പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുൻസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് ആർ.എസ്.എസ്. ഇതു സംബന്ധിച്ച് പാലക്കാട്ടെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി ആർ.എസ്.എസ് നേതാക്കൾ ചർച്ച നടത്തി. ശബരിമല പ്രധാന വിഷയമാക്കി പ്രചാരണം തുടങ്ങാനാണ് തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കുമ്മനം എത്തുന്നത് വലിയ നേട്ടമുണ്ടാകുമെന്നാണ് ആർ.എസ്. എസിന്റെ വിലയിരുത്തൽ. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ബി.ജെ.പി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ ആർ.എസ്.എസ് നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണം. പൊതുസ്വതന്ത്രരരെയും പരിഗണിക്കാം – എന്നതാണ് ആർ.എസ്.എസിന്റെ പൊതുനിലപാട്.
ആർ.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത സഹകാര്യ വാഹകുമാരായ എം.രാധാകൃഷ്ണൻ, പി.എൻ. ഈശ്വരൻ എന്നിവരാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർ.എസ്.എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. ശബരിമല വിഷയം തന്നെയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. ലോക്സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളും സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തിൽ നിന്ന് അമിത് ഷാ വിവരങ്ങൾ ശേഖരിച്ചു.
മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. മാർച്ച് അഞ്ചു മുതൽ പത്തുവരെ നാലു സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന പരിവർത്തൻ യാത്രയോടെ പ്രചാരണം ശക്തമാക്കാനാണ് പാർട്ടി നേതൃയോഗം തീരുമാനിച്ചത്