ksrtc-driver

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ മരിച്ചു. പാലാ തിടനാട് സ്വദേശി സാജു മാത്യു (40) ആണ്‌ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് സാജു. ബസ് ഓ‌ടിക്കുന്നതിനിടെ കോട്ടയം ബസ് സ്റ്റാൻഡ് പിന്നിട്ടതിനുശേഷമാണ് ശാരീരകാസ്വാസ്ഥ്യമുണ്ടായത്.

തുടർന്ന് ബസ് റോഡരികിൽ നിറുത്തി. ശേഷം സാജു സ്റ്റിയറിംഗ് വീലിന് മുകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന നഴ്‌സും മറ്റുയാത്രക്കാരും അദ്ദേഹത്തിന് പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ഫലംകണ്ടില്ല. തുടർന്ന് സാജുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.