പുത്തൻ തലമുറയുടെ ഇഷ്‌ടങ്ങളും പ്രതീക്ഷകളുമെല്ലാം വ്യത്യസ്‌തമാണ്. ഇതുവരെ കണ്ടതൊന്നുമല്ല അവർക്ക് വേണ്ടത്. വർത്തമാന കാലത്തിലിരുന്ന് ഭാവിയിലൂടെയാണ് അവരുടെ സഞ്ചാരം. ഇത്തരത്തിൽ, കാലത്തിന് മുന്നേ സഞ്ചാരിക്കുന്നവർക്കായി, അത്യാധുനിക സൗകര്യങ്ങളോടെ, സൗന്ദര്യത്തിന്റെ പുത്തൻ നിർവചനങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയ സബ് -കോംപാക്‌റ്ര് എസ്.യു.വിയാണ് എക്‌സ്.യു.വി 300.
പുതിയ തലമുറയുടെ ടേസ്‌റ്ര് പ്രകാരമുള്ള എല്ലാ ചേരുവകളും കാണാമെന്നതാണ് എക്‌സ്.യു.വി 300യുടെ പ്രധാന സവിശേഷത. എസ്.യു.വി പ്രിയർക്കായി ആഗോള പ്രണയദിനത്തിലാണ് മഹീന്ദ്ര എക്‌സ്.യു.വി 300 വിപണിയിലെത്തിയത്. 'ശ്രേണിയിൽ ആദ്യം" എന്ന വിശേഷണത്തോടെ ഒട്ടേറെ പുത്തൻ ഫീച്ചറുകളും ഉപഭോക്താവിനായി എക്‌സ്.യു.വി 300 കാത്തുവച്ചിട്ടുണ്ട്. ഫ്രണ്ട് പാർക്കിംഗ് സെൻസെർ, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ, ഹീറ്റഡ് ഔട്ട്‌സൈഡ് റിയർവ്യൂ മിറർ, മൂന്ന് (കംഫർട്ട്, നോർമൽ, സ്‌പോർട്) മോഡുകളോട് കൂടിയ സ്‌മാർട് സ്‌റ്രിയറിംഗ് സംവിധാനം, 2600 എം.എം വീൽബെയ്‌സ്, 1821 എം.എം വീതി, ഏഴ് എയർബാഗുകൾ, ഉയർന്ന ടോർക്ക് എന്നിവയാണവ.
115 ബി.എച്ച്.പി കരുത്തും 300 എൻ.എം. ടോർക്കും ഉത്‌പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിനും 110 ബി.എച്ച്.പി കരുത്തുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനുമാണ് വാഹനത്തിനുള്ളത്. പെട്രോൾ എൻജിന്റെ ടോർക്ക് 200 എൻ.എം ആണ്. 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനാണ് ഗിയർ സംവിധാനം. ഓട്ടോമാറ്രിക് വേർഷനില്ല എന്നതാണ് പോരായ്‌മ. വൈകാതെ ഓട്ടോമാറ്രിക് വേരിയന്റും എത്തുമെന്ന് പ്രതീക്ഷിക്കാം. ഡബ്ല്യു 4, ഡബ്ല്യു 6. ഡബ്ല്യു 8 ശ്രേണികളിലായി ഇരു എൻജിൻ വിഭാഗത്തിലും നാലുവീതം എട്ട് വേരിയന്റുകളാണുള്ളത്. ചുവപ്പ്, ഓറഞ്ച്, വെള്ള, കറുപ്പ്, സിൽവർ, പച്ച എന്നിവയുൾപ്പെടുന്ന എട്ട് നിറഭേദങ്ങളാണ് അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന എക്‌സ്.യു.വി 300നുള്ളത്. 42 ലിറ്രറാണ് ഇന്ധനടാങ്ക് ശേഷി.
മഹീന്ദ്രയുടെ ഉപസ്ഥാപനമായ കൊറിയൻ കമ്പനി സാംഗ്യോംഗിന്റെ ടിവോലിയുടെ പ്ളാറ്ര്‌ഫോമിലാണ് എക്‌സ്.യു.വി 300യുടെ നിർമ്മാണം. ചീറ്റപ്പുലിയുടെ മുഖഭാവത്തെ അനുസ്‌മരിപ്പിക്കുന്ന, ഡിസൈൻ ഭാഷയും കാണാം. പൗരുഷഭാഷ്യമുള്ള ഫ്രണ്ട് ഗ്രിൽ, പ്രൊജക്‌ടർ ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പിന്നിലേക്ക് ഒഴുകി വീഴുന്ന പോലെയുള്ള റൂഫ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ കാഴ്‌ചക്കാരന്റെ മനസിൽ പതിയും. പിന്നിലും എൽ.ഇ.ഡി ടെയ്‌ൽ ലൈറ്റുകൾ ഇടംപിടിച്ചിരിക്കുന്നു. ഫോഗ്‌ലാമ്പുകൾക്കും പിന്നിൽ ഇടമുണ്ട്.
ശ്രേണിയിലെ ഏറ്റവും ഉയർന്ന വീൽബെയ്‌സുള്ള വാഹനമാണിത്. അതുകൊണ്ടുതന്നെ, വിശാലമാണ് അകത്തളം. മികച്ച ലെഗ്, ഹെഡ് റൂമുകളുണ്ട്. മൂന്ന് മുതിർന്ന യാത്രികർക്ക് പിൻനിര സീറ്രിൽ സുഖയാത്ര തന്നെ ചെയ്യാം. നല്ല ഒതുക്കത്തോടെയാണ് കാബിന്റെ സജ്ജീകരണം. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഇലക്‌ട്രിക് സൺറൂഫ്, മികച്ച ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, ലെതറിൽ പൊതിഞ്ഞ സീറ്റുകളും സ്‌റ്രിയറിംഗും എന്നിവ ആഡംബര ടച്ച് ഉറപ്പാക്കുന്നു.
സുരക്ഷയ്‌ക്കായി ഏഴ് എയർബാഗുകൾക്കൊപ്പം സ്‌റ്രാൻഡേർഡായി ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഇലക്‌ട്രോണിക് സ്‌റ്രെബിലിറ്രി പ്രോഗ്രാം തുടങ്ങിയവയുമുണ്ട്. റിയർ പാർക്കിംഗ് കാമറ, സ്‌റ്രിയറിംഗിൽ ഫോൺ, ഓഡിയോ, ക്രൂസ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്ര് എന്നിങ്ങനെയും എക്‌സ്.യു.വി 300യ്ക്ക് മികവുകൾ ധാരാളം. 7.9 ലക്ഷം രൂപ മുതൽ 12.14 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.