ടെക്നോളജിയുടെ അനന്ത സാദ്ധ്യതകൾ ദിവസവും പുതിയ വാതിലുകൾ തുറന്നിടുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് വിവിധ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തുകയാണ് എല്ലാ രാജ്യങ്ങളും. സി.ആർ.ഐ.എസ്.പി.ആർ ശസ്ത്രക്രിയയിൽ റോബോട്ടിനെ വച്ച് പരീക്ഷണം നടത്തിയതിന് പിന്നാലെ ഒരു ന്യൂറോ സർജനെ കൂടി ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ചൈന.
റെമെബോട്ട് എന്ന റോബോട്ടാണ് ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്കൊപ്പം ഉണ്ടായിരുന്നത്. തലച്ചോറിൽ റെമെബോട്ട് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. നേരത്തേ നടത്തിയ സെറിബ്രൽ ഹെമറ്റോമയുടെ ശസ്ത്രക്രിയയിലാണ് റെമെബോട്ട് സർജനെ സഹായിച്ചതും. തലച്ചോറിലുണ്ടായിരുന്ന രക്ത കട്ട വളരെ സൂക്ഷമതയോടെയും ശ്രദ്ധയോടെയും നീക്കം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ഏകദേശം മുപ്പത് മിനിറ്റുകൾ മാത്രമാണ് എടുത്തത്.
ഇതിന് മുൻപും ചൈന മറ്റൊരു റോബോട്ടിന്റെ സഹായത്തോടെ ജീവിയുടെ കരൾ മാറ്റ പരീക്ഷണ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ പരീക്ഷണങ്ങളിൽ അവസാനിപ്പിക്കാൻ ചൈന ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം. 5ജി നെറ്റ്‌വർക്കിന്റെ സഹായത്താൽ 30മൈലുകൾക്ക് അകലെയിരുന്ന് റോബോട്ടിനെ നിയന്ത്രിച്ച് ശസ്ത്രക്രിയ നടത്തിയതും വിജയമായിരുന്നു. റെമെബോട്ടിനെ പോലെയുള്ള റോബോട്ടുകളുടെ സഹായത്തിൽ ഡോക്ടർമാർ ദൂരെയിരുന്നും ശസ്ത്രക്രിയകൾ ശ്രദ്ധയോടെ നടത്തുന്നത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് ചൈന.