അൽപ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കിൽ വീട്ടമുറ്റത്തു തന്നെ നല്ലതോതിൽ തക്കാളി കൃഷി ചെയ്യാം. തക്കാളി കൃഷിയെക്കുറിച്ച് ഈ ലക്കത്തിൽ
ഗ്രോ ബാഗ്
ജൈവകൃഷിയിലെ പ്രധാന വെല്ലുവിളിയാണ് മണ്ണിലെ കീടനിയന്ത്രണം. മണ്ണിലെ കീടങ്ങളെയും കുമിളുകളെയും ബാക്ടീരിയകളെയും മറ്റും നിയന്ത്രിക്കാൻ സാധിക്കുന്ന മാർഗമാണ് സുരാതാപീകരണം. സൂര്യന്റെ ചൂട് ഉപയോഗപ്പെടുത്തി മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുകയാണിവിടെ. ഇതിനാവശ്യമുള്ളത് 100 മുതൽ 150 ഗേജ് കനമുള്ള സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റ് മാത്രമാണ്. ഗ്രോബാഗിൽ നിറയ്ക്കാനുള്ള മണ്ണ് കല്ലും കട്ടയും നീക്കിയതിനു ശേക്ഷം ഒരു ബാഗിന് ആവശ്യമുള്ള മണ്ണിന് 20 ഗ്രാം കുമ്മായം എന്ന തോതിൽ പുട്ടു പൊടി പരുവത്തിൽ മണ്ണ് നനയ്ക്കുക . ശേഷം പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മൂടുക. ഷീറ്റിന്റെ അരികുകൾ മണ്ണ് ഉപയോഗിച്ച് മൂടുക. ഷീറ്റിന്റെയും മണ്ണിന്റെയും ഇടയിൽ വായു കടക്കാതെ ശ്രദ്ധിക്കണം. 20 മുതൽ 30 ദിവസം വരെ ഷീറ്റ് ഇതേപടി നിലനിറുത്തുക. അതിനു ശേഷം ഷീറ്റ് മാറ്റി വിത്ത് പാകാനും തൈകൾ നടാനും ഉപയോഗിക്കാം.
മണ്ണ് തയ്യാറായിക്കഴിഞ്ഞാൽ ഗ്രോ ബാഗിൽ മണ്ണ് / ചാണകപ്പൊടി / ചകിരിച്ചോറ് ഇവ തുല്യഅളവിൽ അൽപ്പം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് നന്നായി ഇളക്കി ബാഗിന്റെ 60 - 70 ശതമാനം ഭാഗം നിറയ്ക്കാം.
പൊടിഞ്ഞുതുടങ്ങിയ കരിയില ഉണ്ടെങ്കിൽ അതും ഇളക്കി ചേർക്കാം.
ഏറ്റവും മുകളിലായി എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് ( ഒരു ടേബിൾ സ്പൂൺ വീതം ) നാല് ഇഞ്ച് മണ്ണിൽ ചേർത്തിളക്കുക. നടാനുള്ള തൈ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 20-30 മിനിറ്റുകൾ മുക്കിവയ്കുക. പിള്ളക്കുഴിയിൽ ഒരു ടീസ്പൂൺ VAM ( Arbuscular Mycorrhizae) വിതറിയതിനു മുകളിൽ തൈ നടുക. തൈകൾ മുക്കിവെച്ചിരുന്ന വെള്ളം തൈകളുടെ ഇലകൾ നന്നായി നനയും വിധം തളിക്കുക. ഗ്രോ ബാഗ് സൂര്യകിരണങ്ങൾ ഭാഗികമായി കിട്ടത്തക്ക വിധം സൂക്ഷിക്കുക. മണ്ണിൽ ഈർപ്പം നിലനിറുത്തക്കവണ്ണം രണ്ടോ മൂന്നോ നേരം ചെറുതായി വെള്ളം തളിച്ചാൽ മതിയാകും. മണ്ണ് ചൂടാകാതിരിക്കാൻ പുതയിടാം. മണ്ണിൽ കൈകൊണ്ട് തൊട്ടാൽ കയ്യിൽ ചെറുതായി വെള്ളത്തിന്റെ അംശം പുരളുന്നതാണ് ഈർപ്പത്തിന്റെ കണക്ക്. മണ്ണിൽ വേരുകൾ പിടിച്ചു കഴിഞ്ഞാൽ കുറേശ്ശെ വെയിൽ കൂടുതൽ കിട്ടത്തക്കവിധം ഗ്രോ ബാഗുകൾ നീക്കി വെയ്ക്കുക.
രണ്ടാഴ്ച്ച കഴിഞ്ഞാൽ കുറേശ്ശെ വളങ്ങളും ജൈവകീടനാശിനികളും ഉപയോഗിക്കാം. ഇലകളിൽ മഞ്ഞളിപ്പോ നിറവ്യത്യാസമോ കണ്ടാൽ പോഷകങ്ങളുടെയോ ന്യൂട്രിയന്റുകളുടെയോ കുറവാണോ എന്നു മനസിലാക്കി ആവശ്യമായ വളം നൽകുക.
ഇലകളിൽ കാഷ്ടങ്ങൾ കണ്ടാൽ പുഴുവിനെ കണ്ടെത്തി നശിപ്പിക്കുക. മിലി ബഗ്ഗ് , വെള്ളീച്ച എന്നിവയാണ് ചെടികളുടെ വളർച്ചയുടെ ആദ്യഘട്ടത്തിലെ വില്ലന്മാർ. തുടക്കത്തിലേ നശിപ്പിച്ചില്ലെങ്കിൽ ചെടികൾ നഷ്ടമായേക്കും. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വെർടൈസിലിയം ഇവ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം. മഞ്ഞക്കെണി ഉപയോഗിച്ചും പറക്കുന്ന കീടങ്ങളെ നശിപ്പിക്കാം.
പി.എച്ച്. ലെവൽ കുറയാതിരിക്കാൻ ഇടയ്ക്ക് മണ്ണിൽ കുമ്മായം ചേർക്കുക. കുമ്മായം ഇട്ടാലുടൻ മറ്റ് ജൈവ വളങ്ങളിടരുത്. മണ്ണിൽ വളം ചേർക്കുന്നതിന് മുൻപ് കളകൾ പറിച്ച് ഒരു ബക്കറ്റിൽ വെച്ചിട്ടുള്ള ഒരു കഷ്ണം ശർക്കരയും അൽപ്പം പുളിയും ചേർത്ത വെള്ളത്തിലിടുക. ബയോഗ്യാസ് സ്ലറി ഉള്ളവർ അതിൽ ഇട്ടാലും മതിയാകും. ഈ വെള്ളം ഒരാഴ്ച്ച കഴിഞ്ഞാൽ നല്ല വളമാകും. വളങ്ങൾ ചേർത്ത മണ്ണ് ചെടിയുടെ ചുവട്ടിൽ കൂട്ടി കൊടുക്കുക. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കരുത്. നല്ല നീർവാഴ്ചയുള്ള മണ്ണായിരിക്കണം. പച്ചചാണകത്തെളി , കടലപ്പിണ്ണാക്ക് തെളി എന്നിവ ആഴ്ചയിൽ ഒരു തവണ മാറിമാറി ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് ഉത്തമമാണ്.
മണ്ണിൽക്കൂടിയുള്ള രോഗങ്ങൾ തടയാൻ വേപ്പിൻപിണ്ണാക്ക് പൊടിച്ചത് ചേർക്കണം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു മാറിമാറി കൊടുക്കാം. ചെടി വളർന്നു വരുമ്പോൾ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി രണ്ടാഴ്ച കൂടുമ്പോൾ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇലകളുടെ ഇടയിൽ നിന്നും വരുന്ന മുകുളങ്ങൾ മുറിച്ചു മാറ്റണം. അവ പുതിയ തക്കാളി തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കാം.
ചെടികളിൽ പൂക്കൾ വരികയും കായ്കളില്ലാതെ വരികയും ചെയ്യുന്നത് പരാഗണം നടക്കാത്തതുകൊണ്ടാണ് . അപ്പോൾ തണ്ടുകൾ ചെറുതായി കുലുക്കി കൊടുക്കുക. തഴച്ചു ളർന്ന ചെടികളിൽ പൂക്കൾ വന്നില്ലെങ്കിൽ അൽപ്പം പാൽക്കായം വെള്ളത്തിൽ അലിയിച്ചു സ്പ്രേ ചെയ്താൽ പൂത്തുതുടങ്ങും. എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നതും നല്ലതാണ് . പൊട്ടാഷിന്റെ കുറവ് കൊണ്ടും ചെടികൾ പൂക്കാതെയും കായ്ക്കാതെയും ഇരിക്കും. അപ്പോൾ കരിയിലച്ചാരം മണ്ണിൽ ചേർക്കുക. തക്കാളിയുടെ ഇലകൾ മുറിച്ച് ( പ്രൂണിങ് ) കളയുന്നത് ആവശ്യമാണെങ്കിലും സൂര്യാഘാതം മൂലം ഇലകളുടെ നിറം മങ്ങാനിടയുണ്ട്. ചെറിയ തണൽ കൊടുക്കുക.
വാട്ട രോഗം ( Bacterial Wilt)
കൃഷിയിൽ വളരെയധികം നഷ്ടം വരുത്തുന്ന രോഗമാണ് വാട്ടരോഗം. വാട്ടരോഗത്തെ പ്രതിരോധിക്കുന്ന വിത്തുകൾ മാത്രം തിരഞ്ഞെടുക്കുക. അർക്ക രക്ഷക്ക് - വാട്ടരോഗത്തെയും ഇലചുരുളൽ , ബ്ലെറ്റ് രോഗങ്ങളെയും പ്രതിരോധിക്കുന്നു. ശക്തി , മുക്തി , അനഘ എന്നീ ഇനങ്ങളും വാട്ടരോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കും. തക്കാളി വിത്തുകൾ ബീജാമൃതത്തിൽ അരമണിക്കൂർ മുക്കിവെച്ചതിനു ശേക്ഷം പാകുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കും.
വാട്ടരോഗം വരാതിരിക്കാൻ വേണ്ടിയാണു മണ്ണ് solarise ചെയ്യുന്നത്. അതുകൂടാതെ ഗ്രോ ബാഗിൽ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചെറുകിഴികളിലാക്കി മണ്ണിൽ താഴ്ത്തിവയ്ക്കുക. (കിഴിയുടെ മുകൾഭാഗം മണ്ണിനു മുകളിലായിരിക്കണം) കോപ്പർ ഓക്സി ക്ലോറൈഡ് നാല് ഗ്രാം /ലിറ്റർ എന്ന തോതിൽ ലായനി തയാറാക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ഇലകളിൽ തളിച്ചുകൊടുക്കുകയും ചെയ്യുന്നത് നല്ലതാണ് . പത്ത് ദിവസത്തിനു ശേഷം സ്യൂഡോ മോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ ലായനിയുണ്ടാക്കി ചെടി ചുവട്ടിൽ ഒഴിച്ച് നനയ്ക്കുകയും ഇലകളിലും തണ്ടിലും പതിക്കത്തക്കവിധം തളിക്കുകയും വേണം.
വാട്ടരോഗം ബാക്ടീരിയ മൂലമാണെന്ന് ഉറപ്പ് വരുത്താൻ 'Ooze test നടത്താം. രോഗംവന്ന ചെടിയുടെ ഇലയും തണ്ടും ചെറുതായി മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ 3060 മിനിറ്റുകൾ ഇട്ടുവെക്കുക. ബാക്ടീരിയൽ വാട്ടം ആണെങ്കിൽ വെള്ളം ചെറിയ മഞ്ഞനിറത്തിലും കലങ്ങിയും ഇരിക്കും. ആ ചെടികൾ വേഗം പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കുക.
ബാഗിൽ വെള്ളം കെട്ടികിടന്നാലും വാട്ടരോഗം വരും. മണ്ണിനു ചെറിയ ഈർപ്പം നിലനിറുത്തുന്നതാണ് ആരോഗ്യകരമായ വളർച്ചക്ക് നല്ലത് . രോഗത്തിന് മറ്റൊരു കാരണം നിമാവിരകൾ ( plant - parasitic nematodes) ആണ്. അവ തക്കാളിയുടെ വേരുകൾ നശിപ്പിക്കുന്നതോടെ വെള്ളവും വളവും വലിച്ചെടുക്കാനാകാതെ ചെടികൾ നശിക്കുന്നു. ചെടികൾ നടുമ്പോഴും വളങ്ങൾ ചേർക്കുമ്പോഴും വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നതു കൊണ്ട് നിമാവിര ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാം.
ചിത്രകീടം ( leaf miner )
കായീച്ചയുടെ രൂപസാദൃശ്യമുള്ള പ്രാണിയാണിത്. തക്കാളിയുടെ ഇലകൾ തുരന്ന് ഇവ മുട്ടയിടുന്നു.
ചിത്രകീടത്തിന്റെ പുഴുക്കൾ ഇലയിലെ കോശങ്ങളിൽ തുളച്ചുകയറി ഹരിതകം തിന്ന് നശിപ്പിക്കും. ഇലകളിൽ വെളുത്തനിറത്തിൽ ചിത്രംവരച്ച പാടുകൾ കാണുന്നു. ആക്രമണം കടുക്കുമ്പോൾ ഇലകൾ മഞ്ഞളിച്ച് ക്രമേണ കരിയും. ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകൾ നുള്ളി നശിപ്പിക്കുന്നതാണ് ആദ്യ നിയന്ത്രണമാർഗം. കൂടുതൽ ഇല്ലെങ്കിൽ ലാർവയുടെ തലഭാഗം അമർത്തിയും നശിപ്പിക്കാം . അതിരാവിലെയാണ് ഈ കീടം ചിത്രം വരയ്ക്കാനെത്തുക. അതിനാൽ അതിരാവിലെ തന്നെ അസാഡിറക്ടിൻ അടങ്ങിയ ഒരു ശതമാനം വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി അഞ്ചുമില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുക്കുക. 10മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലംചെയ്യും. സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാൻ തടത്തിൽ വേപ്പിൻകുരു ചതച്ചതോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം. കുമ്മായം നേർത്ത ഒരു തുണിയിൽ കിഴികെട്ടി ഇലകളിൽ പതിക്കത്തക്കവണ്ണം കുടയുന്നത് ചിത്രകീടം , ഇലകളുടെ മുരടിപ്പ് , വെള്ളീച്ച , മിലി മൂട്ട എന്നിവയെ അകറ്റി നിർത്താൻ നല്ലതാണ് .
തക്കാളിയിലെ വിള്ളൽ
തക്കാളി കായ്കൾ പിടിച്ചു തുടങ്ങുമ്പോൾ വേരിൽ നിന്നും ഒരേപോലെ ഈർപ്പം കിട്ടാത്തതാണ് കായ്കളിൽ വിള്ളൽ വരാനുള്ള കാരണം. വെള്ളം ആവശ്യത്തിന് കിട്ടാതെ ഇരുന്നിട്ട് പെട്ടെന്ന് വെള്ളം കിട്ടുമ്പോൾ അവ വളരെപ്പെട്ടെന്ന് വലിച്ചെടുക്കുകയും പാകമായി വരുന്ന തക്കാളിയുടെ പുറം തൊലിക്ക് വികസിച്ചു കൊടുക്കാൻ കഴയാതെ വരുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടും കായ്കക്കുള്ളിലെ വളർച്ചക്കനുസരിച്ചു പുറം തൊലി വികസിച്ചു കൊടുക്കാതെ ഇരിക്കുമ്പോഴും വിള്ളൽ കാണപ്പെടുന്നു.