'' മാമാ നല്ലയിനം കരിങ്കോഴി കുഞ്ഞുങ്ങൾ കിട്ടുമോ അവിടെ വന്നാൽ?""
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ഒരു വിരുതൻ ഇട്ട കമന്റാണിത്. അല്പം പോലും വൈകിയില്ല മറുപടിയ്ക്ക്.
''ഒരു സൈഡീന്നു കൂട്ടിലോട്ട് കേറ്റുന്നുണ്ട് . താങ്കൾ ആ കൂട്ടത്തിലില്ലേൽ ഐഡി കാർഡും കൊണ്ട് വന്നു ഇഷ്ടമുള്ളതിനെ കൂട്ടി പോകാം.""
കേരളപൊലീസിന്റെ ഈ കിടിലൻ മറുപടിയ്ക്ക് പേജിൽ ലൈക്കോട് ലൈക്കാണ്.
ഫേസ്ബുക്കിൽ ട്രോളായും കമന്റായുമെല്ലാം കരിങ്കോഴി കച്ചവടം പൊടിപൊടിക്കുകയാണ്. അതേറ്റ് പിടിച്ചിരിക്കുകയാണ് ഇപ്പോൾ കേരള പൊലീസും.
മറ്റൊരു കമന്റ് ഇതാണ്...
''വെള്ളമടിച്ചു വണ്ടിയോടിക്കുമ്പോൾ പൊലീസുകാരെ പറ്റിക്കാൻ ആവശ്യമായ മണം ഇല്ലാതാക്കുന്ന സ്പ്രേയ്ക്ക് കോൺടാക്ട് ചെയ്തോളൂ..."" അതിനും കിട്ടി ഒരു ഒന്നൊന്നര മറുപടി.
'' മണമടിക്കാതിരിക്കാൻ ഉള്ള ചന്ദനത്തിരി വീട്ടുകാരെ കൊണ്ട് വാങ്ങിപ്പിക്കാതിരിക്കാൻ കൂടി നോക്കണേ .""
www
ട്രോൾ എന്നു പറഞ്ഞാൽ ഇതാണ് ട്രോൾ!! ട്രോളന്മാരുടെ തലതൊട്ടപ്പന്മാരെ പോലും അമ്പരിപ്പിക്കുന്ന തരത്തിലുള്ള നല്ല കിടുക്കാച്ചി ഐറ്റംസ്.. ഓരോ പോസ്റ്റിനു താഴെയും വരുന്നതാകട്ടെ കണക്കില്ലാത്ത ലൈക്കുകളും കമന്റുകളും...
കേരള പൊലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ഏഴെട്ടുമാസത്തിനുള്ളിലുണ്ടായ മാറ്റം എത്രത്തോളമുണ്ടെന്ന് ചോദിച്ചാൽ ഒരു മില്യൺ എന്നു പറയേണ്ടി വരും. ചിലപ്പോൾ അതിലധികവും. പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യമെന്ന് ചോദിച്ച ട്രോളന്മാർ പോലും ഇപ്പോഴവർക്ക് കൈയ്യടിക്കുകയാണ്. സംഗതി ശരിയാണ്, അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു ഫേസ്ബുക്ക് പേജിന് റെക്കോഡുകൾ മറികടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ജനഹൃദയം കീഴടക്കാൻ കഴിഞ്ഞുവെങ്കിൽ ആ ചരിത്രനേട്ടം കേരളപൊലീസിന് സ്വന്തം.
കാക്കിയും ലാത്തിയും മീശപ്പിരിക്കലുമൊന്നും ഇവിടില്ല, പകരമുള്ളത് രസകരമായ കുറേ ഡയലോഗുകൾ മാത്രം, ചുരുക്കി പറഞ്ഞാൽ പഴയ കുട്ടൻപിള്ള പോലീസല്ലെന്ന് സാരം, എല്ലാ അർത്ഥത്തിലും ന്യൂജെൻ പൊലീസ്. പല റെക്കോഡുകളും തിരുത്തികുറിച്ച് പടി പടിയായിട്ടുള്ള വളർച്ച സോഷ്യൽ മീഡിയയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, എന്തായാലും സംഗതി വൈറലായതോടെ സാക്ഷാൽ മൈക്രോസോഫ്ട് വരെ ഇങ്ങ് കേരളത്തിലെത്തി, ഈ ട്രോളന്മാരെ കുറിച്ച് പഠിക്കാൻ.. അപ്പോഴും വലിയ ഭാവമാറ്റങ്ങളൊന്നുമില്ലാതെ ട്രോൾ മുതലാളിമാർ തിരക്കിട്ട പണിയിലാണ്, ചിരിപ്പിച്ച് ചിരിപ്പിച്ച് മലയാളികളെ കൈയ്യിലെടുത്ത ആശാന്മാരെ പരിചയപ്പെടണ്ടേ... എങ്കിൽ കണ്ടോളൂ... ദാ ഇവരാണ് അവർ... കേരളപൊലീസിന്റെ ഫേസ്ബുക്ക് പേജ് എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്ന നാലുപേർ, സന്തോഷ് പി.എസ്, കെ.ആർ. കമൽനാഥ്, ബിമൽ വി.എസ്, അരുൺ ബി.ടി. യൂത്തന്മാരെ വെള്ളം കുടിപ്പിക്കുന്ന ട്രോളുണ്ടാക്കി ചിരിപ്പിക്കുന്നത് ഇവരാണ്. ഉറങ്ങി കിടന്നിരുന്ന ഒരു പേജിനെ ജീവൻ വയ്പ്പിച്ച് ഇന്നത്തെ അഭിമാന നേട്ടത്തിലെത്തിച്ച ചങ്ക് ബ്രോകൾ. ഇവർക്ക് കട്ടസപ്പോർട്ടുമായി കൂടെയുള്ളത് എഡിജിപി മനോജ് എബ്രഹാമും.
ഒരു കഥ സൊല്ലട്ടുമാ...
ഏകദേശം ഒരു വർഷത്തിനു മുമ്പ് വരെ കേരള പൊലീസിനും ഒരു ഫേസ്ബുക്ക് പേജ് ഉണ്ടായിരുന്നുവെന്ന് പേരിന് പറയാം എന്നതായിരുന്നു അവസ്ഥ. പേജ് കൂടുതൽ ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായി വീണ്ടും പരിപാടികൾ ആസൂത്രണം ചെയ്തെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. ആദ്യ നാളുകളിൽ സാധാരണ ചെയ്യാറുള്ളതുപോലുള്ള പോസ്റ്റുകൾ മാത്രമായിരുന്നു പേജിലുണ്ടായിരുന്നത്. അതിൽ ഒട്ടുമിക്കതും പൊലീസിന്റെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അതേ പടി പോസ്റ്റ് ചെയ്യലും. ആ ലൈനൊന്ന് മാറ്റിപ്പിടിക്കാൻ നിർദ്ദേശിച്ച മനോജ് എബ്രഹാമിന്റെ ബുദ്ധിയായിരുന്നു പിന്നീട് വന്ന ട്രോൾ പൂരങ്ങൾ.
ഇപ്പോൾ കഥയാകെ മാറി... ട്രോളന്മാരുടെ പ്രിയപ്പെട്ട രമണനും മണവാളനും ദശമൂലം ദാമുവും എന്തിനേറെ പറയുന്നു ലുട്ടാപ്പി പോലും കേരളപൊലീസിന്റെ ട്രോളുകളിൽ സജീവമാണ്. ചിരിയും ചിന്തയും കലർത്തിയുള്ള ഓരോ പോസ്റ്റുകളും നിമിഷങ്ങൾക്കകമാണ് യുവാക്കൾ ഹൃദയത്തിലേറ്റുന്നത്. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളാണ് പേജിനെ ഇത്രയും ഹിറ്റാക്കിയത്. ''പുതുവർഷത്തിൽ ഒരു മില്യൺ ലൈക്കുകൾ നേടിയാണ് നമ്മുടെ പൊലീസ്പേജ് പുതുചരിത്രം കുറിച്ചത്. അതും 99ശതമാനം റേറ്റിംഗോടെ."" സോഷ്യൽ മീഡിയ ടീമംഗം കമൽനാഥിന്റെ വാക്കുകളിൽ അഭിമാനം നിറയുന്നു. തീർന്നില്ല നേട്ടം, ഇവരുടെ വിജയം അങ്ങ് മൈക്രോസോഫ്ടിലും എത്തിയതോടെ ട്രോളുണ്ടാക്കി രസിക്കുന്ന ഈ ട്രോളന്മാരെ പറ്റി പഠിക്കാൻ മൈക്രോസോഫ്ടിൽ നിന്നു വരെ ആള് വന്നു. സർക്കാർ സംവിധാനത്തിന് കീഴിൽ വരുന്ന ഒരു ഫേസ്ബുക്ക് പേജിന്റെ വളർച്ചയെ കുറിച്ച് പഠിക്കാനായിരുന്നു മൈക്രോസോഫ്ട് എത്തിയത്.
കിടുവേ..കിക്കുടു
പേജിനെ കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിച്ചതോടെ ലൈക്കുകളുടെ എണ്ണവും കൂടി വന്നു. ആർക്കും എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാവുന്ന ഒരു സംവിധാനം എന്ന നിലയിലാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജും പ്രവർത്തിക്കുന്നത്. ഓരോ ട്രോളിനും താഴെ വരുന്ന കമന്റുകൾക്ക് മാത്രമല്ല പേഴ്സണൽ മെസേജിനും കൂടിയാണ് ഇവർ ഒട്ടും പരിഭവമില്ലാതെ മറുപടി നൽകുന്നത്. ട്രോളുകൾക്കനുസരിച്ച് പലപ്പോഴും തിരികെ കിട്ടാറുള്ളതും ട്രോളുകൾ തന്നെയാണ്. എല്ലാത്തിനും ഉരുളയ്ക്കുപ്പേരി പോലെ ഇവരുടെ കൈകളിൽ മറുപടിയുമുണ്ട്. കേരള പൊലീസ് മറുപടി കൊടുക്കുന്നുണ്ടെന്നറിഞ്ഞ് വെറുതേ പോയിനോക്കാമെന്ന് കരുതുന്ന വിരുതന്മാരും കുറവല്ല. ജനങ്ങൾ ആസ്വാദ്യകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇത്.
''ചെറുപ്പക്കാരുടെ പ്രോത്സാഹനമാണ് പേജിനെ എപ്പോഴും ലൈവാക്കി നിറുത്തുന്നത്. കമന്റുകളേറെയും യുവാക്കളുടേത് തന്നെയാണ്. മറുഭാഗത്ത് നിന്ന് കിട്ടുന്ന ഓരോ ട്രോളുകളുമാണ് പിന്നെയും പിന്നെയും ട്രോളുണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുന്നത്"" സന്തോഷ് പറയുന്നു.
ട്രോളുകളെന്ന് പറഞ്ഞ് നിസാരവൽകരിക്കുന്നവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഓരോ ചിരിക്ക് പിന്നിലും ചിന്തയും കൂടി ഒളിപ്പിച്ചുവച്ചിരിക്കുന്നവയാണ് ഓരോ ട്രോളും. എന്തുകൊണ്ട് ഓരോ പോസ്റ്റും ട്രോളിന്റെ രൂപത്തിലെന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഇതാണ്..
''ആർക്കാണ് ഉപദേശങ്ങൾ കേൾക്കാനിഷ്ടം..ജനങ്ങളോട് ഗൗരവമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ആരും അത് ഉൾക്കൊള്ളില്ല. അതേ സമയം ട്രോളുകൾക്ക് ഇപ്പോഴൊരു മാർക്കറ്റ് വാല്യുവുണ്ട്. എന്തായാലും ഇപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടത്തിലെത്തി നിൽക്കുന്നു. മുമ്പൊന്നും കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിനെ കുറിച്ച് അറിയാത്തവർ പോലും ഇന്ന് തേടിപ്പിടിച്ച് ലൈക്കും കമന്റും ചെയ്യുന്ന തലത്തിലേയ്ക്കെത്തി. കമന്റുകൾക്ക് ഞങ്ങൾ ചൂടോടെ മറുപടി കൊടുക്കുന്നതോടെ കൂടുതൽ പേരും എത്തി തുടങ്ങി. ഉപദേശങ്ങളൊക്കെ ട്രോളാക്കി ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ച് മറുപടിയും കിട്ടുന്നുണ്ട്. ട്രോളുകളിലൂടെയുള്ള ഒരു ചാറ്റ് എന്നൊക്കെ പറയാം. ""ബി .ടി അരുൺ പറയുന്നു.
അൽ ട്രോളൻ കേരള പോലീസ്
ഹൈ ക്ലാസ് ട്രോളുകളും കമന്റുകളും പൊലീസിൽ നിന്നും വന്നു തുടങ്ങിയപ്പോൾ പലർക്കും അറിയേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. ഇവർ ശരിക്കും പൊലീസാണോ അതോ വല്ല ട്രോളന്മാരുമാണോയെന്ന്. ട്രോളുകൾ ഉണ്ടാക്കാൻ മാത്രമായും പൊലീസുണ്ടോയെന്നതായിരുന്നു പലർക്കും സംശയം. ഇവരും യഥാർത്ഥ പൊലീസുകാർ തന്നെയാണ്. സോഷ്യൽ മീഡിയ സെല്ലിലേക്ക് വീണ്ടും പരീക്ഷയെഴുതി പാസായാവർ. ട്രോളന്മാരെ അന്വേഷിച്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഡിപ്പാർട്ട്മെന്റുകളിലും അറിയിപ്പ് നൽകി, അപേക്ഷ ക്ഷണിക്കുകയായിരുന്നു. താത്പര്യം അറിയിച്ച അറുപതു പേർക്ക് പരീക്ഷയും ഇന്റർവ്യൂവും നടത്തി. ഇതിൽ നിന്നും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവരാണ് ഇവർ. വെറുതെ ട്രോളുണ്ടാക്കി രസിക്കുകയല്ല ഇവർ ചെയ്യുന്നത്. പകരം സേനയുടെ ബോധവൽക്കരണവും അറിയിപ്പുകളുമെല്ലാം യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഒപ്പം, കൃത്യമായ നിരീക്ഷണവും. ചുരുക്കിപറഞ്ഞാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്നർത്ഥം.
കൃത്യമായ ഫിൽറ്ററിംഗിന് ശേഷമാണ് ഓരോ ട്രോളും പേജിലേക്ക് എത്തുന്നത്. മനോജ് എബ്രഹാമും പൊലീസിലെ ഉന്നതരും ഈ ട്രോളന്മാരും അടങ്ങുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്.''ഓരോ ട്രോളും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും മനോജ് സർ അത് അംഗീകരിക്കുകയും വേണം. ചെറിയ പ്രശ്നങ്ങൾ എന്തെങ്കിലും ആണെങ്കിൽ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മാറ്റങ്ങൾ വരുത്തും. ഫോളോവേഴ്സ് ഇടുന്ന കമന്റ്സ് അനുസരിച്ച് മാന്യമായ മറുപടി നൽകണം എന്നാണ് നിർദ്ദേശമുള്ളത്. അതിനെല്ലാം സഹിഷ്ണുതയോടെ മറുപടി നൽകും. അതുപോലെ, നിരവധി വ്യാജവാർത്തകൾ പ്രചരിക്കുമ്പോൾ സത്യാവസ്ഥ എന്താണെന്ന് ചോദിച്ച് നിരവധി മെസ്സേജുകൾ വരാറുണ്ട്. സ്വാഭാവികമായും അതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. അതിനേറ്റവുമധികം സഹായകമായതും ഈ പേജ് തന്നെയാണ്."" ബിമലിന്റെ വാക്കുകൾ.
കേറി വാടാ മക്കളേ... കേറി വാ
പൊലീസിന്റെ മറുപടികൾക്കായി കാത്തു നിൽക്കുന്നവരെ ഒരിക്കലും ഇവർ നിരാശപ്പെടുത്തുന്നില്ല. കമന്റ് വരുന്നത് പൊലീസിന്റെ എംബ്ലത്തോടെ തന്നെയാണ്. മറുപടികളെല്ലാം ഒന്നിനൊന്നം മെച്ചം. ചിലപ്പോൾ നൈസായിട്ട് ഒന്ന് ട്രോളാനും മറക്കുന്നില്ല. '' പൊലീസ് മാമാ.. പൊലീസ് മാമാ എനിക്കും കൂടി റിപ്ലെ താ"" എന്നു പോസ്റ്റ് ചെയ്തവന് ''മാമന്റെ തക്കുടു, സുഖാണോ" "എന്നായിരുന്നു മറുപടി. ട്രോളുകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ ഒരു വിരുതൻ പോസ്റ്റ് ചെയ്ത് ഇങ്ങനെയാണ്. ''നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ബാക്കി ട്രോളന്മാരൊക്കെ എന്തു ചെയ്യും"". അതിന് പൊലീസ് മാമന്റെ മറുപടി ഇതാണ് ''പി.എസ്.സി ക്ലാസിന് ചേർന്നോളൂ" ".
ശബരിമല വിഷയം കത്തി നിന്നപ്പോൾ '' സമാധാനം കാത്തു സൂക്ഷിക്കാനാണോ സർ പകയോടെ ഭക്തരെ അടിച്ചോടിച്ചതും വണ്ടികൾ തല്ലിപ്പൊട്ടിച്ചതും"" എന്ന പോസ്റ്റിന് കൊടുത്തതും തിരിച്ച് അതേ നാണയത്തിൽ, '' എന്ത് കാത്തുസൂക്ഷിക്കാനാണ് സർ കുറുവടിയും കല്ലുമായി പൊലീസിനെ ആക്രമിച്ചത്"" എന്നായിരുന്നു. ''പതിയെ പോകുന്ന ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ആ കാറുകാരൻ സ്പീഡ് കൂട്ടും. അറിയാതെ ആണെങ്കിലും ആ കാറുകാരന്റെ പിതാമഹനെ ഞാൻ സ്മരിക്കും അതിൽ തെറ്റുണ്ടോ മാമാ.. എന്ന പോസ്റ്റിനും കിട്ടി നല്ല യമണ്ടൻ മറുപടി. ''നമ്മുടെ പുറകെ വരുന്നവൻ ചിലപ്പോ നമ്മുടെ പിതാമഹന്റെ പിതാമഹനെയും സ്മരിക്കുന്നുണ്ടാകാം എന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ ഈ അസുഖം"". ഇനി പറയൂ കേരളപൊലീസിനെ ട്രോളി തോൽപ്പിക്കാനുണ്ടോ.
കുട്ടിമാമാ ഞാൻ ഞെട്ടിമാമാ...
ഇവിടെയൊന്നും തീർന്നിട്ടില്ല കേരളപൊലീസിന്റെ സൈബർ പരീക്ഷണങ്ങൾ. ഇതിന് പിന്നാലെ സ്വന്തമായുള്ള യൂട്യൂബ് ചാനലിനെ ഒന്നു കൂടി ഉഷാറാക്കാനുള്ള പ്രവർത്തനങ്ങളെല്ലാം അണിയറയിൽ പുരോഗമിക്കുകയാണ്. ഒപ്പം ഒന്ന് രണ്ട് ഷോട്ട് ഫിലിമുകളും പിന്നാലെ വരുന്നുണ്ട്, വൈറൽ എന്ന ഷോർട്ട്ഫിലിം ശരിക്കും 'വൈറലാ"യതോടെയാണ് ആ മേഖലയിലേക്കും ഒരു കൈ നോക്കാൻ പൊലീസ്ട്രോളന്മാർ തീരുമാനിച്ചിറങ്ങിയത്. ഇപ്പോൾ റെയിൽ വേ പൊലീസിന് വേണ്ടി ഒരു ബോധവത്ക്കരണ വീഡിയോയും ചെയ്തു. അപ്പോഴും ഇവരോർമ്മിപ്പിക്കുന്ന ഒന്നുണ്ട്, വെറും നാലുപേര് മാത്രമല്ല ഇതിന് പിന്നിൽ, കേരളത്തിലെ അറുപതിനായിരത്തോളം വരുന്ന പൊലീസുകാരെ പ്രതീനിധീകരിക്കുന്നുവെന്നേയുള്ളൂ.
സംഗതി ചിരിയും തമാശയുമൊക്കെയാണെങ്കിലും പൊലീസിംഗ് രീതികളൊന്നും ഇപ്പോഴും മാറിയിട്ടില്ല. പേടിപ്പിക്കേണ്ടവരെ പേടിപ്പിച്ചും അല്ലാത്തപ്പോൾ സുഹൃത്തായും കേരളപൊലീസ് തകർക്കുകയാണ്. കുറ്റവാളികളും മറ്റും ഒരകലം പാലിക്കുന്നത് തന്നെയാണ് നല്ലതെന്ന ഒരോർമ്മപ്പെടുത്തലും കൂടി അവർ പങ്കുവയ്ക്കുന്നു. എന്തായാലും ഇപ്പോ കാര്യം പിടികിട്ടിയല്ലോ... പൊലീസെന്നാ സുമ്മാവാ.