statue-of-unity

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ പട്ടേൽ പ്രതിമ കാണാനെത്തുന്നവർക്ക് ഇന്ത്യൻ റെയിൽവെയുടെ ടൂർ പാക്കേജ്. തീർത്ഥാടന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന പാക്കേജാണ് റെയിൽവെ മുന്നോട്ടുവയ്‌ക്കുന്നത്. റെയിൽവെയുടെ ഭാരത് ദർശൻ ടൂർ പാക്കേജിന് കീഴിലായിരിക്കും പ്രതിമ സന്ദർശനം.

7560 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. തീർത്ഥാടന സ്ഥലങ്ങളായ ഉജ്ജയിനിലെ മഹാകലേശ്വർ ജ്യോതിർലിംഗ, ഇൻഡോറിലെ ഓംകരേശ്വർ ജ്യോതിർലിംഗ, ഷിർദി സായിബാബ ദർശൻ, നാസിക്കിലെ തൃംബകേശ്വർ, ഔറംഗബാദിലെ ഗിരിനേശ്വർ ജ്യോതിർലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു.

മാർച്ച് നാല് മുതലാണ് പാക്കേജ് ആരംഭിക്കുക. റെയിൽവെയുടെ കാറ്ററിംങ് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റായിരിക്കും പാക്കേജ് നടപ്പിലാക്കുക. പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്ത് അഞ്ച് മാസം കഴിയുമ്പോഴാണ് ടൂർ പാക്കേജുമായി റെയിൽവെ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാച്ചു ഒഫ് യൂണിറ്റി കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയതെന്നാണ് സർക്കാർ കണക്ക്. പട്ടേൽ പ്രതിമ കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരിയാണ്.