modi

ലക്‌നൗ: "പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന" പദ്ധതിയിൽ സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തിന് ശ്രമിച്ചാൽ കർഷകർ അത് തകർക്കും. കർഷകർക്ക് തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കർഷകരുടെ ശാപത്തിൽ തകരുമെന്നും മോദി കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങൾ എത്രയും വേഗം ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കിസാൻ സമ്മാൻ നിധി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൊരഖ്പുരിൽ നടന്ന ചടങ്ങിൽ കർഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ മാർഗത്തിലൂടെ പണം നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

നരേന്ദ്രമോദി പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന നടപ്പാക്കുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതിലാണ് വിമർശനം. കർഷകരോഷം അത്തരം രാഷ്ട്രീയത്തെ തകർക്കുമെന്നും മോദി പറ‍ഞ്ഞു. കിസാൻ സമ്മാൻനിധി പദ്ധതി രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കർഷകരുടെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്‌ക്ക് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 12 കോടിയിലേറെ വരുന്ന കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി. ആകെ 75,000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്.