തിരുവനന്തപുരം: ഗുരുതരമായ അസുഖത്തിന്റെ പേരിൽ പരോളിലിറങ്ങിയ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുടെ നൃത്തരംഗം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സി.പി.എമ്മിനെ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എ. ഇതിന് ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്നാണ് ബൽറാം ആവശ്യപ്പെട്ടു.
''ഞങ്ങൾ മാറി, മാറി"എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സി.പി.എമ്മേ. ഇതുപോലുള്ള ക്രിമിനലുകൾക്ക് നിങ്ങൾ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോൾ അണിയാൻ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ആട്ടിൻതോൽ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസുലാവും- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ട് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സി.പി.എം ക്രിമിനൽ മുഹമ്മദ് ഷാഫിയുടെ അടിച്ചുപൊളി നൃത്തരംഗങ്ങൾ മാദ്ധ്യമങ്ങളിൽ കാണുന്നു. ഇയാളുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കിൽ അക്കാലയളവിൽ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാൾക്കവകാശമുണ്ട്. എന്നാൽ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കിൽ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണ്.
''ഞങ്ങൾ മാറി, മാറി"എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ. ഇതുപോലുള്ള ക്രിമിനലുകൾക്ക് നിങ്ങൾ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോൾ അണിയാൻ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ആട്ടിൻതോൽ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവും.