വർഷങ്ങളുടെ അദ്ധ്വാനത്തിനും നീണ്ട അലച്ചിലുകൾക്കുമൊടുവിലാണ് സ്വപ്നം കണ്ടതെല്ലാം ജോജുവിനായി ദൈവം സമ്മാനിച്ചത്. ആ അനുഗ്രഹം സത്യത്തിൽ ഒന്നൊന്നര സംഭവമായിരുന്നു. നിർമ്മാതാവായും നായകനായും എണ്ണം പറഞ്ഞ സ്വഭാവനടനായും ആ സ്വപ്നത്തിന്റെ തുടർച്ചയിലാണിപ്പോൾ ഈ താരം. സിനിമാ വഴിയിലെ പുതിയ പ്രതീക്ഷകൾ ജോജു ജോർജ് പങ്കുവയ്ക്കുന്നു.
നായകനായി മാറ്റം
സനൽകുമാർ ശശിധരന്റെ ചോലയിലും എം. പദ്മകുമാറിന്റെ ജോസഫിലുമാണ് നായകനായി അഭിനയിച്ചത്. നായകനെന്ന വാക്ക് ഉപയോഗിക്കാമോ എന്നറിയില്ല. കാരണം നായകനെന്ന് പറയുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന സാദ്ധ്യതകളുള്ളവയല്ല ഈ രണ്ട് സിനിമകളും. കഥയിലെ കേന്ദ്രകഥാപാത്രം എന്നേ പറയാൻ കഴിയൂ. വലിയ സന്തോഷമുണ്ട്. രണ്ടും ഉഗ്രൻ സംവിധായകരാണ്. നൂറു ശതമാനം ഭാഗ്യം കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. പ്രപഞ്ച ശക്തിയുടെ അനുഗ്രഹത്താൽ നടന്നുപോകുന്നു എന്നു മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളാണ് ചില അവസരങ്ങൾ തന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന സമയത്ത് എന്നോടൊപ്പമുണ്ടായിരുന്ന എന്നാൽ എന്നേക്കാൾ കഴിവുള്ള പലർക്കും വേണ്ടത്ര അവസരങ്ങൾ കിട്ടിയിട്ടില്ല.
അംഗീകാരങ്ങളിൽ സന്തോഷം
അവാർഡുകളൊന്നും മോഹിച്ചല്ല സിനിമ ചെയ്യുന്നത്. കിട്ടിയ അംഗീകാരങ്ങളിലെല്ലാം സന്തോഷം. ലുക്കാച്ചുപ്പി, ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്നീ സിനിമകളാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരാമർശം നേടിത്തന്നത്. ജീവിതത്തിൽ സ്വപ്നം പോലും കണ്ടിട്ടില്ലെങ്കിലും അംഗീകാരങ്ങൾ സന്തോഷിപ്പിക്കുന്നു. പക്ഷേ, സനൽ കുമാർ ശശിധരനെ പോലുള്ള സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണ്. സിനിമയെ മറ്റൊരു തലത്തിലാണ് അവരൊക്കെ സമീപിക്കുന്നത്. എനിക്ക് പുതിയൊരു സ്കൂളിൽ ചേർന്ന അനുഭവമായിരുന്നു. കഥാപാത്രങ്ങൾക്ക് വേണ്ടി ഹോം വർക്ക് ചെയ്യുന്ന ശീലമൊന്നുമില്ല. ഇത്രയും വർഷത്തെ അനുഭവങ്ങളാണ് എന്റെ പിൻബലം. സിനിമയ്ക്ക് പിന്നാലെ നടക്കുന്നതിനിടയിൽ നൂറുകണക്കിന് വ്യത്യസ്തരായ ആളുകളെ പരിചയപ്പെട്ടിട്ടുണ്ട് . അവർക്കിടയിൽ ജീവിച്ചൊരാളെന്ന നിലയിൽ ചില ഗുണങ്ങളുണ്ട്. ബാക്കിയെല്ലാം സംവിധായകരുടെ കൈയിലാണ്. അവർ പറഞ്ഞുതരുന്നതിന് അനുസരിച്ച് ചെയ്യുന്നെന്ന് മാത്രം.
സിനിമാ ജീവിതം
കിട്ടുന്ന കഥാപാത്രം നല്ലതാണോ എന്നേ നോക്കാറൂള്ളൂ. സീരിയസാണോ കോമഡിയാണോ എന്നത് പ്രശ്നമല്ല. സിനിമാമോഹം തലയ്ക്ക് പിടിച്ചപ്പോൾ ആദ്യം ആഗ്രഹിച്ചത് ഏതെങ്കിലും സീനിൽ ഒന്ന് മുഖം കാണിക്കണമെന്നാണ്. അതു നടന്നപ്പോൾ ഡയലോഗ് പറയണമെന്ന് തോന്നി. പിന്നെ നീളമുള്ള വേഷം ലഭിക്കണമെന്ന് തോന്നി. അതെല്ലാം പിന്നിട്ട് ദൈവം ഇവിടെ വരെ എത്തിച്ചു. ഇനി അങ്ങോട്ടൊന്നും സംഭവിച്ചില്ലെങ്കിലും സാരമില്ല. അത്രയ്ക്ക് സന്തോഷമാണ്. തമിഴിൽ നിന്നൊക്കെ സിനിമകൾ വരുന്നുണ്ട്. നല്ല റോളുകൾ വന്നാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
തിരിഞ്ഞു നോക്കുപ്പോൾ സിനിമയ്ക്ക് പിന്നാലെ നടന്നത് വലിയ റിസ്കായിരുന്നെന്ന് തോന്നുന്നുണ്ട്. അതിൽ വിജയിക്കാതെ പോയിരുന്നെങ്കിൽ ഒരുപാട് പേരെ ബാധിക്കുന്ന വലിയ ദുരന്തമായി മാറിയേനെ. ഒരു ഉറപ്പുമില്ലാത്ത മേഖലയിൽ ആഗ്രഹം കൊണ്ട് മാത്രം ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇന്നത്തെ നിലയിലേക്കെത്തിയത് എന്റെ കഴിവുകൊണ്ടൊന്നുമല്ല. ദൈവാനുഗ്രഹവും ഭാഗ്യവും മാത്രമാണ്. സിനിമ കൊണ്ട് ജീവിച്ചുപോകുക പ്രയാസമുള്ള പരിപാടിയാണ്. അഭിനയിച്ച സിനിമ വിജയിക്കണം, നമ്മുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടണം അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചാൽ മാത്രമേ അടുത്ത സിനിമ കിട്ടൂ.
ഓരോ സമയത്തും ഓരോ നല്ല സിനിമകൾ ദൈവം തന്നിട്ടുണ്ട്. പട്ടാളം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ആക്ഷൻ ഹീറോ ബിജു, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാച്ചുപ്പി, രാമന്റെ ഏദൻതോട്ടം തുടങ്ങി ഉദാഹരണം സുജാത വരെ നിരവധി സിനിമകൾ കൃത്യമായ സമയത്ത് ബ്രേക്ക് തന്നവയാണ്. ഒരു സിനിമ പോലും മോശമായി സംഭവിച്ചിട്ടില്ല. ലാൽജോസ്, ബിജു മേനോൻ, അനൂപ് മേനോൻ, മമ്മൂക്ക, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒരുപാട് പേർ സഹായിച്ചു. ബിജു മേനോനുമായുള്ള സൗഹൃദം വഴിത്തിരിവായിരുന്നു. അതുപോലെ ഞാൻ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നയാളാണ് മമ്മൂക്ക. ഒന്നുമല്ലാതിരുന്ന സമയത്തും അദ്ദേഹം എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.
കാമറയ്ക്ക് മുന്നിലും പിന്നിലും
നിർമ്മാണമൊഴിച്ച് സിനിമയുടെ എല്ലാ മേഖലയോടും താത്പര്യമുണ്ട്. സംവിധായകരോടും ഛായാഗ്രാഹകരോടും മേക്കപ്പ് ആർട്ടിസ്റ്റുകളോടും സംഗീതസംവിധായകരോടുമെല്ലാം ബഹുമാനമാണ്. ഉദാഹരണത്തിന് 'ജോസഫ്" എന്ന സിനിമയിൽ എനിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് റോഷൻ എന്നൊരു ആർട്ടിസ്റ്റാണ്. ലണ്ടനിൽ നിന്നൊക്കെ പഠിച്ചു വന്നയാളാണ്. അതുപോലെ കഴിവുള്ള കലാകാരന്മാരുടെ കൂട്ടായ്മയാണ് സിനിമ. അവരോട് ഇടപെടുന്നത് തന്നെ നമ്മളെ സിനിമയോട് അടുപ്പിക്കും.
നിർമ്മിച്ച ഉദാഹരണം സുജാതയും ചാർലിയും ശ്രദ്ധിക്കപ്പെട്ടു. ടെൻഷനല്ലാതെ മാനസികമായി ഒരു സംതൃപ്തിയും തരാത്ത മേഖലയാണ് നിർമ്മാണം. മാർട്ടിൻ പ്രക്കാട്ടുമായുള്ള സൗഹൃദമാണ് ചാർലിയും ഉദാഹരണം സുജാതയും നിർമ്മിക്കാൻ കാരണം. ബെസ്റ്റ് ആക്ടർ മുതൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. നല്ല പ്രോജക്ടുകൾ വന്നപ്പോൾ നിർമ്മിക്കാൻ തീരുമാനിച്ചു. അതങ്ങ് സംഭവിച്ചു പോകുന്നതാണ്. തുടരുമെന്ന് യാതൊരു ഉറപ്പുമില്ല.
ഒഴിവ് സമയങ്ങളിൽ
സിനിമയില്ലാത്തൊരു സമയമില്ല. എല്ലാം സിനിമയാണ്. ഷൂട്ടിംഗില്ലെങ്കിൽ ഉറങ്ങിയെഴുന്നേറ്റാലുടൻ സിനിമ കാണാൻ തുടങ്ങും. ഇപ്പോഴത് വീട്ടുകാർക്കും ശീലമായി. ഞാൻ സിനിമയിൽ വിജയിച്ചപ്പോൾ അവരും ആ ശീലങ്ങൾ ആസ്വദിക്കാൻ തുടങ്ങി. മുമ്പ് അവർക്ക് ഈ സിനിമാ ഭ്രാന്ത് കാരണം ചെറിയ ബുദ്ധിമുട്ടൊക്കെയുണ്ടായിരുന്നു. ഒരിക്കലും സിനിമയെ ഉപേക്ഷിച്ചില്ല എന്നതാണ് എന്റെ നേട്ടം.
മക്കൾ മൂന്ന് പേരുണ്ട്. മൂത്ത രണ്ടുപേരോടും വളരുമ്പോൾ ആരാകണമെന്ന് ചോദിച്ചാൽ സിനിമയിൽ അഭിനയിക്കണമെന്ന് പറയും. അവർ സിനിമ നൽകിയ സൗഭാഗ്യങ്ങളല്ലേ കണ്ടിട്ടുള്ളൂ. അതിനു പിന്നിലുള്ള കഷ്ടപ്പാടിനെ കുറിച്ചൊന്നും അറിയില്ലല്ലോ. വളർന്നു വരുമ്പോൾ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ പിന്തുണയ്ക്കും.