കേരളത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് എഴുത്തുകാരി കെ.ആർ മീര. എഴുത്തുകാരനെ താങ്ങിനിർത്തുന്നത് ആ ശെെലി ഇഷ്ടപ്പെടുന്ന വായനക്കാരനാണ്. എതിരാളികളുടെ ഭീഷണികൾക്ക് മുന്നിൽ എഴുത്ത് നിർത്തേണ്ടി വന്നാൽ ഒരു കോൺഗ്രസ് പാർട്ടിയും പിന്തുണ നൽകില്ലെന്നും ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ലെന്നും കേരള കോൺഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ലെന്നും കെ.ആർ മീര പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് കെ.ആർ മീര സാംസ്കാരിക പ്രവർത്തകർക്ക് നേരെ നടക്കുന്ന നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വിമർശിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,
എഴുത്തു മുടങ്ങാതിരിക്കാൻ
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാൽ,
നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയിൽ ഉരുകിയാൽ,
ഓർമ്മ വയ്ക്കുക–
ഒരു കോൺഗ്രസ് പാർട്ടിയും നിങ്ങൾക്കു പേനയും കടലാസും എത്തിക്കുകയില്ല.
ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.
സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.
കേരള കോൺഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.
നായൻമാർ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.
അന്നു നിങ്ങളോടൊപ്പം വായനക്കാർ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവർ.
ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.
നിങ്ങൾക്കു ശക്തി പകരുന്നവർ. വീണു പോകാതെ താങ്ങി നിർത്തുന്നവർ.
ഒരു നാൾ,
നിങ്ങളുടെ വാക്കുകൾക്കു കാതോർക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാൽ,
–അവർ വരും.
നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാൻ വാഴത്തടയുമായി ചിലർ.
എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലർ.
ചോദ്യം ചെയ്താൽ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലർ.
കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലർ.
പത്രം കത്തിക്കുകയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലർ.
അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,
നിങ്ങൾക്കു മുമ്പിൽ രണ്ടു വഴികളുണ്ട്.
ഒന്നുകിൽ മിണ്ടാതിരുന്ന് മേൽപ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.
അല്ലെങ്കിൽ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ
എന്നു വാത്സല്യപൂർവ്വം ഉപദേശിക്കുക.