ന്യൂഡൽഹി: മൻ കി ബാത് റേഡിയോ പരിപാടിയിൽ ഇന്നത്തെ എപ്പിസോഡ് പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെയാണ് മോദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. "ഇന്ന് മൻ കി ബാത് റേഡിയോ പരിപാടിയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്, കൂടുതലൊന്നും പറയുന്നില്ല. പതിനൊന്ന് മണിക്ക് കേൾക്കുക. ഞാൻ നേരത്തെ പറഞ്ഞില്ലെന്ന് പിന്നെ പറയരുത്'-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മൻ കി ബാത്തിന്റെ 53മത്തേയും ഈ വർഷത്തെ രണ്ടാമത്തെയും അധ്യായമാണ് ഇന്ന് നടക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് പൊതുജനങ്ങളുമായി സംവദിക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യം. പരിപാടിയുടെ അവസാന ഭാഗത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ പ്രശംസിക്കുകയും രാജ്യത്തെ 18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാരോട് തങ്ങളുടെ വോട്ട് സ്വയം രജിസ്റ്റർ ചെയ്യാനും മോദി അഭ്യർത്ഥിക്കുന്നുണ്ട്.
ആൾ ഇന്ത്യ റേഡിയോയിലും, ദൂരദർശനിലും ഒരേസമയം പരിപാടി സംപ്രേഷണം ചെയ്യും. തുടർന്ന് ഹിന്ദി പ്രക്ഷേപണത്തിനു പുറമെ മറ്റ് ഭാഷകളിലേക്കും പ്രക്ഷേപണം നടത്തും.