കൊച്ചി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് തളർച്ചയുടെ കാറ്ര് വിട്ടൊഴിഞ്ഞോ? ലോകത്തെ ഏറ്രവും വേഗം വളരുന്ന വലിയ സാമ്പത്തിക ശക്തിയെന്ന പട്ടം ഇന്ത്യ നിലനിറുത്തമോ? ഈ ചോദ്യങ്ങൾക്കുള്ള മറുപടി വ്യാഴാഴ്‌ച കിട്ടും! നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാനിരക്ക് കേന്ദ്ര സ്‌റ്രാറ്രിസ്‌റ്രിക്‌സ് ഓഫീസ് (സി.എസ്.ഒ) 28ന് പുറത്തുവിടും.
പൊതുവേ ആഗോള സമ്പദ്‌രംഗത്തു നിന്ന് കിട്ടുന്നത് ശുഭവാർത്തയല്ല എന്ന ആശങ്ക ഇന്ത്യയ്‌ക്കുമുണ്ട്. സാമ്പത്തിക, രാഷ്‌ട്രീയ രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈന, കഴിഞ്ഞപാദത്തിൽ 28 വർഷത്തെ താഴ്‌ചയിലേക്കാണ് തളർന്നുവീണത്. ഒക്‌ടോബർ-ഡിസംബറിൽ ചൈനയുടെ ജി.ഡി.പി വളർച്ച 6.4 ശതമാനമാണ്. അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാരപ്പോരാണ് ചൈനയ്ക്ക് പ്രധാന തിരിച്ചടിയായത്. ഇതേ പ്രതിസന്ധി ഇന്ത്യയും നേരിടുന്നുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ (2018-19) ആദ്യത്രൈമാസമായ ഏപ്രിൽ-ജൂണിൽ 8.2 ശതമാനമെന്ന വിസ്‌മയ വളർച്ച ഇന്ത്യ നേടിയിരുന്നു. എന്നാൽ, ജൂലായ്-സെപ്‌തംബറിൽ വളർച്ച 7.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മാനുഫാക്‌ചറിംഗ്, കാർഷികം, ഖനനം, നിർമ്മാണ മേഖലകളുടെ തളർച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഈ മേഖലകളുടെ പ്രതിസന്ധി ഒക്‌ടോബർ-ഡിസംബറിലും പ്രകടമായിരുന്നു. അതിനാൽ, മൂന്നാംപാദത്തിൽ 6.9 ശതമാനത്തിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന വിലയിരുത്തൽ ശക്തമാണ്. കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക വിലയിരുത്തൽ 6.9 മുതൽ 7.1 ശതമാനം വരെയാണ്.
കേന്ദ്രസർക്കാരിന്റെ ധനക്കമ്മി, വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) മുന്തിയപങ്കും വഹിക്കുന്ന മുഖ്യ വ്യവസായ മേഖലയുടെ വളർച്ച എന്നീ കണക്കുകളും 28ന് പുറത്തുവരും. ഏപ്രിൽ-ഡിസംബറിൽ ധനക്കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷത്തെ ബഡ്‌ജറ്രിൽ വിലയിരുത്തിയതിന്റെ 112.4 ശതമാനമാണിത്. മുഖ്യ വ്യവസായ വളർച്ച ഡിസംബറിൽ 18-മാസത്തെ താഴ്‌ചയായ 2.4 ശതമാനത്തിലാണുള്ളത്. 2017 ഡിസംബറിലെ 7.3 ശതമാനത്തിൽ നിന്നാണ് ഈ വീഴ്‌ച. ഐ.ഐ.പിയിൽ 77 ശതമാനം പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് രംഗം 8.7 ശതമാനത്തിൽ നിന്ന് 2.7 ശതമാനത്തിലേക്ക് തളർന്നതാണ് വലിയ തിരിച്ചടിയായത്. ഡിസംബർ പാദത്തിൽ ജി.ഡി.പിയിലും വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് ഇതു നൽകുന്നത്.
6.9%
നടപ്പുവർഷം ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 6.9 ശതമാനമാണ്. മാനുഫാക്ചറിംഗ് മേഖലയുടെ തളർച്ചയാണ് ജി.ഡി.പി വളർച്ചയെ താഴേക്ക് നയിക്കുക.
ജി.ഡി.പി വളർച്ച
(2017-18)
ഏപ്രിൽ-ജൂൺ: 5.6%
ജൂലായ്-സെപ്‌തം: 6.3%
ഒക്‌ടോ-ഡിസം: 7.0%
ജനുവരി-മാർച്ച്: 7.7%
(2018-19)
ഏപ്രിൽ-ജൂൺ: 8.2%
ജൂലായ്-സെപ്‌തം: 7.1%
6.7%
കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) ഇന്ത്യ വളർന്നത് 6.7 ശതമാനം. 2016-17ൽ വളർച്ച 7.1 ശതമാനമായിരുന്നു. നടപ്പുവർഷം കേന്ദ്രം പ്രതീക്ഷിക്കുന്ന വളർച്ച 7.4 ശതമാനമാണ്.
മോദിക്ക് നിർണായകം
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ വന്നുനിൽക്കേ, വ്യാഴാഴ്‌ച പുറത്തുവരുന്ന ജി.ഡി.പി കണക്ക് നരേന്ദ്ര മോദി സർക്കാരിനും ബി.ജെ.പിക്കും നിർണായകമാണ്. കഴിഞ്ഞപാദത്തിൽ വളർച്ച മൂന്നു ത്രൈമാസത്തെ ഏറ്റവും മോശം നിരക്കിലേക്ക് വീണത് മോദിക്ക് തിരിച്ചടിയായിരുന്നു. ഡിസംബർ പാദത്തിൽ നേരിയതോതിലെങ്കിലും ജി.ഡി.പി മെച്ചപ്പെട്ടാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അത് മോദിക്ക് വലിയ നേട്ടമാകും. ജി.ഡി.പി തളർന്നാൽ, പ്രതിപക്ഷം അത് മോദിക്കും സർക്കാരിനുമെതിരെ വലിയ ആയുധവുമാക്കും.