കൊച്ചി: ക്രൂഡോയിൽ വിലയെ നേട്ടത്തിന്റെ ട്രാക്കിലേറ്രാൻ ഒപെക് രാഷ്‌ട്രങ്ങൾ സ്വീകരിച്ച തന്ത്രം റബർ ഉത്‌പാദക രാജ്യങ്ങളും കടമെടുക്കുന്നു. ക്രൂഡോയിൽ ഉത്‌പാദനം വെട്ടിക്കുറച്ചാണ് ഒപെക് രാഷ്‌ട്രങ്ങൾ വില തിരിച്ചുപിടിച്ചത്. ഇതേമാതൃകയിൽ അന്താരാഷ്‌ട്ര മാർക്കറ്രിലേക്കുള്ള റബറിന്റെ വിതരണം വെട്ടിക്കുറച്ച്, വില മേലോട്ടുയർത്താനുള്ള തന്ത്രമാണ് റബർ ഉത്‌പാദന മേഖലയിലെ രാജ്യങ്ങളും നടപ്പാക്കാനൊരുങ്ങുന്നത്.
സ്വാഭാവിക റബർ ഉത്‌പാദനത്തിൽ മുൻനിരയിലുള്ള തായ്‌ലൻഡ്, മലേഷ്യ, ഇൻഡോനേഷ്യ എന്നിവയാണ് തീരുമാനത്തിന് പിന്നിൽ. അന്താരാഷ്‌ട്ര വിപണിയിലെത്തുന്ന സ്വാഭാവിക റബറിൽ 90 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞദിവസം ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ബാങ്കോക്കിൽ കൂടിക്കാഴ്‌ച നടത്തുകയും ഉത്‌പാദനം മൂന്നുലക്ഷം ടൺവരെ കുറയ്‌ക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു.
ഈ രാജ്യങ്ങളുടെ തീരുമാനം ഇന്ത്യയിലെ കർഷകർക്ക് നല്ല ആശ്വാസമാകും. നിലവിൽ, ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. ഉത്‌പാദനം കുറഞ്ഞ്, വില കൂടുന്നതോടെ ഇന്ത്യയിൽ ഇറക്കുമതി ട്രെൻഡ് താഴും. ഇത്, ഇന്ത്യൻ റബറിനുള്ള ഡിമാൻഡ് കൂട്ടും. ആഭ്യന്തര വില മെച്ചപ്പെടാനും ഇതു സഹായകമാകും. 4.70 ലക്ഷം ടൺ റബറാണ് 2017-18ൽ ഇന്ത്യ ഇറക്കുമതി ചെയ്‌തത്. 2016-17ൽ ഇറക്കുമതി 4.26 ലക്ഷം ടണ്ണായിരുന്നു. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ആഗസ്‌റ്ര് കാലയളവിൽ മാത്രം 2.20 ലക്ഷം ടണ്ണിന്റെ ഇറക്കുമതിയും നടന്നു.
റബറും ഇന്ത്യയും (2017-18)
ഉത്‌പാദനം: 6.94 ലക്ഷം ടൺ
ഉപഭോഗം: 11.12 ലക്ഷം ടൺ
ഇറക്കുമതി: 4.70 ലക്ഷം ടൺ
2018-19
(ഏപ്രിൽ-ആഗസ്‌റ്ര്)
ഉത്‌പാദനം: 2.12 ലക്ഷം ടൺ
ഉപഭോഗം: 5.11 ലക്ഷം ടൺ
ഇറക്കുമതി: 2.20 ലക്ഷം ടൺ