kasarkod

കാസർകോട് : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത് സി.പി.എം ബ്രാഞ്ച് ഓഫീസിലായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്.

ഇരട്ടക്കൊല കേസിലെ ഗൂഢാലോചന നടന്നത് ഏച്ചലടുക്കം ബ്രാ‍ഞ്ച് ഓഫീസിലായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരനും കൂട്ടുപ്രതികളും കൃത്യം നടക്കുന്ന അന്ന് വൈകിട്ട് ഓഫീസിൽ ഒത്തുകൂടി. കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തന്റെ കൈയൊടിച്ചവനോട് പ്രതികാരം ചെയ്യാൻ കൂടെനിന്നില്ലെങ്കിൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്ന് പീതാംബരൻ നേരത്തെ ബ്രാഞ്ച് യോഗത്തിൽ പറഞ്ഞതായും വിവരമുണ്ട്. ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു അന്ന് നേതാക്കളുടെ മറുപടി.

അതേസമയം കൊലപാതകത്തിൽ കണ്ണൂർ ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന് കല്യോട്ടെത്തിയ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു.

ഇതിനിടെ ക്രൈംബ്രാംഞ്ച് അന്വേഷണ സംഘത്തിലെ അംഗമായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.എം പ്രദീപ് കാസര്‍ഗോടെത്തി. നിലവിലെ അന്വേഷണ സംഘവുമായി അദ്ദേഹം ചർച്ച നടത്തി. കേസ് ഡയറിയും കേസ് ഫയലുകളും പരിശോധിച്ചു. തിങ്കളാഴ്ചയോടെ അന്വേഷണം തുടങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.