മെഡിക്കൽ ഫോട്ടോഗ്രാഫി ഞാൻ കൂടുതൽ ചെയ്യാറുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. അതുകാരണം ഇവിടുത്തെ ഗവൺമെന്റ് ആശുപത്രിയിലും പല സ്വകാര്യ ആശുപത്രികളിലും കൂടെക്കൂടെ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഇവിടുത്തെ വലിയ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു മേജർ ഓപ്പറേഷന്റെ ആവശ്യത്തിന് പോയി. ഒരാളിനെ കാട്ടുപോത്ത് ഇടിച്ചതായിരുന്നു കേസ്. ഇടിച്ച് പഞ്ഞിയാക്കി എന്ന് പറയുന്നതാണ് ശരി. ഒൻപതു മണിക്കൂറെടുത്തു ഓപ്പറേഷൻ കഴിഞ്ഞ് തീയറ്ററിൽ നിന്നും പുറത്തുവരാൻ! കാരണം 88 ഭാഗങ്ങളിൽ ഒടിവുണ്ടായിരുന്നത്രെ. അപ്പോൾ ഇടിയുടെ ആഘാതം എത്രമാത്രമായിരുന്നു എന്ന് ഊഹിക്കാമല്ലോ !
എല്ലാം കഴിഞ്ഞ് ഡ്രസ്സൊക്കെ മാറി പുറത്തുവന്നു ഡോക്ടർമാരോടൊപ്പം ഭക്ഷണം കഴിച്ചു. തിരികെ വന്നു കാമറയും ലെൻസുകളുമെല്ലാം ബാഗിലാക്കി പായ്ക്ക് ചെയ്തു. സന്ദർശക സമമോ മറ്റോ ആയതിനാൽ നല്ല തിരക്കായിരുന്നു. വെളിയിലെ വരാന്തയിലൂടെ നടക്കുമ്പോൾ തറയിൽ ഏതോ ഒരു ചെറിയ പാടുപോലെ ദൂരെ നിന്ന് കണ്ടു. നടന്നു കുറേക്കൂടി അടുത്ത് ചെന്നപ്പോൾ രക്തത്തുള്ളി തറയിൽ വീണു ഉണങ്ങി കട്ടപിടിച്ചതാണെന്നു മനസ്സിലായി. എന്നാൽ അതിൽ സൂക്ഷിച്ചു നോക്കിപ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒരു പോട്രേറ്റു പോലെ എനിക്ക് തോന്നി. ആൾക്കാർ ഒന്നൊഴിഞ്ഞു കിട്ടിയ ഗ്യാപ്പിൽ കുനിഞ്ഞു നിന്നുകൊണ്ടും ഇരുന്നു കൊണ്ടും ഓരോ ഫോട്ടോകൾ വേഗം എടുത്തു. അപ്പോഴേക്കും കാഴ്ചക്കാരും ജിജ്ഞാസുക്കളുമായ ആളുകൾ കൂടിവന്നു. ഒന്നുമില്ലെന്നു പറഞ്ഞു ഞാൻ അവിടുന്ന് സ്ഥലം വിട്ടു.
വേഗം വന്നു പടങ്ങൾ ഡൗൺലോഡ് ചെയ്തു. കാട്ടുപോത്ത് ഇടിച്ച് ഇഞ്ചപ്പരുവമാക്കിയ ആളുടെ അതീവ ജാഗ്രതയോടെ എടുത്ത ഫോട്ടോകളെക്കാൾ എന്റെ ശ്രദ്ധ പെട്ടെന്ന് പോയത് ഒടുവിൽ വരാന്തയിൽ നിന്നും കിട്ടിയ ചോരത്തുള്ളി ഉണങ്ങിപ്പിടിച്ച സസ്പെൻസ് ഫോട്ടോയിലേക്കാണ്. അതിശയിപ്പിക്കുന്ന ഒരു ചിത്രമായി (ചരിത്രമായി) അത് കിട്ടിയിരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഇന്ദിരാഗാന്ധി ആണെന്ന് ആരും തിരിച്ചറിയും അത്രക്ക് സാമ്യമുണ്ടായിരുന്നു ആ ഇമേജിന്. അവരുടെ പ്രത്യേകരീതിയിൽ ബോബുചെയ്ത മുടി, നീണ്ടു വളഞ്ഞ മൂക്ക്, കണ്ണ്, സാരി, ഷോൾഡർ എല്ലാംകൊണ്ടും അവരെപ്പോലെ തന്നെയിരുന്നു. തറയിൽ ഉണങ്ങിപ്പിടിച്ച രക്തക്കറയിൽ നിന്നും കിട്ടിയ രൂപമാണെന്നു പറഞ്ഞിട്ടു ആർക്കും വിശ്വാസം വന്നില്ല. ജനത്തിരക്കുള്ള വരാന്തയിൽ പലരും അതിനോടകം ഇതിനു മുകളിൽ ചവിട്ടിക്കടന്നു പോയിരിക്കാം. പക്ഷേ എന്തുകൊണ്ടോ അവരുടെയൊന്നും കണ്ണിൽ അതുപെട്ടില്ല. ആ അവസരം 'വീണു"കിട്ടിയത് എനിക്കായിരുന്നു.
ഓർത്തിരിക്കാതെ സ്വന്തം അംഗരക്ഷകരാൽ രക്തം ചീന്തി മരിക്കാനിടവന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം ഒരു രക്തത്തുള്ളിയിൽ നിന്നും കിട്ടി എന്നത് തികച്ചും മറ്റൊരു യാദൃശ്ചികത! ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിന്റെ നിരവധി പ്രിന്റുകൾ വിറ്റുപോയി. മാത്രമല്ല പല തവണ ഇത് പത്ര മാധ്യമങ്ങളിലും ചാനലുകളും വരികയുമുണ്ടായി.