arunachal-pradesh-
ARUNACHAL PRADESH

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന സ്വദേശികളല്ലാത്ത ആറ് സമുദായങ്ങളെ സ്ഥിരതാമസക്കാരാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. പ്രക്ഷോഭകർ ഉപമുഖ്യമന്ത്രി ചോവ്ന മേയിന്റെ സ്വകാര്യ വസതിക്ക് തീയിട്ടു. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തിക്കുകയും ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ സ്വകാര്യ വസതിക്കു മുന്നിൽ പ്രക്ഷോഭകർ തടിച്ചുകൂടുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷാ സേന ഇടപെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികളുടെ നേർക്കുണ്ടായ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായത്.

സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറി.

24 പൊലീസുകാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനപാതകളിൽ ഗതാഗതം തടസപ്പെടുത്തി. നൂറോളം വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഇറ്റാനഗർ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയും തകർത്തിരുന്നു. തലസ്ഥാനമായ ഇറ്റാനഗറിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രമസമാധാന പാലനത്തിനായി ആറ് കമ്പനി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

അരുണാചൽ പ്രദേശ് സ്വദേശികളല്ലാത്തവരും പതിറ്റാണ്ടുകളായി സംസ്ഥാനത്ത് താമസിക്കുന്നവരുമായ ആറ് സമുദായങ്ങളെ സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള സംയുക്ത ഉന്നതാധികാര സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. തങ്ങളുടെ അവകാശങ്ങൾക്കും താത്പര്യങ്ങൾക്കും ഹാനികരമാകുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ സമുദായ സംഘടനകളും വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഇന്റർനെറ്റ് സേവനങ്ങളെല്ലാം ഇവിടെ വിച്ഛേദിച്ചിരിക്കുകയാണ്. മാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ, കടകൾ തുടങ്ങിയവയെല്ലാം അടച്ചിട്ടു. എ.ടി.എം സേവനങ്ങളും നിലച്ചിരിക്കുകയാണ്.