vandebharath-express

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസിന് വീണ്ടും പണി കിട്ടി. ഇത്തവണ ട്രെയിനിലേക്ക് കല്ലുകൾ വന്ന് പതിക്കുകയും ട്രെയിനിന്റെ ചില്ലുകൾ പൊട്ടുകയുമായിരുന്നു.

വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു ട്രെയിനിലേക്ക് കല്ലുകൾ വന്നിടിച്ചത്. ഇതിനെ തുടർന്ന് ട്രെയിനിന്റെ മുൻവശത്തെ ചില്ലും, ചില കോച്ചുകളിലെ ഇരുവശങ്ങളിലെ ചില്ലുകളും പൊട്ടുകയായിരുന്നു. ട്രെയിനിന്റെ ടെക്നിക്കൽ സ്റ്റാഫുകൾ എത്തി സംഭവം വിലയിരുത്തി ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ചില്ലുകൾ പൊട്ടിയതിനെ തുടർന്ന് ട്രെയിൻ കുറഞ്ഞ വേഗതയിലാണ് ലക്ഷ്യ സ്ഥാനത്തെത്തിച്ചത്.

ചില്ലുകൾ പൊട്ടിയ ഭാഗങ്ങളിൽ സേഫ്റ്റ‌ി ഷീറ്റ‌ുകൾ ഉപയോഗിച്ച് അടക്കുകയും താല്കാലികമായി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചില്ലുകൾ പൊട്ടിയതു കൊണ്ട് യാത്രക്കാർക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും സംഭവിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഒരു പശുവിനെ ഇടിച്ച് ട്രെയിനിന്റെ ബ്രേക്ക് ജാമാവുകയും യാത്ര തടസപെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെബ്രുവരി 15ന് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചത്.