kaumudy-news-headlines

1. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാനനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തെ ചൊല്ലി വിവാദം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സര്‍ക്കാര്‍ കോട്ടയത്ത് തീരുമാനിച്ചപ്പോള്‍, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ സമാനന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദത്തിന് കാരണം. സര്‍ക്കാര്‍ അറിയാതെ ചടങ്ങ് സംഘടിപ്പിച്ചത് ഫെഡറലിസത്തോടുള്ള വെല്ലുവിളി എന്നും കണ്ണന്താനത്തിന്റെ നടപടി രാഷ്ട്രീയ അല്‍പ്പത്തം എന്നും കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍

2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 6000 രൂപ ധനസഹായ പദ്ധതി ആണ് പ്രധാന മന്ത്രി കിസാന്‍ പദ്ധതി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ വച്ച് പ്രധാനമന്ത്രി 75,000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ഒരു കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിക്കും.

3. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ബാക്കി അപേക്ഷകരുടെ അക്കൗണ്ടിലേക്കും പണം എത്തുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകര്‍ക്ക്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്കും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

4. ചലച്ചിത്ര സംവിധായിക നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന നയന, ചലച്ചിത്രരംഗത്ത് എത്തിയത് അദ്ദേഹത്തിന്റെ തന്നെ മകര മഞ്ഞ് എന്ന ചിത്രത്തിലൂടെ ആണ്. പക്ഷികളുടെ മരണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമകളില്‍ സഹ സംവിധായിക ആയും ഒട്ടനവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്

5. കൊച്ചിയില്‍ വിഷപുകയ്ക്ക് മൂന്നാം ദിവസവും ശമനമില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ച് ഉണ്ടായ പുക നിയന്ത്രിക്കാന്‍ ഇന്നും ശ്രമം തുടരും. വെളിച്ച കുറവ് കാരണം ഇന്നലെ രാത്രി നടപടികള്‍ നിറുത്തി വച്ചിരുന്നു. വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് രാത്രി ഇരുമ്പനത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വൈകുന്നേരത്തോടെ പുക പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയും എന്ന് ജില്ലാ കളക്ടര്‍. ബ്രഹ്മപുരം തീ പിടിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും എന്നും പ്രതികരണം

6. കൊച്ചി നഗരവും പരിസരവും ഇപ്പോഴും പുകമൂടി അവസ്ഥയില്‍ ആണ്. തീ പിടിത്തതില്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി കൊച്ചി കോര്‍പ്പറേഷന്‍. സംഭവത്തില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണം എന്നാണ് കോര്‍പ്പറേഷന്റെ ആവശ്യം. തീ പിടിത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സുരക്ഷ ശക്തമാക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

7. സ്വകാര്യ ഗ്രൂപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ ആധുനിക മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ് മാലിന്യ പ്രശ്നത്തിന് കോര്‍പ്പറേഷന്‍ മുന്നോട്ട് വയ്ക്കുന്ന പരിഹാര മാര്‍ഗം. എന്നാല്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ ഇത് വരെയും പൂര്‍ത്തിയായിട്ടില്ല. ഓഗസ്റ്റ് പകുതിയോടെ കൊച്ചി നഗരത്തില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരുമെന്നാണ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനം

8. കുംഭച്ചൂടില്‍ തിളച്ച് കേരളം. ഭൂരിഭാഗം ജില്ലകളിലും രണ്ടു മുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയര്‍ന്നു. വേനല്‍മഴ മാറിനിന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ ഇത് അഞ്ച് ഡിഗ്രിവരെ ഉയര്‍ന്നേക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് സീസണില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.

9. ഫെബ്രുവരി 20ന് തലസ്ഥാനത്ത് രേഖപ്പെടുത്തിയത് 38.2 ഡിഗ്രി സെല്‍ഷ്യസാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനില ആയിരുന്നു അന്ന് തലസ്ഥാന ജില്ല. വെള്ളിയാഴ്ച തിരുവനന്തപുരം സിറ്റിയില്‍ 4.2 ഡിഗ്രിയും ആലപ്പുഴയില്‍ 3.8 ഡിഗ്രിയും ചൂട് അധികമായി ഉയര്‍ന്നു. ചൂട് ഏറ്റവും കുറവ് അനുഭവപ്പെടാറുള്ള കൊല്ലം പുനലൂരിലും ചൂട് വര്‍ധിച്ചിട്ടുണ്ട്.

10. തുലാമഴയിലെ കുറവും കടല്‍ക്കാറ്റ് മാറി നില്‍ക്കുന്നതുമാണ് ഫെബ്രുവരിയില്‍ തന്നെ ചൂട് കുത്തനെ ഉയരാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. മഴമേഘങ്ങള്‍ ഒഴിഞ്ഞ് ആകാശം തെളിഞ്ഞു നില്‍ക്കുന്നതും പകല്‍ വെയിലിന്റെ തീഷ്ണത വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 22 വരെ കേരളം 19.4 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കില്‍ കിട്ടിയത് 13.0 മി.മീറ്റര്‍മാത്രമാണ്. മഴ മാറി നില്‍ക്കുകയും ചൂട് ഉയരുകയും ചെയ്താല്‍ ഉഷ്ണതരംഗം അടക്കമുള്ള പ്രതിഭാസങ്ങള്‍ കേരളം അനുഭവിക്കേണ്ടി വരും

11. ജമ്മു കാശ്മീരിലെ സേനാവിന്യാസം പതിവ് നടപടി മാത്രം എന്ന് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സേനാ വിന്യാസത്തെ തുടര്‍ന്ന് ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സേനയെ വിന്യസിച്ചിരിക്കുന്നത് എന്നും പ്രതികരണം. കൃത്യമായ സമയത്ത് തിരഞ്ഞെടുപ്പ് നടത്തണം. അതിന്റെ ഭാഗമായുള്ള പതിവ് നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.