കാസർകോട്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികൾക്ക് എച്ച്1.എൻ1 ബാധ. 67കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. അഞ്ച് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 520 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്.
ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ അസൗകര്യമുള്ളതിനാൽ സ്കൂളിൽത്തന്നെ പ്രത്യേക വാർഡ് തുറന്ന് ആരോഗ്യവകുപ്പ് ചികിത്സ നടത്തുകയാണ്. പനി ഗുരുതരമായ രണ്ട് കുട്ടികളെയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകൾ മണിപ്പാൽ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതിൽ അഞ്ച് എണ്ണം എച്ച്1എൻ1 പോസിറ്റീവ് ആയി കണ്ടെത്തി.
ഇതോടെയാണ് രോഗലക്ഷണങ്ങൾ കണ്ട 67 കുട്ടികളെ പ്രത്യേകം ചികിത്സിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് മാറ്റാതെ സ്കൂളിൽത്തന്നെ ചികിത്സ നൽകാനായിരുന്നു തീരുമാനം. അതിനായി എല്ലാ സൗകര്യങ്ങളും സ്‌കൂളിലെത്തിച്ചു. കൂടുതൽ പേരിലേക്ക് പനി പടരാതിരിക്കാൻ ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.