താന്ത്രികവും നിഗൂഢവുമായ ആരാധനാരീതികൾ നിലനിന്നിരുന്ന യോഗിനീക്ഷേത്രങ്ങളെക്കുറിച്ച് വായിച്ച് ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. ക്ഷേത്രനഗരമായ ഭുവനേശ്വറിൽ വച്ചാണ് അവസാധാരണമായ ആചാരവിശേഷങ്ങളും വാസ്തുശില്പ സവിശേഷതകളുമുള്ള ഹിരാപൂരിലെ ചൗസത് യോഗിനിക്ഷേത്രത്തെക്കുറിച്ച് അറിയുന്നത്. ഭൂവനേശ്വറിൽ നിന്നും പുരിയിലേക്കുള്ള ദേശീയ പാതയിൽ നിന്നും ഇടറോഡിലേക്ക് തിരിഞ്ഞതോടെ അന്തരീക്ഷം മാറാൻ തുടങ്ങി. തിരക്ക് കുറഞ്ഞ ഗ്രാമപാത. രാവിലെ തന്നെ റോഡരുകിലെ തട്ടുകടകളിലെ വലിയ ചീനച്ചട്ടികളിൽ എണ്ണപലഹാരങ്ങൾ ഉണർന്നു തുടങ്ങി. മഹാനദിപോലെ അതിവിശാലമായ കനാലിന്റെ തീരത്തു കൂടിയായി പാത. പശുക്കളും ആടുകളും ഓരങ്ങളിൽ സ്വൈരമായി മേയുന്നു. യോഗിനി ക്ഷേത്രങ്ങൾ പൊതുവേ വിജനപ്രദേശങ്ങളിലായിരിക്കും. ഇന്ത്യയിലെ നാലുയോഗിനിക്ഷേത്രങ്ങളിൽ ഒന്നാണ് ഹിരാപൂരിലേത്. ഞങ്ങളുടെ ഡ്രൈവർ അരുൺ മഹാപാത്ര പറഞ്ഞു.
കനാലിനോട് വിടപറഞ്ഞ് പാത കുറേക്കൂടി ഇടുങ്ങിയ വയൽവഴിയിലേക്ക് തിരിഞ്ഞു. ചുറ്റും വിശാലമായ പച്ചപുതച്ച നെല്പാടങ്ങൾ. പെട്ടെന്ന് ഞങ്ങൾ വിശാലമായ ഒരു വയൽത്തുരുത്തിലേക്ക് പ്രവേശിച്ചു. വൃക്ഷത്തണലിൽ വാഹനം ഒതുക്കി. ഒന്നുരണ്ട് വാഹനങ്ങളും കുറച്ച് സന്ദർശകരുടേയും സാന്നിധ്യം. ക്ഷേത്ര വിവരങ്ങൾ നൽകുന്ന സംരക്ഷിത ചരിത്രസ്മാരകത്തിന്റെ സൂചനാഫലകം. നഗരക്ഷേത്രങ്ങളുടെ തിക്കും തിരക്കും ആരവങ്ങളുമില്ല. ക്ഷേത്രസങ്കേതം ആർക്കിയോളജിക്കൽ സർവ്വേയുടെഹോർട്ടികൾച്ചർ വിഭാഗം മനോഹരമായ ഒരു ഉപവനമായി പരിപാലിക്കുന്നു. വർണ്ണപ്പകിട്ടാർന്ന ഉടയാടകളണിഞ്ഞ ഗ്രാമീണരായ കുറച്ചു ഭക്തരുടെ സാന്നിധ്യമൊഴിച്ചാൽ വിജനവും നിശബ്ദവുമാണ് ചുറ്റുപാടുകൾ. നോക്കത്താദൂരത്തോളം ചുറ്റും നെൽവയലുകൾ.
താന്ത്രിക ബുദ്ധിസവും ശക്ത്യം പാസനയും തീവ്രമായിരുന്ന കാലഘട്ടത്തിലാണ് ഇന്ത്യയിലെ യോഗിനീക്ഷേത്രങ്ങൾ സജീവമാകുന്നത്. കൗളാർണ്ണവ തന്ത്രകല്പനകൾ പ്രകാരം സവിശേഷമായ രൂപകല്പനയോടെയാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മഴയും വെയിലുമെല്ലാം നിർബാധം ഇവയുടെ തുറന്ന മേൽക്കൂരയിലൂടെ സന്ദർശകരാകുന്നു. മറയ്ക്കപ്പെട്ട പ്രധാന വിഗ്രഹവും വൃത്താകൃതിയും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സങ്കേതങ്ങളും മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു.
വൃത്താകൃതിയിലുള്ള ക്ഷേത്ര മതിൽക്കകത്തെ ഭിത്തിയിൽ 64 യോഗിനിവിഗ്രഹങ്ങൾ കാണാം. അതിനാൽ ഇവ 64 യോഗിനീ ക്ഷേത്രമെന്നറിയപ്പെടുന്നു. ഇന്ത്യയിലെ മറ്റു യോഗിനിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെറുതും ശില്പസുന്ദരവുമാണ് ഹിരാപൂരിലെ ഈ ക്ഷേത്രം. ദേവോപാസകരായ ഭഞ്ചഭരണാധികാരികളുടെ കാലത്തായിരിക്കണം ക്ഷേത്ര നിർമ്മിതി. 1953ൽ കേദാർ നാഥ് മഹാപാത്രയെന്ന ചരിത്രഗവേഷകനാണ് ഈ ക്ഷേത്രം കണ്ടെത്തിയത്. ഇന്ത്യയിൽ ഇത്തരം 64 ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ട ഈ രണ്ടെണ്ണം ഒറീസയിലും മധ്യപ്രദേശിലുമത്രേ. 30 അടി വ്യാസമുള്ള വൃത്താകൃതിയിലുള്ള ക്ഷേത്രം കാഠിന്യമുള്ള ഒരുതരം ചുണ്ണാമ്പുകല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്രവേശനദ്വാരത്തിൽ രണ്ടു ദ്വാരപാലകരും പുറംഭിത്തിയിൽ ചുറ്റുമായി നവ കാത്യായനീ ശില്പങ്ങളും കാണാം.
ഗോത്രാരാധനയുമായി ബന്ധപ്പെട്ട യോഗിനീക്ഷേത്രങ്ങളിൽ 64,42,81 എന്നീ താന്ത്രിക സംഖ്യകൾക്കാണ് പ്രാമാണ്യം. 64 ദലങ്ങളോ ആരങ്ങളോ ആയിവിഭജിക്കപ്പെട്ടവയാണ് ഉൾഭിത്തികൾ. മാദകവും സമൃദ്ധവുമായ ആഴമേറിയ മാറിടങ്ങളോടും സവിശേഷകേശാലങ്കാരത്തോടും ആഭരണങ്ങളോടുംകൂടി ലാവണ്യമാർന്ന കൃഷ്ണശിലാവിഗ്രഹങ്ങളാണിവിടുത്തേത്. മുസ്ലിം ആക്രമത്തിന് വിധേയമായ ഈ വിഗ്രഹങ്ങളിൽ മിക്കവയ്ക്കും അംഗഭംഗം സംഭവിച്ചിരിക്കുന്നു.
9 മുതൽ 12 വരെ നൂറ്റാണ്ടുകളിൽ യോഗിനീതന്ത്രം ശക്തമായിരുന്നകാലത്തായിരിക്കണം ഇവയുടെ നിർമ്മിതി. 16-ാം നൂറ്റാണ്ടുവരെ ഇതിനെ സ്വാധീനം നിലനിന്നു സ്കന്ദപുരാണത്തിലും മറ്റും യോഗിനിമാരുടെ പരാമർശമുണ്ട്. സപ്തമാതൃക്കൾ അഷ്ടമാതൃക്കളായും പിന്നീട് അവയുടെ ഗുണിതങ്ങളായും വികസിച്ചു. ബ്രാഹ്മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, ഐന്ദ്രി, ചാമുണ്ഡ, മഹാലക്ഷ്മി, വരാഹി എന്നിവരാണ് അഷ്ടമാതൃക്കൾ. 15-ാം നൂറ്റാണ്ടിലെ ഒറിയയിലെ പ്രശസ്തകവി സരളാദാസിന്റെ ചണ്ഡീപുരാണത്തിൽ യോഗിനിമാരെക്കുറിച്ചും പറയുന്നുണ്ട്. ദേവിയുടെ ശബ്ദം, വിയർപ്പ്, നാസിക, നെറ്റി, കവിൾ ചുണ്ടുകൾ, ചെവി,തുട, പെരുവിരൽ, ഗർഭപാത്രം, കോപം എന്നിവയിൽ നിന്നാണത്രെ യോഗിനികൾ പിറവിയെടുത്തത്.
യോഗിനീക്ഷേത്രങ്ങളിൽ ഖജ്ഞുരാഹോ മാത്രമാണ് ദീർഘചതുരാകൃതിയിലുള്ളത്. വൃത്താകൃതിയുള്ള ക്ഷേത്രമദ്ധ്യത്തിൽ ചതുരാകൃതിയിലുള്ള ചണ്ഡീമണ്ഡപമുണ്ട്. ബുദ്ധന്റെ ധർമ്മചക്രവുമായി ക്ഷേത്രസ്വരൂപത്തിന് ബന്ധമുണ്ടാവാം. അഗ്നിപുരാണത്തിലും ബൃഹത് സംഹിതയിലും ഇത്തരം ക്ഷേത്രനിർമ്മിതികൾ പരാമർശിക്കുന്നുണ്ട്. ക്ഷേത്രത്തിനകഭിത്തിയിലെ 60 യോഗിനിശില്പങ്ങളുണ്ട്. 61-ാമത്തെ ശില്പം സർവ്വമംഗള - നഷ്ടപ്പെട്ടിരിക്കുന്നു. മധ്യത്തിലുള്ള ചണ്ഡീമണ്ഡപത്തിൽ മൂന്ന് ശില്പങ്ങളുണ്ട്. 31-ാമത്തെ മഹാമായയെന്ന ്പരധാനയോഗിനിക്ക് പത്ത് കൈകളുണ്ട്. 19 യോഗിനിമാർക്ക് ചതുർഭുജങ്ങളോടും 43 എണ്ണം ഇരുകൈകളോട് കൂടിയതുമത്രേ.
യോഗിനിമാരുടെ കേശാലങ്കാരങ്ങളിലും കർണ്ണാഭരണങ്ങളിലും പാദസരങ്ങളിലും കണ്ഠാഭരണങ്ങളിലും അരപ്പട്ടകളിലും കങ്കണങ്ങളിലും സവിശേഷശൈലികൾ കാണാം. ചൂഡാമണികളും കിരീടങ്ങളും പ്രത്യേകതയുള്ളവയാണ്. ചിത്രാങ്കിതമായ വസ്ത്രങ്ങളും ബ്ലൗസുകളും ചിലർ ധരിച്ചിട്ടുണ്ട്.
മായ,താര,നർമ്മദ, യമുന, ശാന്തി, വൃദ്ധി, അജിത, ഇന്ദ്രാണി, വരാഹി, പത്മാവതി, മുരാതി, വൈഷ്ണവി, വിരൂപ, വാദ്യരൂപ, ചർച്ചിക, മാർജാരി, ചിന്നമസ്തക, വൃഷഭാനന, ജലകാമിനി, ഘട്ട്വാര, വികറാലി,സരസ്വതി, വിരൂപ, കാവേരി, ഭല്ലൂക, സിംഹമുഖി, ബിരാജ, വിടകാനന്ദ, മഹാലക്ഷ്മി, കൗമാരി, മഹാമായ, രതി, കർകാരി, സർപാഷാ, യോഷ,അഘോര, ഭദ്രകാളി, മാതംഗി, ബിന്ധ്യ,ബാലിനി, അഭയ, കാമാക്ഷി, കാമായനി, ഘടാബാരി, സ്തുതി, കാളി, ഉമ, നാരായണി, സമുദ്ര, ബ്രാഹ്മണി, ജ്വാലാമുഖി, ആഗ്നേയി, അദിതി, ചന്ദ്രകാന്തി, വായുവേഗ, ചാമുണ്ഡ, മുരാതി, ഗംഗ, ധൂമാവതി, ഗാന്ധാരി, അജിത, സൂര്യപുത്രി, വായുവീണ എന്നീ യോഗിനിമാരാണ് ഹിരാപൂരിലുള്ളത്.
പാമ്പിന്റെ മുകളിൽ തംബുരുധാരിയായി ചതുർഭുജങ്ങളോടെയാണ് പാർവതി നിൽക്കുന്നത്. സർപ്പമാലയണിഞ്ഞ് വലതുഭാഗത്ത് കൊണ്ടകെട്ടി, വജ്രം കൈകളിൽ ധരിച്ച് വിടർന്നതാമരപ്പൂവിൽ മഹാലക്ഷ്മി. മറ്റു യോഗിനീശില്പങ്ങളേക്കാൾ വലിപ്പം കൂടിയതാണ് മഹാമായയുടേത്. പ്രദേശവാസികൾ മഹാമായാക്ഷേത്രമെന്നാണ് വിളിച്ച് പോരുന്നത്. താമരപ്പൂവിൽ കിരീടവും നെക്ലേസും വളകളും ധരിച്ചാണ് മഹാമായ നിലകൊള്ളുന്നത്. മഹാമായാ പുഷ്കരിണി എന്നൊരു ക്ഷേത്രക്കുളവും ഇവിടെ കാണാം. അത്യപൂർവ്വമായ പെൺഗണപതിയോഗിനി (മാതംഗി/വിനായകി/ഗണേഷിനി) യേയും ഇവിടെ കാണാം. മെലിഞ്ഞ് ഉണങ്ങിത്തൂങ്ങുന്ന സ്തനങ്ങളുമായി അസ്ഥികൂട സമാനമായി ചാമുണ്ഡി.
ക്ഷേത്രത്തിന്റെ പുറംഭിത്തിയിലെ ഭൈരവന്മാർ ഊർദ്ധ്വലിംഗമത്രെ. ഹിരാപൂരിലെ യോഗിനിമാർ തങ്ങളുടെ വാഹനങ്ങളുടെ പുറത്ത് നിലകൊള്ളുന്നു. റാണിപൂരിൽ നൃത്തരൂപത്തിലും ഭേദാഘട്ടിൽ ഇരിക്കുന്ന നിലയിലുമാണ് കാണുന്നത്. മണ്ഡലവും ചക്രവും യോഗിനിമാർക്ക് പ്രിയപ്പെട്ടതത്രേ. യോഗിനിമാർ ഒറ്റയ്ക്കല്ല സംഘമായിട്ടാണ് കാണുക. സൗമ്യവും രൗദ്രവും ഉഗ്രവുമാണ് ഭാവങ്ങൾ. അനാർഭാടമാണ് ക്ഷേത്ര നിർമ്മിതികൾ.
ആഗമങ്ങളിലും സംഹിതകളിലും ഹൈന്ദവതാന്ത്രിക പരാമർശങ്ങളുണ്ട്. ഋഗ്വേദം, സാമവേദം, അഥർവ്വ, യജുർവ്വേദം, സത്പഥ ബ്രാഹ്മണം, ചാണക്യന്റെ അർത്ഥശാസ്ത്രം, വിഷ്ണുപുരാണം, സാംഖ്യകാരിക എന്നിവകളിലും കാളിദാസൻ, ഭാസ്കരാചാര്യൻ, അഭിനവഗുപ്തൻ, ബാണഭട്ടൻ എന്നിവരിലും യോഗിനി പരാമർശങ്ങൾ കാണാം.
പാതിരാപ്പൂജകളും ബലികർമ്മങ്ങളും നിഗൂഢമായ മറ്റു ക്രിയകളും നടന്നിരുന്ന കാലത്തെക്കുറിച്ച് പൂജാരി പറഞ്ഞു. കിഴക്കുവശത്തെ സൂര്യമണ്ഡപത്തിൽ സൂര്യധ്യാനത്തിനായി യോഗികൾ എത്തിയിരുന്നവത്രേ. മഹാമായയ്ക്ക് ചുവന്ന കുപ്പിവളകൾ അണിയിച്ച് പ്രാർത്ഥിക്കുന്ന ഒരു കുടുംബത്തിനായി കടും പട്ടുടയാടകളുടെ മറ പൂജാരി മെല്ലെ വകഞ്ഞുമാറ്റി. തിളങ്ങുന്ന കൃഷ്ണശിലയിൽ മാദകത്വം വഴിയുന്ന മഹാമായ ഒന്നിവെളിപ്പെട്ടപോലെ. നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്നും ചരിത്രവും നിഗൂഢതകളും വിചിത്രാനുഷ്ഠാനങ്ങലും തളം കെട്ടിനിൽക്കുന്ന വിചിത്രമായൊരു സന്നിധാനത്തിന്റെ വെളിപ്പെടൽ പോലെ...
(ലേഖകന്റെ ഫോൺ:9447575156)