ഒാണവെയിൽ പകൽകിനാവ് കാണുന്ന പത്തുമണി നേരം. പതിവിൽ നിന്നും വ്യത്യസ്തമായി പള്ളിക്കൂടാന്തരീക്ഷം നിശബ്ദതയിലാണ്. പരീക്ഷ എന്താണെന്നും എന്തിനാണ് പരീക്ഷയെന്നും അറിയാതെ ടീച്ചർ പറയുന്നതെല്ലാം എഴുതികൊണ്ടിരുന്നു. 'തറ"യും 'പറ"യും 'പന"യും 'മന"യും 'തല"യും 'വല"യും എഴുതി കഴിഞ്ഞപ്പോൾ ടീച്ചർ സ്ലേറ്റിൽ മാർക്കെഴുതി വട്ടം വരച്ചു. മിടുക്കൻ എന്നു പറഞ്ഞുകൊണ്ട് ടീച്ചർ കൊടുത്ത സ്ലേറ്റ് വാങ്ങി അഭിമാനത്തോടെ ബെഞ്ചിൽ വന്നിരുന്നു. പള്ളിക്കൂടം വിട്ടപ്പോൾ കൂട്ടരോടൊത്ത് തുമ്പയോടും തുമ്പിയോടും കിന്നാരം പറഞ്ഞും അന്തിമന്ദാരത്തിന്റെ സുഗന്ധം മണത്തും കറുകയും കള്ളിപ്പുല്ലും പരവതാനി വിരിച്ച നാട്ടിടവഴികളിലൂടെ നടന്ന് വീട്ടിലെത്തിയ പാടേ വട്ടം വരച്ചതിനുള്ളിലെ മാർക്ക് അമ്മയെ കാണിച്ചു.
സന്തോഷം കൊണ്ട് വിടർന്ന കണ്ണുകളുമായി അമ്മ മകന്റെ നെറ്റിയിലുരമ്മ കൊടുത്തു. അച്ഛനെ മാർക്ക് കാണിക്കണമെങ്കിൽ വൈകുന്നേരം വരെ കാത്തിരിക്കണം. ഒരായിരം വട്ടം സ്ലേറ്റ് എടുത്തു നോക്കുകയും തിരികെ വെക്കുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടയിലെപ്പോഴോ ചോക്ക് കൊണ്ടെഴുതിയ മാർക്ക് മാഞ്ഞുപോയി. മാർക്ക് മാഞ്ഞ സ്ലേറ്റ് കണ്ട അച്ഛനോട് അമ്മ പറഞ്ഞു- നല്ല മാർക്കാണ്. ഇരുപത്തിയഞ്ചിൽ ഇരുപത്തിനാലുണ്ട്. മാർക്ക് കേട്ട അച്ഛൻ ചിരിച്ചു. അച്ഛന്റെ ആ ചിരിയിൽ കടലോളം അനുഗ്രഹത്തിന്റെ ആഴവും പരപ്പുമുണ്ടായിരുന്നു. ആദ്യത്തെ പരീക്ഷാനുഭവത്തെ കുറിച്ചോർക്കുമ്പോൾ ഗുരുനാഥയുടെ അഭിനന്ദനത്തിന്റേയും അമ്മയുടെ ഉമ്മയുടേയും അച്ഛന്റെ പുഞ്ചിരിയുടേയും സമ്മിശ്ര സ്നേഹസ്പർശമാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ മനസിൽ ഓടിയെത്തുന്നത്.
കേരളത്തിൽ ഇനിയുള്ള നാളുകൾ പരീക്ഷകളുടെ പൂക്കാലമാണ്. പേടിയില്ലാതെ എഴുതിയ ആദ്യപരീക്ഷ മുതലുള്ള പരീക്ഷാനുഭവങ്ങളെ കുറിച്ച് കേരളത്തിലെ അദ്ദേഹം സംസാരിക്കുന്നു.
പരീക്ഷയെ എനിക്ക് പേടിയില്ലായിരുന്നു. എന്നാൽ മറ്റു ചില കാരണങ്ങളാൽ പരീക്ഷയെ പേടിക്കുകയും ചെയ്തിരുന്നു. തോൽക്കാൻ സാദ്ധ്യതയുള്ള സഹപാഠികളെ ഓർത്തായിരുന്നു എന്റെ പരീക്ഷാപ്പേടി. ആരും തോൽക്കുന്നത് ഇഷ്ടപ്പെടാത്ത ഞാൻ എല്ലാ കൂട്ടുകാരും എപ്പോഴും ജയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പട്ടിണി കിടക്കുന്ന മനുഷ്യനോട് തോന്നുന്ന വികാരമായിരുന്നു മാർക്ക് കുറയുന്ന സഹപാഠികളോട് എനിക്ക് തോന്നിയിരുന്നത്. മറ്റൊരു പരീക്ഷപേടി അച്ഛനെ കുറിച്ചായിരുന്നു. ഹൈസ്കൂൾ തലത്തിൽ എത്തിയപ്പോഴാണ് അച്ഛനെകുറിച്ചുള്ള പരീക്ഷാപേടി തുടങ്ങിയത്. ഞങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്റർ അച്ഛനായിരുന്നു. പീതാംബരൻ കർത്ത എന്ന കർത്താസാറിന്റെ മകന്റെ മാർക്ക് എല്ലാ അദ്ധ്യാപകരും ശ്രദ്ധിച്ചിരുന്നു. ഒരു മാർക്കിലായിരിക്കും ചിലപ്പോൾ ക്ലാസിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുക. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഓരോ പരീക്ഷയും എഴുതിയിരുന്നത്. അച്ഛന്റെ അഭിമാനത്തിന് നേരിയ അപമാനം പോലും എന്നിലൂടെ ഉണ്ടാകരുതെന്ന് ഞാൻ തീരുമാനിച്ചു.
മലയാളികളെ മാനസികമായി ഉണർത്തുകയും മലയാളി മാനസികമായി ഉണർന്നിരിക്കുകയും ചെയ്യുന്ന ആഘോഷങ്ങളുടെ ആർപ്പുവിളികൾക്കിടയിലൂടെയാണ് പരീക്ഷകൾ എപ്പോഴും കടന്നു പോകുന്നത്. ഓണപരീക്ഷ, ക്രിസ്തുമസ് പരീക്ഷ, വാർഷിക പരീക്ഷ. അതുകൊണ്ടായിരിക്കണം കുട്ടിക്കാലം മുതലേ പരീക്ഷകളെ ഞാൻ ആഘോഷത്തിന്റെ ഭാഗമായി കണ്ടത്. പൂക്കളം പോലെ, പുലികളി പോലെ, ഊഞ്ഞാലാട്ടം പോലെ, ഓണസദ്യ പോലെ ഓണപരീക്ഷയേയും ഓണാഘോഷമായാണ് ഞാൻ സ്നേഹിച്ചത്. ഋതുക്കൾക്ക് വർണഭേദം വരുത്തുന്ന ശൈത്യകാലത്തിന്റെ സ്വന്തമാണ് സിഡംബർമാസം.
അസ്തമയ സൂര്യൻ സമ്മാനിക്കുന്ന സ്വർണവർണത്താൽ തിളങ്ങുന്ന ഡിസംബറിലെ സായാഹ്നത്തിൽ പള്ളിമണിയുടെ മന്ത്രനാദത്തിന്റെ അകമ്പടിയോടെ കുടമണികളുടെ കിലുക്കവും കുളമ്പടികളുടെ താളാത്മക ശബ്ദവുമായി വെള്ളിത്തേരിൽ ആകാശത്തു നിന്നും നക്ഷത്രങ്ങളേയും കൊണ്ട് വിരുന്നു വരുന്ന ക്രിസ്തുമസിനെ വരവേൽക്കുന്ന അതേ മാനസികാവസ്ഥയിൽ തന്നെയാണ് ക്രിസ്തുമസ് പരീക്ഷകളേയും ഞാൻ സ്വീകരിച്ചിരുന്നത്. കേരളത്തിലെ ഉത്സവാഘോഷങ്ങളുടെ നടുവിലൂടെയാണ് വാർഷിക പരീക്ഷകൾ നടന്നുവരുന്നത്. മീനമാസത്തിലെ ഉച്ച സൂര്യന്റെ ഉഷ്ണക്കാറ്റേറ്റ് പാട്ടുപാടുന്ന കാറ്റാടി മരങ്ങളും പുഞ്ചിരിപൂവുകൾ ചൊരിയുന്ന കണിക്കൊന്നകളും നിറഞ്ഞു വളരുന്ന വളഞ്ഞു നീണ്ട വഴിത്താരകളിലൂടെ പൂരവും തെയ്യവും കാണാൻ പോകുന്ന അതേ ഉത്സാഹത്തോടെയാണ് വാർഷിക പരീക്ഷകൾ എഴുതാനും ഞാൻ പോയിരുന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ ചോദ്യപേപ്പർ നോക്കി കണക്ക് കൂട്ടി ഞാൻ തന്നെ മാർക്കിടും. അതൊരു ആശ്വാസമാണ്. ഉത്തരക്കടലാസ് കിട്ടുമ്പോൾ കിട്ടിയ മാർക്കും എഴുതിവെച്ച മാർക്കും ഏകദേശം ഒത്തുവരും. ചിലപ്പോൾ കണക്കുകൂട്ടലുകൾ തെറ്റിപ്പോകും. എന്നാലും അതൊരു പതിവുരീതിയും രസവുമായിരുന്നു. വാർഷിക പരീക്ഷ കഴിഞ്ഞതിനു ശേഷം ക്ലാസ് കയറ്റം അറിയുന്നതിന്റെ തലേ ദിവസം സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല. കൂടെ പഠിക്കുന്ന ആരെങ്കിലും തോൽക്കുമോ എന്ന ഭയം എന്നെ വല്ലാതെ അസ്വസ്ഥനാക്കും. കൂട്ടുകാരോടൊപ്പം രാവിലെ സ്കൂളിൽ പോയി റിസൾട്ട് നോക്കും. കളിച്ചു ചിരിച്ച് വന്നവരിൽ ചിലർ തോൽക്കും. തോറ്റു എന്നറിയുമ്പോൾ നീര് നിറഞ്ഞ നിസഹായമായ കണ്ണുകളോടെ നിശബ്ദനായി നിൽക്കുന്ന കൂട്ടുകാരനെ കാണാൻ വലിയ പ്രയാസമാണ്. ജീവിതം നിശ്ചലമായി എന്ന മട്ടിൽ തന്റെ മുന്നിൽ വരണ്ട ഭൂമിയും പറവകളില്ലാത്ത ആകാശവും മാത്രമേയുള്ളൂ എന്ന ഭാവത്തിൽ ഒന്നും മിണ്ടാതെ വേദനയുടെ വെയിൽ തിന്ന് വാടി വീണ മുഖവുമായി നിൽക്കുന്ന പരാജിതരെ കാണുമ്പോൾ നെഞ്ച് പൊള്ളുന്ന അനുഭവമാണ് സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നത്.
പരീക്ഷയെ പരീക്ഷണമായി കാണുന്നതാണ് പലരുടേയും പരാജയത്തിന്റെ കാരണം.
വിദ്യാർത്ഥിയുടെ മുന്നിൽ പേടിപ്പെടുത്താനായി നിൽക്കുന്ന വലിയൊരു ഭീകരജീവിയായാണ് പല കുട്ടികളും പരീക്ഷയെ കാണുന്നത്. നല്ലതുപോലെ പഠിക്കുന്ന കുട്ടികൾ പോലും ചിലപ്പോൾ ചോദ്യകടലാസ് കിട്ടുമ്പോൾ ഭീകര ജീവിയെ കണ്ടതുപോലെ മുഖം വിളറി ശരീരം വിറച്ചു വിയർക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭയപ്പെടുത്തുന്ന ഉരുൾപൊട്ടലിന്റെ മലവെള്ള പാച്ചിലിൽ അടിമണ്ണൊലിച്ച് വേര് പറിഞ്ഞു ചരിഞ്ഞ ആൽമരം പോലെ ആത്മവിശ്വാസം തകർന്നടിഞ്ഞിരിക്കുന്നവർക്ക് ഒന്നും എഴുതാൻ കഴിയില്ല. വാക്കുകളില്ലാത്ത സന്ദേഹങ്ങളും കാരണമില്ലാത്ത നൊമ്പരങ്ങളും അവരെ അധീരരാക്കും.
വിദ്യാർത്ഥിയിൽ നിന്നും അദ്ധ്യാപകനായപ്പോൾ പരീക്ഷയുടെ പേരിൽ ഞാനൊരിക്കലും കുട്ടികളെ പേടിപ്പിച്ചിട്ടില്ല. ഉത്തരക്കടലാസിന് മുന്നിലിരുന്ന് പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയേക്കാൾ ശ്രമകരമാണ് ഉത്തരമെഴുതുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്ന അദ്ധ്യാപകന്റെ ജോലി. പരീക്ഷാ ഹാളിലെ കാഴ്ചകൾ പല വിധമാണ്. മനസിലുള്ളതു മുഴുവൻ വേഗതയിൽ എഴുതി തീർക്കാൻ ശ്രമിക്കുന്നവർ, മറവിയുടെ നേരിയ മഞ്ഞുപാട മൂടിയ ഉത്തരത്തിനായി ചിന്തിച്ചിരിക്കുന്നവർ, അന്തംവിട്ടിരിക്കുന്നവർ, എങ്ങനെയെങ്കിലും സമയത്തിന്റെ നക്ഷത്രരേണുക്കൾ ഒഴുകി തീർന്നുകിട്ടാനായി ജനാലയിലൂടെ ആകാശശൂന്യതയിൽ നോക്കിയിരിക്കുന്നവർ, കള്ളത്തരം കാണിക്കാനായി കാത്തിരിക്കുന്നവർ. കള്ളത്തരം കാണിക്കുന്ന കുട്ടികൾ കരുതുന്നത് അദ്ധ്യാപകർ ഒന്നും അറിയുന്നില്ല എന്നാണ്. അന്നത്തേയും ഇന്നത്തേയും എന്നത്തേയും പരീക്ഷാഹാളിലെ വിദ്യാർത്ഥികളുടെ ധാരണ അദ്ധ്യാപകരുടെ കണ്ണുകെട്ടി കള്ളത്തരം കാണിക്കാമെന്നാണ്. അവരറിയുന്നില്ല അവരനങ്ങിയാൽ അദ്ധ്യാപകർ അറിയുമെന്ന്. കാരണം , വിദ്യാർത്ഥി ജീവിതത്തിന്റെ കാലവും കോലവും കാലക്കേടുകളും കുരുത്തക്കേടുകളും കണ്ടും കൊണ്ടും കൊടുത്തമല്ലേ ഏതൊരാളും അദ്ധ്യാപകനാകുന്നത്.
ഉത്തരക്കടലാസുകൾ പരിശോധിക്കുമ്പോൾ ആദ്യത്തെ രണ്ടോ മൂന്നോ ഉത്തരത്തിൽ തന്നെ കുട്ടിയുടെ പഠന നിലവാരം കൃത്യമായി അറിയാൻ കഴിയും. നന്നായി പഠിച്ച് എഴുതിയതും ഉഴപ്പി പഠിച്ച് എഴുതിയതും കണ്ടെഴുതിയതും നല്ലതുപോലെ പഠിച്ചിട്ട് പരീക്ഷാപേടി കാരണം എഴുത്ത് കുഴഞ്ഞുപോയതും അദ്ധ്യാപകർക്ക് മനസിലാക്കാൻ കഴിയും. പരിഭ്രമത്താൽ പരീക്ഷ എഴുതിയതുകൊണ്ട് വന്നുപോയ ചെറിയ തെറ്റുകളാണന്നു തോന്നിയാൽ ചില അദ്ധ്യാപകർ മാർക്ക് കൊടുക്കാറുണ്ട്.
വിദ്യാഭ്യാസ മന്ത്രിയായപ്പോൾ സന്തോഷം തോന്നി. ഒരു പരിഷ്കൃത സമൂഹത്തിൽ പഠിക്കുന്ന കുട്ടികൾക്ക് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വരുത്തേണ്ട ശാസ്ത്രീയ മാറ്റങ്ങൾ പരീക്ഷയിലും കൊണ്ടു വരണമെന്ന എന്റെ ആഗ്രഹം നേരിട്ട് നടപ്പിലാക്കാൻ അവസരം കിട്ടി. വിദ്യാഭ്യാസ വകുപ്പിലെ പരിഷ്കരണങ്ങൾ വളരെ സൂക്ഷ്മതയോടെ മാത്രമേ യാഥാർത്ഥ്യമാക്കാൻ കഴിയൂ. ഔദ്യോഗിക പരിപാടികൾക്കായി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിൽ പോകുമ്പോൾ പലപ്പോഴും പോയകാലത്തിന്റെ ചക്രത്തിൽ ഓടിയുരണ്ട വളഞ്ഞു നീണ്ട വഴിത്താരകളിലൂടെ എന്റെ മനസും പഴയ പള്ളിക്കൂട ഓർമ്മകളിലേക്ക് പോകും.
പരീക്ഷ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പരീക്ഷകൾ എഴുതിയിരുന്ന വിദ്യാർത്ഥിയിൽ നിന്നും പരീക്ഷകൾ എഴുതിപ്പിക്കുന്ന അദ്ധ്യാപകനായി മാറി. ഇപ്പോൾ എല്ലാ പരീക്ഷകളുടേയും ചുമതലക്കാരനുമായി. ഈ വർഷത്തെ പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. പേടിയില്ലാതെ പരീക്ഷ എഴുതുക. പരീക്ഷ പരീക്ഷണമല്ല. അറിവിന്റെ അളവുകോലാണ്. ആഘോഷങ്ങളോടൊപ്പം വരുന്ന പരീക്ഷകളേയും ആഘോഷമായി തന്നെ സ്വീകരിക്കുക. പരീക്ഷക്ക് മുമ്പ് മനസിനെ പേടിയൊഴിഞ്ഞ കൂടായി മാറ്റിയെടുത്തതിനു ശേഷം ശാന്തമായി പരീക്ഷയെ നേരിടണം. പരീക്ഷയെ പേടിക്കേണ്ടതില്ല. ഞാൻ എന്തു പഠിച്ചുവെന്നും എനിക്ക് എന്തൊക്കെ അറിയാമെന്നും ഞാൻ തന്നെ ഉത്തരക്കടലാസിൽ എഴുതുകയാണ്. ഉത്തരക്കടലാസിനെ കൂട്ടുകാരനായി കാണണം. പഠിച്ച കാര്യങ്ങൾ കൂട്ടുകാരനോട് പറയുമ്പോൾ പേടിക്കുന്നതെന്തിന്. പുഞ്ചിരിയോടെ പഠിക്കുക. ആത്മാർത്ഥതയോടെ എഴുതുക. ആത്മവിശ്വാസത്തോടെ വീട്ടിൽ പോകുക. ആശ്വാസത്തോടെ വിജയമറിയാൻ കാത്തിരിക്കുക. സന്തോഷത്തോടെ വിജയം ആഘോഷിക്കുക. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.