ആലത്തൂർ: ക്രമസമാധാന ചുമതലയിൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ സർക്കിൾ ഇൻസ്‌പെക്ടറായി ചരിത്രം രചിച്ച കെ.എ.എലിസബത്ത് ആലത്തൂരിനോട് യാത്രപറയുന്നു. ആലത്തൂരിലെ ആദ്യത്തെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന എലിസബത്ത് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറി പോകുന്നത്.
വയനാട് മാനന്തവാടി സ്വദേശിയായ എലിസബത്ത് പി.എസ്.സി പരീക്ഷയിലൂടെയാണ് വനിതാ എസ്.ഐയായത്. ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് പാലക്കാട് ജില്ലാ ആസ്ഥാനത്തെ വനിതാ സെൽ സി.ഐ ആയി സേവനമനുഷ്ഠിച്ചിരുന്നു. 1991ൽ വനിതാ സിവിൽ പൊലീസ് ഓഫീസർ ബാച്ചിലൂടെ സർവീസിൽ കയറി. 1998 ൽ ഹെഡ് കോൺസ്റ്റബിളായി. 2003 ൽ സബ് ഇൻസ്‌പെക്ടറും. നെടുമ്പാശ്ശേരി എയർപോർട്ട്, കേരള പൊലീസ് അക്കാഡമി, തൃശൂർ റൂറൽ സിറ്റി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 2008 ഡിസംബറിൽ സി.ഐയായി. തുടർന്ന് പാലക്കാട് വനിതാ സെൽ സി.ഐ ആയി. 2016 മുതൽ ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടറുടെ ചുമതല വഹിച്ചു വരികയാണ്.
ഇതിനിടയിൽ നിരവധി കേസുകൾ ഇവരുടെ നേതൃത്വത്തിൽ തെളിയിക്കപ്പെട്ടു. നവജാത ശിശുവിനെ തമിഴ്നാട്ടിലേക്ക് വിറ്റ സംഭവം, പെൺകുട്ടിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ സംഭവം, ഓണപരിപാടിക്കിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം, മൊബൈൽ കടയിലെ മോഷണം, കാവശ്ശേരിയിലെ പൂട്ടിയിട്ട വീടുകളിലെ കവർച്ച, സ്വർണ വ്യാപാരിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഭവം എന്നിവയെല്ലാം ഇവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. റിട്ട. സബ് ഇൻസ്‌പെക്ടർ കൂടിയായ എം.എ.നജീബാണ് ഭർത്താവ്. സിംഗപ്പൂരിൽ മെട്രോ എൻജിനീയറായ അഷ്ന, കാനഡയിൽ കമ്പ്യൂട്ടർ എൻജിനീയറിംഗിന് പഠിക്കുന്ന അലീഷ എന്നിവരാണ് മക്കൾ.