തിരുവനന്തപുരം: കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്ന കേന്ദ്ര സർക്കാരിന്റെ "കിസാൻ സമ്മാൻ നിധി" പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി കൃഷിമന്ത്രി വി.എസ് സുനിൽകുമാറും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും തമ്മിൽ വാക് തർക്കം. ഇതിനെതിരെ ബി.ജെ.പിയുടെ നടപടി രാഷ്ട്രീയ അൽപ്പത്തമാണെന്ന് വി.എസ് സുനിൽ കുമാർ ആരോപിച്ചിരുന്നു. എന്നാൽ, പദ്ധതി ഉദ്ഘാടനം നടന്നത് ഗൊരഖ്പൂരിലാണ്, വേണമെങ്കിൽ കൃഷിമന്ത്രി ഗൊരഖ്പൂരിൽ പോകട്ടെ എന്നാണ് മന്ത്രി കണ്ണന്താനം പ്രതികരിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി കോട്ടയത്ത് നിർവ്വഹിച്ചപ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധികളെ വിളിക്കാതെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കഴക്കൂട്ടത്താണ് സമാന്തര ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെയാണ് ബി.ജെ.പിയുടെ നടപടി രാഷ്ട്രീയ അൽപ്പത്തമാണെന്ന് വി.എസ് സുനിൽ കുമാർ ആരോപിച്ചത്.
കേരളത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നെങ്കിൽ അത് സർക്കാരിനെ അറിയിക്കണ്ടേ? ഇത് രാഷ്ട്രീയമായ പക്വതയില്ലായ്മയും ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന തരം അൽപത്തരമാണ്. കഴക്കൂട്ടത്തെ പരിപാടിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധികളെ വിളിച്ചിരുന്നില്ലെന്ന് കൃഷിമന്ത്രിയും സ്ഥലം എം.എൽ.എയും കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും വിമർശിച്ചു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ബി.ജെ.പി നേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ, പദ്ധതി ഉദ്ഘാടനം നടന്നത് ഗൊരഖ്പൂരിലാണ്, വേണമെങ്കിൽ കൃഷിമന്ത്രിയും കടകംപള്ളി സുരേന്ദ്രനും ഗൊരഖ്പൂരിൽ പോകട്ടെ എന്നാണ് മന്ത്രി കണ്ണന്താനം പ്രതികരിച്ചത്. താനും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് ലൈവായി ഒരുമിച്ച് വീക്ഷിക്കുകയായിരുന്നെന്നും കണ്ണന്താനം വ്യക്തമാക്കി.