modi

ന്യൂഡൽഹി: "പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി"യ്‌ക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 75,000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷക‌ർക്ക് കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തിയ 6000 രൂപ ധനസഹായമായി പ്രഖ്യാപിച്ച പദ്ധതിയാണിത്.

ഉദ്ഘാടന ദിവസം തന്നെ ഒരു കോടിയിലധികം കർഷകരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബാക്കി അപേക്ഷകരുടെ അക്കൗണ്ടുകളിലും പണം എത്തുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ 12 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ള കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല. ഡിസംബർ‌ 1 മുതൽ മുൻകാല പ്രബല്യത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡുവായ 2000 രൂപ ലഭ്യമാകും.


2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാൻ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.