mullappally-ramachandran
mullappally ramachandran

ചെങ്ങന്നൂർ: സി.പി.എം മാടമ്പി സംസ്‌കാരമുള്ള പാർട്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ജനമഹായാത്രയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാടമ്പി രാഷ്ട്രീയത്തിന് പേരുകേട്ട സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഒരു പിന്നാക്കക്കാരൻ പോലും ഇല്ല. സി.പി.എം അക്രമത്തിൽ കൊല്ലപ്പെട്ടവരെല്ലാം പിന്നാക്കക്കാരും അടിയാളന്മാരുമാണ്. കഴിഞ്ഞ 50 വർഷമായി മാടമ്പി രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നത് സി.പി.എം ആണ്.
കാസർകോട് പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണ്.
മനുഷ്യ നിർമ്മിത പ്രളയം സൃഷ്ടിച്ചവരെ പരസ്യ വിചാരണ നടത്തി ശിക്ഷിക്കണം.ഗുരുതരമായ വീഴ്ച വരുത്തി ഡാമിലെ ജലം തുറന്നു വിട്ട് പ്രളയം സൃഷ്ടിച്ചവർക്കെതിരെ ഒരു ശിക്ഷണ നടപടിയും ഇല്ലാത്തത് വിചിത്രമാണ്. ശബരിമല വിഷയത്തിൽ കെ.പി.സി.സി എടുത്ത നിലപാട് വിശ്വാസികൾ പൂർണമായും അംഗീകരിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എ.ഐ.സി.സി.അംഗം കെ.എൻ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഷാനിമോൾ ഉസ്മാൻ, എം.മുരളി, ലതികാ സുഭാഷ്, അഡ്വ. സി.ആർ. ജയപ്രകാശ്, അഡ്വ.ബി. ബാബുപ്രസാദ്, അഡ്വ. പഴകുളം മധു, അഡ്വ. ജോൺസൺ എബ്രഹാം, മാന്നാർ അബ്ദുൾ ലത്തീഫ്, ജി.ശാന്തകുമാരി, അഡ്വ.എബി കുര്യാക്കോസ്, ഡി.വിജയകുമാർ, നളന്ദാ ഗോപാലകൃഷ്ണൻ നായർ, സുനിൽ പി.ഉമ്മൻ, പി.വി.ജോൺ, അഡ്വ.ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ എന്നിവർ പ്രസംഗിച്ചു.