robbery

മലപ്പുറം : കുറഞ്ഞ വിലയിൽ ആഡംബര കാർ വിൽപ്പനയ്‌ക്കെന്ന വാട്സാപ്പിൽ വന്ന പരസ്യത്തിൽ മയങ്ങി ഡൽഹിക്ക് വണ്ടി കയറിയ മലയാളികളെ കുടുക്കി മോഷ്ടാക്കൾ. മലപ്പുറത്ത് നിന്നും വാഹന കച്ചവടക്കാരായ യുവാക്കൾ ഹിന്ദി സംസാരിക്കുന്നതിനായി പട്ടാളത്തിൽ ജോലിയുള്ള അയൽക്കാരനുമായിട്ടാണ് ഡൽഹിയിലെത്തിയത്. യാത്രയ്ക്ക് മുൻപേ വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെ രേഖകളും വാട്സാപ്പിലൂടെ ഡൽഹിയിൽ നിന്നും അയച്ചു നൽകിയിരുന്നു. യുവാക്കളുടെ പരിശോധനയിൽ എല്ലാം ശരിയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് കാർ സ്വന്തമാക്കാനായി ഡൽഹിക്ക് തിരിച്ചത്. എന്നാൽ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി പുറത്ത് കടന്നയുടൻ കവർച്ചാ സംഘം ഇവരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോവുകയായിരുന്നു.

വാഹനത്തിൽ രാജസ്ഥാൻ അതിർത്തി പ്രദേശത്ത് എത്തിച്ച ശേഷം യുവാക്കളുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും, പണവും എ.ടി.എം കാർഡും പിടിച്ച് വാങ്ങിയ ശേഷം ഇവരെ പാടത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഇവിടെ നിന്നും കിലോമീറ്ററുകൾ നടന്ന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞുവെങ്കിലും രക്ഷപ്പെടാനുള്ള ഉപദേശമാണ് പൊലീസ് നൽകിയത്. തുടർന്ന് സംഘത്തിലെ യുവാവ് നാട്ടിലെ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുകയും എ.ടി.എം കാർഡുകൾ ബ്‌ളോക്ക് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ തിരികെ എത്തിയത്. എ.ടി.എം ബ്‌ളോക്ക് ചെയ്തതിനാൽ പണം നഷ്ടമായില്ല, എന്നാൽ പല തവണ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരള പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിടിച്ചാൽ കിട്ടും രൂപ രണ്ടായിരം, പട്ടുവത്ത് പണി കളഞ്ഞ് ആളുകൾ ഞണ്ടുകൾക്ക് പിറകെ