ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെതിരെ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ട സച്ചിനെ രാജ്യദ്രോഹി എന്ന് വിളിച്ച അർണാബ് ഗോസ്വാമിക്കെതിരെ ആരാധകർ. സച്ചിന്റെ അഭിപ്രായവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു അർണാബിന്റെ പ്രതികരണം. ഇതിനെതിരെ പ്രതിഷേധവുമായി മലയാളികൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
'സച്ചിനെ രാജ്യദ്രോഹി എന്ന് വിളിക്കാൻ നീ വളർന്നിട്ടില്ല, ടാ അർണാബേ നീ ഷുഹൈബ് അക്തർ എന്നു കേട്ടിട്ടുണ്ടോ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പന്ത് എറിഞ്ഞവനെ തലങ്ങും വിലങ്ങും അടിച്ചിട്ട മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ', എന്നിങ്ങനെ നിരവധി കമന്റുകളാണ് അർണാബിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറയുന്നത്. അർണാബിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ രീതിയിലാണ് ആരാധകർ പ്രതികരിക്കുന്നത്.
'ഞാൻ ഇന്ത്യക്കാരനാണ്, ഇന്ത്യ എപ്പോഴും മുന്നിൽ വരണമെന്നാണ് എന്റെ ആഗ്രഹം.എന്നാൽ, രാജ്യം എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് പൂർണമനസ്സോടെ അംഗീകരിക്കും. ലോകകപ്പിൽ പാക്കിസ്ഥാനെ ഒരിക്കൽ കൂടെ തോൽപ്പിക്കാനുള്ള അവസരമാണിത്. രണ്ട് പോയന്റ് വെറുതെ നൽകി അവരെ ടൂർണമെന്റിൽ സഹായിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല'. എന്ന് സച്ചിൻ വ്യക്തമാക്കിയിരുന്നു.
സച്ചിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കപ്പെട്ടതിനെ തുടർന്ന് ചാനൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ നിരീക്ഷകനായ സുധീന്ദ്ര കുൽക്കർണ്ണിയും മുൻ ആപ് നേതാവ് അശുതോഷും ചർച്ചക്കിടയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് അർണാബ് നിലപാട് മയപ്പെടുത്തുകയായിരുന്നു.