ലക്‌നൗ:കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി അക്കൗണ്ടിൽ നേരിട്ടു നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് തുടക്കമായി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കോടിയോളം കർഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ മാർഗത്തിലൂടെ ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ കഠിനാദ്ധ്വാനികളായ കോടിക്കണക്കിന് കർഷകരുടെ ആഗ്രഹങ്ങൾക്ക് ചിറകു മുളപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നും ഇത് ചരിത്രദിനമാണെന്നും മോദി പറഞ്ഞു.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24ന് തുടക്കം കുറിക്കുന്നത് തങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് എൻ.ഡി.എ സർക്കാരിന്റെ കടമയാണെന്നും മോദി പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സോളാർ പാനൽ വിതരണം ചെയ്യുന്ന കിസാൻ ഊർജസുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സഹകരിക്കാത്ത സംസ്ഥാനങ്ങൾക്ക് വിമർശനം
പദ്ധതിക്ക് അർഹരായവരുടെ പട്ടിക നൽകാത്ത സംസ്ഥാനങ്ങളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ പാർട്ടികൾ കർഷകരുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും അങ്ങനെയുള്ളവരെ കർഷകരുടെ ശാപം വേട്ടയാടുമെന്നും മോദി പറഞ്ഞു. മുൻ സർക്കാരുകൾ കൂടുതൽ പറയുകയും പദ്ധതികൾ കടലാസിൽ ഒതുക്കുകയും ചെയ്തവരാണ്. അവരുടെ താത്പര്യങ്ങൾ കർഷകരെ ശാക്തീകരിക്കുകയായിരുന്നില്ല.
മുൻ സർക്കാരുകളോട് ചെറിയ ആനുകൂല്യങ്ങൾക്കായി പോലും കർഷകർക്ക് യാചിക്കേണ്ടി വന്നു. കർഷകർക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. ഈ സർക്കാർ അവർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ 12 കോടിയിലേറെ കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നു ഗഡുക്കളായി ആറായിരം രൂപയുടെ സഹായം നൽകുന്നതാണ് കിസാൻ സമ്മാൻനിധി. ആകെ 75,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.