പത്തനംതിട്ട : തലയെടുപ്പുള്ള നാട്ടാനകളുടെ വിളിപ്പേരും കുടുംബപ്പേരും കേട്ടാൽ മലയാളനാട്ടിലെ നല്ല തറവാടികളാണെന്നേ ആരും പറയൂ. കൂടുതൽ വിവരമറിയാൻ ചെന്നപ്പോൾ വിയർത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. കേരളത്തിലെ 521 നാട്ടാനകളുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താനുള്ള സർവേയ്ക്കിറങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കേരളത്തിലെ 521 നാട്ടാനകളിൽ 393 പേരും ഇതരസംസ്ഥാന ആനകളാണെന്ന സത്യം മനസിലാക്കിയത്.
നാട്ടാനകളുടെ സർവേ നടത്തി ഉടമസ്ഥാവകാശ പട്ടിക തയാറാക്കുന്നതിനായാണു വനംവകുപ്പ് സർവേയ്ക്കിറങ്ങിയത്. ആനകളുടെ ഊരും പേരും മുഴുവൻ ചരിത്രവും തയാറാക്കിയപ്പോഴാണ് മലയാള നാട്ടിലെ ആനകളിൽ ഭൂരിഭാഗവും ബീഹാറിലെ കാടുകളിൽ മദിച്ച് നടന്നവയായിരുന്നു എന്ന് മനസിലാക്കിയത്. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ആനകളുടെ കണക്ക് ഇപ്രകാരമാണ്. ബിഹാർ (110) . അസം (87), കർണാടകം (36), അരുണാചൽ (21), ആൻഡമാൻ (19), തമിഴ്നാട് (4), മഹാരാഷ്ട്ര (5), ജാർഖണ്ഡ് (2), ഒഡീഷ (1). കേരളത്തിന്റെ സ്വന്തം സഹ്യന്റെ മകൻ എന്ന് പറയാനാവുന്നത് കേവലം 128 ആനകൾ മാത്രം. സർവേ നടപടികൾ കഴിയുന്നതോടെ ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണം നൽകി കൊണ്ട് വരാനാവില്ല. ആനക്കച്ചവടം നിരോധിച്ചതിനാൽ ആനകളുടെ വിൽപനയും വാങ്ങലും നിയമപ്രകാരം നടക്കുന്നുമില്ല.