഞ്ഞത്.