വിഷ്ണുവിന് പിതാവിന്റെ ഒന്നാംചരമവാർഷികം പ്രമാണിച്ച് കുറച്ച് സാധുക്കൾക്ക് ആഹാരം നൽകണം. നഗരപ്രാന്തത്തിലെ ഒരു വൃദ്ധസദനത്തിൽ പണമടയ്ക്കാൻ പോകുമ്പോൾ വെറുതെ ഒന്നു വിളിച്ചു. വൃദ്ധസദനത്തിലെ ജീവിതം അടുത്തറിയാമല്ലോ എന്നു കരുതി കൂടെപ്പോയി. അവിടെ ചെന്നപ്പോൾ പരിചയക്കാരനായ സദാനന്ദൻ അവിടത്തെ സെക്യൂരിറ്റി.നാട്ടിലധികമാരോടും മിണ്ടുന്ന പ്രകൃതക്കാരനായിരുന്നില്ല അയാൾ. പക്ഷേ കണ്ടയുടൻ ഓടിവന്നു. എല്ലാ കാര്യങ്ങളും സ്വന്തം കാര്യം പോലെ ചെയ്തു. പഴയ സദാനന്ദനല്ല, വൃദ്ധസദനം അയാളെ പാടെ മാറ്റിയപോലെ. അല്പനേരം സംസാരിച്ചപ്പോൾതന്നെ ആ മാറ്റം അനുഭവിക്കാനായി.
ശമ്പളത്തിന് പുറമേ അല്ലറചില്ലറ വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ച് വൃദ്ധസദനത്തിലെ ജോലി സ്വീകരിക്കുകയായിരുന്നു അയാൾ. ജീവിതത്തിൽ ഇതുവരെ മറ്റാർക്കും വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആരോരുമില്ലാത്ത വൃദ്ധരെ സ്നേഹിക്കാം. അവരെ പരിചരിക്കാം. ഇതൊക്കെയായിരുന്നത്രേ വൃദ്ധസദനത്തിൽ സെക്യൂരിറ്റിക്കാരനായി ചുമതലയേൽക്കുമ്പോൾ സദാനന്ദന്റെ മനസിൽ.
'നഗരത്തിൽ അതുവരെ കണ്ട തിരക്കിട്ട ഒന്നിനും സമയം തികയാത്ത ജീവിതമല്ല നിരവധി ജീവിതാനുഭവങ്ങളുടെ ഒരു ചില്ലുകൊട്ടാരം" സദാനന്ദൻ വൃദ്ധസദനത്തെ വിശേഷിപ്പിക്കുന്നത് അങ്ങനെ.
വിഷ്ണു ഓഫീസിൽ പണമടച്ച് എത്രനേരം എന്തൊക്കെ ഭക്ഷണം നൽകണമെന്ന കാര്യം ചർച്ച ചെയ്യുന്നതിനിടയിൽ സദാനന്ദൻ വൃദ്ധസദനത്തിലെ ചില അനുഭവങ്ങൾ പങ്കുവച്ചു. ഒരു മരത്തണലിൽ കുളിച്ച് പുതിയ വസ്ത്രം ധരിച്ചു കാറ്റുകൊണ്ടിരിക്കുന്ന രണ്ടുപേരെ അയാൾ ചൂണ്ടിക്കാട്ടി. അതിലൊരാൾ മുമ്പ് ഒരു സ്വകാര്യ ബസ് മുതലാളിയാണ്. നിരവധി ബസുകളുണ്ടായിരുന്നു. ധാരാളം സമ്പാദിച്ചു. ഏഴെട്ട് മക്കളുണ്ട്. പഴയ ബസുകൾ ഓടിക്കാൻ പറ്റാത്ത സ്ഥിതിയാകുമ്പോൾ ആക്രിക്കാർക്ക് കൊടുക്കും. അതുപോലെ മക്കൾ വൃദ്ധസദനത്തിലേക്ക് തന്ന ജീവനുള്ള ഒരു ബസാണത്. പേര് വിശ്വംഭരൻ. അച്ഛനെ വൃദ്ധസദനത്തിലാക്കിയതിന് അവരെല്ലാം ചേർന്ന് വിശ്വസനീയമായ ഒരു കള്ളക്കഥയുണ്ടാക്കി. എത്ര ശ്രദ്ധിച്ചാലും വസ്ത്രമില്ലാതെ നടന്നുകളയും. വീട്ടിൽ പെണ്ണുങ്ങളുള്ളതല്ലേ. ഇവിടെ വന്നശേഷം അദ്ദേഹം തന്നെ കണ്ണീരോടെ ആ മക്കളുണ്ടാക്കിയ കടങ്കഥ പറഞ്ഞു.
എന്നും രാവിലെയും വൈകിട്ടും വന്നു ചോദിക്കും. മക്കളാരെങ്കിലും വന്നോ ഫോൺ ചെയ്തോ എന്നൊക്കെ. അപ്പോൾസമാധാനിപ്പിക്കാൻ എന്തെങ്കിലുമൊരു കള്ളം പറയും. കള്ളമെന്ന് മനസിലാകുമെങ്കിലും വിശ്വസിച്ചെന്ന് ഭാവിച്ച് തിരിച്ചു നടക്കും.
മറ്റേയാൾ കേന്ദ്രസർവീസിൽ ഉയർന്ന സ്ഥാനത്തിരുന്ന് റിട്ടയർ ചെയ്ത മധുസൂദനൻ പിള്ള. ഓഫീസിൽ കറങ്ങുന്ന കസേര,നിരവധി സഹായികൾ. കാറിന്റെ ഡോർ തുറന്നു കൊടുക്കാൻ പോലും ആളുണ്ട്. ഓർമ്മകൾ ഇടയ്ക്കിടെ മുറിഞ്ഞു പോകും. പരസ്പരബന്ധമില്ലാതെ എന്തെങ്കലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. വീട്ടിൽ നോക്കാനാരുമില്ലെന്ന് പറഞ്ഞാണ് മക്കൾ വൃദ്ധസദനത്തിലാക്കിയത്. പക്ഷേ മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും പേരിൽ ചെയ്യേണ്ട അർച്ചന, പാൽപ്പായസം, നേർച്ച എന്നിവ വീട്ടുകാരെ ഓർമ്മിപ്പിക്കാൻ തന്നോട് പറയും. കൃത്യമായി ഫോൺ നമ്പരുകളും തരും.
ഓർമ്മപ്പിശകും ഒരു കള്ളക്കഥയെന്നാണ് സദാനന്ദന്റെ വിലയിരുത്തൽ. അവരെയെല്ലാം ആശ്വസിപ്പിക്കാൻ കള്ളം പറഞ്ഞുപറഞ്ഞ് താനൊരു പെരുങ്കള്ളനായെന്നും സദാനന്ദൻ കുറ്റബോധത്തോടെ പറഞ്ഞു. ആകെയുള്ള ഒരു ഗുണം തന്റെ കുടുംബത്തിലും സൗഹൃദവലയത്തിലും നിലനിന്നിരുന്ന സൗന്ദര്യപ്പിണക്കങ്ങൾ തീർത്ത് ഒരുമയോടെ പോകുന്നു. ആ ബോണസ് തരാനായിരിക്കും ദൈവം ഈ വൃദ്ധസദനത്തിലെ കാവൽക്കാരനാക്കിയതെന്നും സദാനന്ദൻ വിശ്വസിക്കുന്നു.
(ഫോൺ: 9946108220)