murder

ഒരു കൊലപാതകമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ ബാഹ്യഇടപെടലുകൾ ഇല്ലെങ്കിൽ പൊലീസിന് പ്രതികളെ പിടികൂടാൻ അധികം സമയം വേണ്ടി വരില്ല. എന്നാൽ, കഴിഞ്ഞ നാല്പത്തിയഞ്ച് വർഷമായി പൊലീസിനെ വെട്ടിച്ച് നടന്ന ഒരു കൊലയാളിയെ പൊലീസ് പിടികൂടിയിരിക്കുകയാണ്. ഇത്രയും കാലമായി തന്റെ കൊലയാളിയെ കാത്ത് കാലിഫോർണിയയിലെ പൊലീസ് സ്റ്റേ‌ഷന്റെ ചുവരിൽ അവളുടെ ചിത്രവും തൂങ്ങികിടന്നു.


1973ൽ കാലിഫോർണിയയിൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് ലിന്റ ഒഫീക്കി എന്ന പതിനൊന്ന് വയസുകാരി റോഡരികിൽ നിന്ന് അപ്രത്യക്ഷമായത്. ഒരു വാനിൽ എത്തിയ വ്യക്തിയുമായി ലിന്റ സംസാരിക്കുന്നത് ചിലർ കണ്ടിരുന്നെന്ന് ചിലർ മൊഴി നൽകിയിരുന്നു. പക്ഷേ ലിന്റയെ കണ്ടെത്താനായില്ല. തുടർന്ന് ലിന്റയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പിറ്റേദിവസം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ലിന്റയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഒരു തെളിവുകളും ലഭ്യമായിരുന്നില്ല. കഴിഞ്ഞ 45വർഷമായിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാൽ പൊലീസ് സ്റ്റേഷന്റെ ചുവരിൽ നിന്ന് ലിന്റയുടെ ചിരിക്കുന്ന നിഷ്കളങ്കമായ മുഖമുള്ള ചിത്രം പൊലീസ് നീക്കം ചെയ്തിരുന്നില്ല. അന്വേഷണം തുടർന്നു കൊണ്ടേയിരുന്നു.


ഒടുവിൽ കാലങ്ങളായി ഒളിച്ചു നടന്ന ആ കൊലയാളിയെ പൊലീസ് കണ്ടെത്തി. ജെയിംസ് നീൽ എന്ന 72കാരനെയാണ് പൊലീസ് പിടികൂടിയത്. ഒരാൾക്കും സംശയം ഉണ്ടാകാത്ത വിധമായിരുന്നു ജെയിംസിന്റെ ജീവിതം. ഒരു കൊപാതകം പോയിട്ട് ചെറിയ കുറ്റകൃത്യം ചെയ്യാൻ പോലും മനസ് ഇല്ലാത്ത വ്യക്തിയാണ് നീൽ എന്നായിരുന്നു അയാളെ അറിയാവുന്നവരുടെ പ്രതികരണം.

പൊലീസിന്റെ തന്ത്രപരമായ ഇടപെടലായിരുന്നു കൊലപാതകം കഴി‍ഞ്ഞ് ഇത്ര വർഷമായിട്ടും പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. തങ്ങളുടെ മുൻഗാമികളെ കുറിച്ച് അറിയാനായി അമേരിക്കയിൽ ചിലർ ഡി.എൻ.എ സാമ്പിൾ സമർപ്പിക്കാറുണ്ട്. അത്തരത്തിൽ സമർപ്പിച്ച ഡി.എൻ.എ സാമ്പിളായിരുന്നു നീലിനെ കുരുക്കിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസിൽ ലഭിച്ച തെളിവുകളിലെ ഡി.എൻ.എ സാമ്പിളുകളുമായി ഇത്തരം സാമ്പിളുകൾ ഒത്തു നോക്കിയപ്പോഴാണ് ലിന്റയുടെ കൊലയാളിയുടെ മുഖം വ്യക്തമായത്.

എന്നാൽ നീലിനെ പിടികൂടിയതിനെ കുറിച്ച് ഇയാളുടെ വീട്ടുകാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നാലെ കാലിഫോർണിയ വിട്ട നീൽ ഫ്ലോറിഡയിലേക്ക് താമസം മാറുകയും തന്റെ പേര് മാറ്റി സ്പിറ്റ്‌സർ എന്ന് മാറ്റുകയും ചെയ്തിരുന്നു. മകളുടെ ഘാതകരെ കണ്ടെത്താൻ കാത്തിരുന്ന ലിന്റയുടെ മാതാപിതാക്കൾക്ക് ചരിത്രപരമായ കണ്ടെത്തലിന് സാക്ഷികളാകാൻ സാധിച്ചില്ല. പകരം ലിന്റയുടെ സഹോദരിമാരെ പൊലീസ് വിവരം അറിയിക്കുകയും ചെയ്തിരുന്നു.