തിരുവനന്തപുരം: കേരളവുമായി വിദ്യാഭ്യാസ വിനിമയ ബന്‌ധത്തിന് ചൈന തയാറാണെന്ന് ഇന്ത്യയിലെ ചൈനീസ് കോൺസുലർ ഷാംഗ് ജിയാൻസിൻ പറഞ്ഞു. തിരുവനന്തപുരത്ത് ഇൻഡോ - ചീനാ സൗഹൃദസമിതിയുടെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസ സംബന്ധിയായ സഹകരണത്തിന് ചൈന തയാറാണെന്ന വിവരം കഴിഞ്ഞ ദിവസം കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻപിള്ളയുമായി നടത്തിയ ചർച്ചയിൽ ജിയാൻസിൻ അറിയിച്ചു.
ഇന്ത്യയിൽ വന്ന് പഠിക്കാൻ ചൈനയിലെ വിദ്യാർത്ഥികൾക്ക് താത്‌പര്യമുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യയിലേക്ക് വന്ന് പഠിക്കുന്നതിനുള്ള നിബന്ധനകൾ കർക്കശമാണ്. ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയിൽ പഠിക്കുമ്പോൾ ഇന്ത്യയിൽ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം 1800 മാത്രമാണ്. മൂന്നും നാലും വർഷം നീളുന്ന പ്രാഫഷണൽ കോഴ്‌സുകൾക്ക് പഠിക്കാനെത്തുന്ന ചൈനീസ് വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിലും നിയന്ത്രണം ഉണ്ട്. ആദ്യം മൂന്ന് മാസത്തേക്കുള്ള വിസയേ അവർക്ക് നൽകുന്നുള്ളൂ. പിന്നെ നീട്ടി നൽകുകയാണ് പതിവ്. ഇത് കാരണം വിദ്യാർത്ഥികൾക്ക് വിസയുടെ പിന്നാലെ ഓടേണ്ടി വരുന്നു. ചൈനീസ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ചൈനീസ് വിദ്യാർത്ഥികൾ വരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഒരു വിദ്യാഭ്യാസകേന്ദ്രത്തിലും ചൈനീസ് അദ്ധ്യാപകർ ഇല്ല. ചൈനീസ് ഭാഷയിൽ പരിശീലനം നേടിയ ഇന്ത്യക്കാർ തന്നെയാണ് പഠിപ്പിക്കുന്നത്. അതേസമയം ചൈനീസ് സർവകലാശാലകളിൽ ഹിന്ദി പഠിപ്പിക്കാനായി ഐ.സി.സി.ആറിന്റെ സഹകരണത്തോടെ ഹിന്ദി അദ്ധ്യാപകരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നുണ്ട്. ചൈനയിൽ ഹിന്ദി പഠിക്കാൻ വിദ്യാർത്ഥികൾക്ക് താത്‌പര്യം കൂടുതലാണ്. ബെയ്‌ജിംഗ് സർവകലാശാല ഉൾപ്പടെ 24 സർവകലാശാലകളിൽ ഹിന്ദി പഠനവിഷയമാണ്. ഇന്ത്യയുമായുള്ള വിദ്യാഭ്യാസ വിനിമയത്തിൽ മെഡിസിൻ ഒഴികെയുള്ള വിഷയങ്ങളിൽ കരാർ ഒപ്പിടാൻ ചൈന തയാറാണ്. ഇപ്പോൾ ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും മെഡിസിൻ വിദ്യാർത്ഥികളാണ്. ഏജന്റുമാരുടെ തട്ടിപ്പ് ഒഴിവാക്കാനാണ് മെഡിസിനിൽ കരാർ ഒപ്പിടാൻ വിസമ്മതിക്കുന്നത്.
കേരളത്തിൽ നിന്നുള്ള കലാവിനിമയത്തിനും തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇൻഡോ- ചൈന സൗഹൃദം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് ജിയാൻസിൻ വ്യക്തമാക്കി. അടുത്തിടെ പാക്കിസ്ഥാൻ ഇന്ത്യയിലെ പുൽവാമയിൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നില്ലല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
തിരുവനന്തപുരത്തെത്തിയ ജിയാൻസിൻ കേരളീയ ഭക്ഷണം വളരെ ആസ്വദിച്ചു. ചോപ് സ്‌റ്റിക് ഉപയോഗിക്കാതെ കൈകൊണ്ടാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. ഈ രീതി വളരെ ആകർഷകമാണെന്നും ഭക്ഷണം നന്നായി ആസ്വദിക്കാനായെന്നും ജിയാൻസിൻ പറഞ്ഞു. ചൈനീസ് എംബസിയിലെ സെക്രട്ടറി ലീ , ചൈനീസ് സൗഹൃദ സമിതി സെക്രട്ടറി ഗോപി ആചാരി , അഡ്വ. ലാലു ജോസഫ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.